ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിന് മുന്നോടിയായി 2014 മുതലുള്ള ഇന്ത്യയുടെ ഐസിസി ട്രോഫി വരൾച്ചയെ പറ്റി പറഞ്ഞ് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. 2014 മുതൽ ഐസിസി ഇവന്റുകളിൽ ടീം ഇന്ത്യ മികച്ച പ്രകടനം നടത്തിയട്ടും നോക്കൗട്ട് ഘട്ടത്തിലാണ് ടീം വീണുപോവുന്നത്.
2022 മുതൽ ടീം ഇന്ത്യയുടെ ക്യാപ്റ്റനായ രോഹിത് ശര്‍മ്മ, ഒരു ഐസിസി ഇവന്റ് വിജയിക്കാനായി ആഗ്രഹിച്ചിരിക്കുകയാണ്.
“കഴിഞ്ഞ മൂന്ന് വർഷം മികച്ചതായിരുന്നു. ഐസിസി ട്രോഫികളുടെ ഫൈനൽ മത്സരങ്ങൾ ഒഴിച്ച്, ഞങ്ങൾ എല്ലാം വിജയിച്ചു. അത് ഞങ്ങൾക്ക് പൂർത്തിയാക്കാൻ കഴിഞ്ഞില്ല, പക്ഷേ അതിനുള്ള സമയം വരുമെന്നാണ് ഞാൻ കരുതുന്നത്. നമ്മൾ ചെയ്യേണ്ടത് ഈ നല്ല മാനസിക അവസ്ഥ നിലനിര്‍ത്തുക എന്നതാണ്”
”പഴയതിനെ പറ്റി അധികം വിഷമിക്കേണ്ടതില്ല, കാരണം നിങ്ങൾക്ക് പഴയത് മാറ്റാൻ കഴിയില്ല. നിങ്ങൾക്ക് മാറ്റാൻ കഴിയുന്നത് അടുത്തതായി വരാൻ പോകുന്ന കാര്യമാണ്, അതിനാൽ ഞങ്ങളെല്ലാം അതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ”രോഹിത് ശര്‍മ്മ ജിയോസിനിമയിൽ പറഞ്ഞു.
2019 ഏകദിന ലോകകപ്പിലെ തന്റെ പ്രകടനം ഓര്‍ത്തെടുത്ത രോഹിത് ശര്‍മ്മ, അവസാനം ടീം ട്രോഫി ഉയർത്തിയില്ലെങ്കിൽ തന്റെ വ്യക്തിഗത പ്രകടനം വലിയ സന്തോഷം നൽകില്ലെന്ന് പറഞ്ഞു.
“എനിക്ക് ഒരു പ്രത്യേക മാറ്റം കൊണ്ടുവരാൻ ആഗ്രഹമുണ്ടായിരുന്നു, കളിക്കാർ അവിടെ പോകുകയും വളരെയധികം സ്വാതന്ത്ര്യത്തോടെ കളിക്കുകയും ചെയ്യ്തു. ക്രിക്കറ്റിലെ കണക്കുകളെ ഈ ടീമിൽ നിന്ന് പുറത്താക്കാന്‍ ഞാൻ ആഗ്രഹിച്ചു. കണക്കുകള്‍ വലിയ കാര്യമായാണ് ഇന്ത്യയില്‍ കാണുന്നത്. 2019 ലോകകപ്പിൽ എനിക്ക് അഞ്ച് സെഞ്ചുറികൾ ലഭിച്ചു, പക്ഷേ ഞങ്ങൾ ലോകകപ്പില്‍ തോറ്റു, ” രോഹിത് പറഞ്ഞു.
“നിങ്ങൾ ട്രോഫികൾ നേടിയില്ലെങ്കിൽ, ആ 5-6 സെഞ്ച്വറികൾ വളരെയധികം അർത്ഥമുള്ളതാണെന്ന് ഞാൻ കരുതുന്നില്ല. ടീം സ്‌പോർട്‌സ് ട്രോഫികൾ നേടുന്നതിനാണ്, വ്യക്തിഗത നേട്ടങ്ങളെക്കുറിച്ചല്ല, ” രോഹിത് ശര്‍മ്മ പറഞ്ഞു നിര്‍ത്തി.
2019 ലോകകപ്പില്‍ 9 ഇന്നിംഗ്സില്‍ നിന്നും 5 സെഞ്ചുറിയും 1 ഫിഫ്റ്റിയും അടക്കം 648 റണ്‍സാണ് രോഹിത് ശര്‍മ്മ സ്കോര്‍ ചെയ്തത്. സെമിഫൈനലില്‍ ന്യൂസിലന്‍റിനോട് തോറ്റായിരുന്നു ഇന്ത്യ പുറത്തായത്.