മൂന്നാം നമ്പറിൽ വേണ്ട, കോഹ്ലി ഓപ്പണിങ് തന്നെ ഇറങ്ങിയാൽ മതി. കാരണം പറഞ്ഞ് വസീം ജാഫർ.

vk 2024

2024 ട്വന്റി20 ലോകകപ്പിൽ ഇതുവരെ മികവ് പുലർത്താൻ സാധിക്കാതിരുന്ന താരമാണ് ഇന്ത്യൻ ബാറ്റർ വീരാട് കോഹ്ലി. ഇന്ത്യൻ പ്രീമിയർ ലീഗിൽ ഓപ്പണറായി മിന്നുന്ന പ്രകടനമായിരുന്നു ബാംഗ്ലൂരിനായി കോഹ്ലി കാഴ്ചവച്ചത്. എന്നാൽ ലോകകപ്പിലെ ആദ്യ റൗണ്ടിൽ യാതൊരുവിധ പ്രകടനങ്ങളും പുറത്തെടുക്കാൻ കോഹ്ലിയ്ക്ക് സാധിച്ചില്ല.

ഇതിനു ശേഷം കോഹ്ലിയെ മൂന്നാം നമ്പറിലേക്ക് മാറ്റണം എന്ന രീതിയിൽ വലിയ അഭിപ്രായങ്ങളും പുറത്തുവന്നിരുന്നു. പക്ഷേ ഇതിനെ എതിർത്താണ് മുൻ ഇന്ത്യൻ താരം വസീം ജാഫർ പ്രതികരിച്ചത്. മൂന്നാം നമ്പറിലേക്ക് കോഹ്ലിയെ മാറ്റരുത് എന്ന് വസീം ജാഫർ പറയുന്നു. ഇങ്ങനെ മാറ്റുകയാണെങ്കിൽ ഇന്ത്യയുടെ ബാറ്റിംഗ് ഓർഡർ പൂർണ്ണമായും ഇല്ലാതാവും എന്നാണ് ജാഫർ കരുതുന്നത്.

ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യക്കായി 3 മത്സരങ്ങൾ കോഹ്ലി ബാറ്റ് ചെയ്യാനിറങ്ങി. എന്നാൽ 3 മത്സരങ്ങളിലും കോഹ്ലിയ്ക്ക് രണ്ടക്കം കാണാൻ സാധിച്ചില്ല. ശേഷമായിരുന്നു കോഹ്ലിയെ മൂന്നാം നമ്പറിലേക്ക് കൊണ്ടുവരണം എന്ന രീതിയിൽ അഭിപ്രായങ്ങൾ ഉയർന്നത്. എന്നാൽ ഇതിനെ പൂർണമായും എതിർക്കുകയാണ് വസീം ജാഫർ.

“തുടർന്നുള്ള മത്സരങ്ങളിൽ ഇന്ത്യ രോഹിത്- കോഹ്ലി ഓപ്പണിങ് ജോഡിയിൽ തന്നെ ഉറച്ചു നിൽക്കേണ്ടതുണ്ട്. എന്നെ സംബന്ധിച്ച് ഇവരെ ഓപ്പണിങ്ങിൽ നിന്ന് മാറ്റുന്നത് ശരിയായി തോന്നുന്നില്ല. ഒരുപക്ഷേ കോഹ്ലിയെ മൂന്നാം നമ്പറിലേക്ക് മാറ്റി ജയസ്വാളിനെ ഓപ്പണറായി കളിപ്പിക്കുന്നതിനെ പറ്റിയാവും ഇന്ത്യ ചിന്തിക്കുന്നത്. പക്ഷേ അങ്ങനെയെങ്കിൽ കോഹ്ലി മൂന്നാം നമ്പറിൽ എത്തിയാൽ റിഷഭ് പന്തിന്റെ കാര്യം കൂടുതൽ കഷ്ടമാവും. കാരണം കഴിഞ്ഞ മത്സരങ്ങളിലൊക്കെയും മൂന്നാം നമ്പറിൽ മികവ് പുലർത്താൻ പന്തിന് സാധിച്ചിരുന്നു.”- ജാഫർ പറഞ്ഞു.

