“ഗില്ലിനെ രണ്ടാം മത്സരത്തിൽ കളിപ്പിക്കരുത്. ജൂറൽ തന്നെ തുടരണം.”, കാരണം വ്യക്തമാക്കി ഹർഭജൻ.

ഇന്ത്യയുടെ ഓസ്ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ പരിക്ക് മൂലം സൂപ്പർ താരം ശുഭ്മാൻ ഗിൽ കളിച്ചിരുന്നില്ല. എന്നാൽ രണ്ടാം ടെസ്റ്റ് മത്സരത്തിന് മുന്നോടിയായി ഗില്‍ ടീമിലേക്ക് തിരിച്ചെത്തുമെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ഇന്ത്യയുടെ പ്രൈം മിനിസ്റ്റേഴ്സ് ഇലവനെതിരായ പരിശീലന മത്സരത്തിൽ ഗിൽ മൈതാനത്തെത്തുകയും മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തിരുന്നു.

എന്നാൽ ഗിൽ ടീമിലേക്ക് തിരികെയെത്തിയാൽ ഇന്ത്യയുടെ ബാറ്റിംഗ് ലൈനപ്പ് ആകെ തകിടം മറിയുമെന്നതും ഉറപ്പാണ്. എന്നാൽ ഇന്ത്യ രണ്ടാം ടെസ്റ്റ് മത്സരത്തിൽ ഗില്ലിന് കളിപ്പിക്കേണ്ടതില്ല എന്ന് അഭിപ്രായവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ഹർഭജൻ സിംഗ്.

ഗില്‍ അല്പസമയം കാത്തിരിക്കണമെന്നും, ടീം മാനേജ്മെന്റ് ഇപ്പോൾ ധ്രുവ് ജൂറലിനെ നിലനിർത്തി മുൻപോട്ടു പോകണം എന്നുമാണ് ഹർഭജൻ പറയുന്നത്. നിലവിൽ രണ്ടാം ടെസ്റ്റ് മത്സരത്തിന് മുന്നോടിയായി സെലക്ഷൻ തലവേദനകൾ ഇന്ത്യയ്ക്ക് വർദ്ധിക്കുകയാണ്. രോഹിത് ശർമ രണ്ടാം ടെസ്റ്റ് മത്സരത്തിലൂടെ ഇന്ത്യൻ ടീമിലേക്ക് തിരികെയെത്തും. ഇതോടുകൂടി രാഹുലിന് ഓപ്പണർ സ്ഥാനം നഷ്ടപ്പെടാനും രോഹിത് ആ സ്ഥാനത്തേക്ക് എത്താനും സാധ്യതയുണ്ട്.

രോഹിത് ശർമ പ്ലേയിങ് ഇലവനിലേക്ക് എത്തിയാൽ ഒരു കാരണവശാലും മൂന്നാം നമ്പറിന് താഴെ കളിക്കാൻ തയ്യാറാവില്ല എന്ന് ഹർഭജൻ സിംഗ് പറയുന്നു. ഈ സാഹചര്യത്തിൽ ഇന്ത്യ വ്യത്യസ്തമായ നിലപാടുകൾ സ്വീകരിക്കേണ്ടതുണ്ട് എന്നാണ് ഹർഭജന്റെ പക്ഷം.

“രണ്ടാം ടെസ്റ്റ് മത്സരത്തിലും ഇന്ത്യക്കായി കെഎൽ രാഹുലും ജയസ്വാളും ഓപ്പണിങ് ഇറങ്ങണം എന്നതാണ് എന്റെ അഭിപ്രായം. മാത്രമല്ല ഗില്‍ അല്പം കാത്തിരിക്കേണ്ടതുണ്ട്. നിലവിൽ ഗിൽ തന്റെ മൂന്നാം നമ്പർ സ്ഥാനം ഇന്ത്യൻ നായകൻ രോഹിത് ശർമയ്ക്ക് നൽകാൻ തയ്യാറാവണം. ശേഷം വിരാട് കോഹ്ലി നാലാം നമ്പറിൽ മൈതാനത്ത് എത്തണം. ഇത്തരത്തിൽ ബാറ്റിംഗ് ലൈനപ്പ് ക്രമീകരിക്കുകയാണെങ്കിൽ ഇന്ത്യയ്ക്ക് കാര്യങ്ങൾ വളരെ എളുപ്പമായി മാറും.”- ഹർഭജൻ സിംഗ് പറയുകയുണ്ടായി.

“ഗിൽ പരമ്പരയിൽ കളിക്കാനുള്ള അവസരത്തിനായി ഇനിയും കാത്തിരിക്കണം എന്നാണ് എനിക്ക് തോന്നുന്നത്. കാരണം ജൂറലിനെ ഇന്ത്യ ആദ്യ മത്സരത്തിൽ കളിപ്പിക്കുകയുണ്ടായി. പക്ഷേ വേണ്ട രീതിയിൽ റൺസ് കണ്ടെത്താൻ അവന് സാധിച്ചില്ല. എന്നാൽ ഗില്ലിന്റെ കാര്യം മറ്റൊന്നാണ്. ഒരിക്കലും ഗില്ലിനെ ഓപ്പണിങ് മുതൽ അഞ്ചാം നമ്പർ വരെയുള്ള സ്ഥാനങ്ങളിൽ ഇറക്കാൻ ഇന്ത്യയ്ക്ക് സാധിക്കില്ല. അതുകൊണ്ടു തന്നെ ഇപ്പോൾ ഗില്ലിനെ ടീമിൽ ഉൾപ്പെടുത്തിയാൽ ഇന്ത്യക്ക് സാഹചര്യം കൂടുതൽ പ്രയാസകരമായി മാറും. ഇന്ത്യൻ ടീം ജൂറലിന് മുകളിൽ ഗില്ലിനെ കളിപ്പിക്കും എന്നാണ് എനിക്ക് തോന്നുന്നത്. പക്ഷേ എന്റെ അഭിപ്രായത്തിൽ ജൂറലിന് ഒരു അവസരം കൂടി നൽകേണ്ടതുണ്ട്.”- ഹർഭജൻ കൂട്ടിച്ചേർക്കുന്നു.

Previous articleSMAT : പടിക്കൽ കലമുടച്ച് കേരളം.. ആന്ധ്രയ്ക്കെതിരെ കൂറ്റൻ തോൽവി.. ബാറ്റിംഗിൽ സഞ്ചുവിനും പരാജയം
Next article“എന്റെ പേരക്കുട്ടികളോട് ഞാൻ പറയും, ആ ഇന്ത്യൻ ബോളറെ നേരിട്ടിട്ടുണ്ടെന്ന് “. ട്രാവിസ് ഹെഡ്