ഇനിയും പരീക്ഷണം വേണ്ട, കോഹ്ലിയെ മൂന്നാം നമ്പറിൽ ഇറക്കൂ. മുൻ ഇന്ത്യൻ താരത്തിന്റെ അഭ്യർത്ഥന.

മികച്ച ഒരു ഐപിഎൽ സീസണ് ശേഷമായിരുന്നു വിരാട് കോഹ്ലി 2024 ട്വന്റി20 ലോകകപ്പിലേക്ക് എത്തിയത്. എന്നാൽ ലോകകപ്പിന്റെ ആദ്യ മത്സരങ്ങളിൽ പൂർണമായും പരാജയപ്പെടുന്ന കോഹ്ലിയെയാണ് കാണാൻ സാധിച്ചത്. ഇന്ത്യക്കായി ആദ്യ മത്സരങ്ങളിൽ ഓപ്പണിങ് ഇറങ്ങിയ കോഹ്ലിയ്ക്ക് തന്റെ ഫോമിലേക്ക് ഇതുവരെ മടങ്ങിയെത്താൻ സാധിച്ചിട്ടില്ല.

ഇതിന് പിന്നാലെ കോഹ്ലിയുടെ ബാറ്റിംഗ് പൊസിഷനെ സംബന്ധിച്ചും വളരെ വലിയ വിമർശനങ്ങൾ ഉയർന്നിട്ടുണ്ട്. ഇപ്പോൾ കോഹ്ലിയുടെ ടീമിലെ ബാറ്റിംഗ് പൊസിഷനിൽ മാറ്റം വരുത്തണമെന്ന നിർദ്ദേശവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്. വിരാട് കോഹ്ലി ഇന്ത്യക്കായി വരും മത്സരങ്ങളിൽ മൂന്നാം നമ്പറിൽ കളിക്കണം എന്നാണ് കൈഫ്‌ പറയുന്നത്.

ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോയിലാണ് കൈഫ് ഇക്കാര്യം വ്യക്തമാക്കിയത്. “വിരാട് കോഹ്ലി മൂന്നാം നമ്പറിൽ ബാറ്റ് ചെയ്യണമെന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഇന്ത്യൻ പ്രീമിയർ ലീഗിലേതുപോലെ ഫ്ലാറ്റ് പിച്ചല്ല ഇവിടെയുള്ളത്. അതുകൊണ്ട് ബാറ്റിംഗ് അനായാസ കാര്യമല്ല. അങ്ങനെയുള്ളപ്പോൾ വിരാട് കോഹ്ലി ഓപ്പണിങ് ഇറങ്ങാൻ പാടില്ല.”

“സാധാരണയായി ആക്രമണ മനോഭാവത്തിൽ അവിശ്വസനീയ ബാറ്റിംഗ് പ്രകടനം പുറത്തെടുക്കുന്ന താരമാണ് വിരാട് കോഹ്ലി. പക്ഷേ ഇവിടെ അത്തരത്തിൽ ആക്രമണ മനോഭാവമല്ല വിരാട് കോഹ്ലി പുലർത്തേണ്ടത്. തന്റെ വിക്കറ്റ് സംരക്ഷിച്ചുകൊണ്ട് കളിക്കാൻ കോഹ്ലി തയ്യാറാവണം.”- കൈഫ് പറയുന്നു.

“മൂന്നാം നമ്പറിൽ കോഹ്ലിയ്ക്ക് തന്റെ സ്വാഭാവികമായ മത്സരം പുറത്തെടുക്കാൻ സാധിക്കും. ക്രീസിലുറച്ച് മത്സരം നിരീക്ഷിക്കാനുള്ള അവസരവും കോഹ്ലിയ്ക്ക് മൂന്നാം നമ്പറിൽ ഉണ്ടാവും. മാത്രമല്ല ഇന്ത്യക്കായി 50- 60 റൺസ് നേടുകയാണെങ്കിൽ അത് കോഹ്ലിക്കും ഒരുപാട് ഗുണം ചെയ്യും.

കഴിഞ്ഞ ലോകകപ്പുകളിലൊക്കെയും മൂന്നാം നമ്പറിൽ വളരെ മികച്ച പ്രകടനങ്ങളാണ് കോഹ്ലി കാഴ്ച വച്ചിട്ടുള്ളത്. അഞ്ചാം നമ്പറിൽ കളിച്ചിരുന്ന പന്ത് നിലവിൽ ഇന്ത്യക്കായി മൂന്നാം നമ്പറിലാണ് കളിക്കുന്നത്. ഇത്തരമൊരു മാറ്റം സാധ്യമാവുമെങ്കിൽ അവന് ഓപ്പണിങ് ഇറങ്ങാനും സാധിക്കും അങ്ങനെയെങ്കിൽ ഇന്ത്യയ്ക്ക് ഓപ്പണിങ് ഒരു ഇടംകൈ വലംകൈ കോമ്പിനേഷനും ലഭിക്കും. ശേഷം കോഹ്ലി മൂന്നാം നമ്പറിലും, സൂര്യ നാലാം നമ്പറിലും എത്തണം.”- കൈഫ് കൂട്ടിച്ചേർക്കുന്നു.

ഇന്ത്യയുടെ അമേരിക്കയ്ക്കെതിരായ മത്സരത്തിലും മികവ് പുലർത്താൻ കോഹ്ലിക്ക് സാധിച്ചില്ല. സൗരഫ് നേട്രവൽക്കറുടെ പന്തിൽ ഗോൾഡൻ ഡക്കായാണ് മത്സരത്തിൽ കോഹ്ലി മടങ്ങിയത്. ഫുൾ ലെങ്തിൽ വന്ന പന്തിൽ ഒരു ഷോട്ട് കളിച്ച കോഹ്ലിയുടെ എഡ്ജിൽ കൊണ്ട പന്ത് വിക്കറ്റ് കീപ്പർ ആണ്ട്രീസ് ഗോസ് കൈപ്പിടിയിൽ ഒതുക്കുകയായിരുന്നു. ഇതുവരെ ഈ ലോകകപ്പിൽ 1,4,0 എന്നിങ്ങനെയാണ് കോഹ്ലി നേടിയിട്ടുള്ളത്. വരും മത്സരങ്ങളിൽ വിരാട് കോഹ്ലി തന്റെ ഫോമിലേക്ക് തിരികെ എത്തേണ്ടത് ഇന്ത്യയെ സംബന്ധിച്ച് വളരെ നിർണായകമാണ്.

Previous article“രോഹിത് എന്തൊക്കെയാണ് ചെയുന്നത് ?”. മത്സരം വിജയിച്ചിട്ടും കപിൽ ദേവിന്റെ വിമർശനം.
Next articleഎല്ലാവരും ക്ഷമ കാണിക്കൂ, അവന് കുറച്ച് സമയം കൊടുക്കൂ. കോഹ്ലിയെ ന്യായീകരിച്ച് സുനിൽ ഗവാസ്കർ.