Read Also -  "കോഹ്ലിയുമായുള്ള മൈതാനത്തെ പോരാട്ടങ്ങൾ ഞാൻ ആസ്വദിക്കാറുണ്ട് , കാരണം."- സ്റ്റാർക്ക് പറയുന്നു.

“എന്നാൽ മൂന്നാം നമ്പരിൽ കോഹ്ലി ബാറ്റിംഗ് ക്രീസിലെത്തിയാൽ പന്തിനെ താഴേക്ക് വരേണ്ടിവരും. ഒരുപക്ഷേ നാലാം നമ്പറിൽ പന്ത് എത്തിയാൽ സൂര്യകുമാർ യാദവ് എന്ത് ചെയ്യും എന്നത് ചോദ്യമാണ്. ഇങ്ങനെയുള്ള സാഹചര്യത്തിൽ ഇന്ത്യ തങ്ങളുടെ ബാറ്റിംഗ് ഓർഡറിൽ പൂർണമായും അഴിച്ചുപണി നടത്തേണ്ടി വരും. ഇക്കാരണത്താൽ തന്നെ ഇന്ത്യ ഇപ്പോഴുള്ള ഓപ്പണിങ് കോമ്പിനേഷനുകളിൽ തന്നെ ഉറച്ചു നിൽക്കുന്നതാണ് ഉത്തമം. അതാണ് എന്റെ അഭിപ്രായം.”- വസീം ജാഫർ പറയുന്നു.

ഇതോടൊപ്പം കോഹ്ലിയുടെയും രോഹിത്തിന്റെയും മറ്റു പ്രത്യേകതയെപ്പറ്റിയും ജാഫർ സംസാരിക്കുകയുണ്ടായി. പവർപ്ലേ ഓവറുകളിൽ എതിർ ടീമിന്റെ ബോളിംഗ് നിരയ്ക്ക് മേൽ പൂർണ്ണമായി ആക്രമണം അഴിച്ചുവിടാൻ കോഹ്ലിയ്ക്കും രോഹിത്തിനും സാധിക്കണമെന്നാണ് ജാഫർ പറയുന്നത്.

“മൂന്നാം നമ്പരിൽ പന്ത് നന്നായി കളിക്കുന്നുണ്ട്. സൂര്യകുമാർ യാദവും നാലാം നമ്പറിൽ തന്നെ കളിക്കണം. അതിനാൽ കോഹ്ലിയും രോഹിത്തും ഓപ്പൺ ചെയ്യുന്നതാണ് ഇന്ത്യക്ക് മുൻപിലുള്ള ഒരേയൊരു നല്ല ഓപ്ഷൻ. പക്ഷേ പവർപ്ലെയിൽ കൂടുതൽ ആക്രമണ മനോഭാവം ഇന്ത്യ സ്വീകരിക്കാൻ തയ്യാറാവണം. അതിവേഗം റൺസ് കണ്ടെത്താൻ കോഹ്ലിയും രോഹിത് ശർമയും ശ്രമിക്കണം.”

“ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ ഓസ്ട്രേലിയൻ ടീം ഇത്തരത്തിൽ ആക്രമിക്കുന്നത് നമ്മൾ കണ്ടു. മത്സരത്തിൽ പവർപ്ലെയിൽ തന്നെ 74 റൺസ് സ്വന്തമാക്കാൻ ഓസ്ട്രേലിയക്ക് സാധിച്ചിരുന്നു. ആ രീതിയിലുള്ള മനോഭാവമാണ് ഇന്ത്യ പുലർത്തേണ്ടത്.”- ജാഫർ കൂട്ടിച്ചേർക്കുന്നു.

Scroll to Top