ലോക ടെസ്റ്റിൽ ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ മത്സരം അത്യന്തം ആവേശകരമായ നിലയിൽ പുരോഗമിക്കുകയാണ്. മത്സരത്തിന് ഒരു ദിവസം മാത്രം ശേഷിക്കെ 280 റൺസാണ് ഇന്ത്യയ്ക്ക് വിജയിക്കാൻ വേണ്ടത്. മറുവശത്ത് ഓസ്ട്രേലിയയെ സംബന്ധിച്ച് ഏഴ് വിക്കറ്റുകൾ അവസാന ദിവസം വീഴ്ത്താനായാൽ കിരീടം ചൂടാം. മത്സരത്തിന്റെ നാലാം ദിവസം ക്യാമറോൺ ഗ്രീൻ സ്വന്തമാക്കിയ ഒരു ക്യാച്ച് വിവാദമായി മാറുകയുണ്ടായി. ഇന്ത്യൻ ഓപ്പണർ ശുഭ്മാൻ ഗില്ലിനെ പുറത്താക്കാനായിരുന്നു ഗ്രീൻ ഈ വിവാദ ക്യാച്ച് സ്വന്തമാക്കിയത്.
ഗില്ലിന്റെ ബാറ്റിൽ നിന്നുയർന്ന പന്ത് ഗ്രീൻ സ്വന്തമാക്കുന്ന സമയത്ത് മൈതാനത്ത് തട്ടിയിരുന്നു എന്ന് റിപ്ലൈയിൽ വ്യക്തമായിരുന്നു. എന്നിരുന്നാലും ടിവി അമ്പയർ റിച്ചാർഡ് കെറ്റിൽബ്രോ ഇത് ഔട്ടായി നിശ്ചയിക്കുകയായിരുന്നു. എന്നാൽ ഈ ക്യാച്ച് വളരെ ക്ലീൻ ആയിരുന്നു എന്നാണ് ക്യാമറോൺ ഗ്രീൻ പറയുന്നത്. “ആ സമയത്ത് ആ ക്യാച്ച് എന്റെ കൈപ്പിടിയിൽ ഒതുങ്ങി എന്ന് ഞാൻ കരുതി. അതൊരു കൃത്യമായ ക്യാച്ച് തന്നെയായിരുന്നു. അതുകൊണ്ടാണ് ഞാൻ സന്തോഷത്തിൽ സെലിബ്രേറ്റ് ചെയ്തതും. ആ ക്യാച്ചിൽ എനിക്ക് യാതൊരു സംശയവുമില്ല.”- ഗ്രീൻ പറഞ്ഞു.
ഇതോടൊപ്പം തേർഡ് അമ്പയർ തന്റെ വിശ്വാസത്തെ സ്ഥിരീകരിച്ചതായി ഗ്രീൻ പറയുകയുണ്ടായി. “ഞാൻ ഫീൽഡിങ് മെച്ചപ്പെടുത്താനായി കൂടുതൽ പരിശീലനങ്ങളിൽ ഇപ്പോൾ ഏർപ്പെടാറുണ്ട്. അതിനാൽ തന്നെ വരും മത്സരങ്ങളിലും ഇത്തരം തകർപ്പൻ ക്യാച്ചുകൾ സ്വന്തമാക്കാൻ എനിക്ക് സാധിക്കുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്.”- ഗ്രീൻ കൂട്ടിച്ചേർക്കുന്നു.
നിലവിൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ അവസാന ദിവസത്തിൽ അല്പം പ്രതിസന്ധിയിലാണ് ഇന്ത്യ. 444 എന്ന വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യയ്ക്ക് നാലാം ദിവസം മത്സരം അവസാനിക്കുമ്പോൾ 164 റൺസ് എടുക്കുന്നതിനിടെ മൂന്നു വിക്കറ്റുകൾ നഷ്ടമായിട്ടുണ്ട്. നിലവിൽ വിരാട് കോഹ്ലിയും അജിങ്ക്യ രഹാനയുമാണ് ഇന്ത്യക്കായി ക്രീസിലുള്ളത്. കോഹ്ലി ഇതുവരെ 60 പന്തുകളിൽ 44 റൺസ് നേടിയപ്പോൾ, രഹാനെ 59 പന്തുകളില്‍ 20 റൺസാണ് നേടിയത്. അതിനാൽ തന്നെ അഞ്ചാം ദിവസത്തിന്റെ ആദ്യ സെക്ഷൻ ഇന്ത്യയെ സംബന്ധിച്ച് വളരെ നിർണായകമാണ്. എങ്ങനെയും ഓസ്ട്രേലിയൻ ബോളർമാരെ പ്രതിരോധിക്കുക എന്നതാവും ആദ്യ സെഷനിലെ ഇന്ത്യയുടെ പദ്ധതി.