ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ ഒരു ത്രസിപ്പിക്കുന്ന വിജയം സ്വന്തമാക്കി ന്യൂസിലാൻഡ് പട. ആദ്യാവസാനം ആവേശങ്ങൾ അലതല്ലിയ മത്സരത്തിൽ കേവലം ഒരു റണ്ണിനാണ് ന്യൂസിലാൻഡ് വിജയം കണ്ടത്. ഈ വിജയത്തോടെ പരമ്പര 1-1ന് സമനിലയിലാക്കാൻ ന്യൂസിലാൻഡിന് സാധിച്ചിട്ടുണ്ട്. സമീപകാലത്ത് ടെസ്റ്റ് ക്രിക്കറ്റിൽ ഇംഗ്ലണ്ട് തുടരുന്ന ആധിപത്യത്തിന് അറുതി വരുത്താൻ ന്യൂസിലാൻഡിന് ഈ മത്സരത്തിലൂടെ സാധിച്ചു.
മത്സരത്തിലേക്ക് കടന്നുചെന്നാൽ ടോസ് നേടിയ ന്യൂസിലാൻഡ് ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. തങ്ങളുടെ സമീപകാലത്തെ ഏറ്റവും വിജയകരമായ ബാസ്സ്ബോൾ സമീപനം തന്നെയാണ് ഇംഗ്ലണ്ട് ടീം ആദ്യ ഇന്നിങ്സിൽ നടത്തിയത്. 186 റൺസ് നേടിയ ഹാരി ബ്രുക്കും 153 റൺസ് നേടിയ ജോ റൂട്ടും ആദ്യ ഇന്നിങ്സിൽ ഇംഗ്ലണ്ടിനായി അടിച്ചുതകർത്തു. അതോടെ ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിംഗ്സ് സ്കോർ 435 റൺസിൽ എത്തുകയുണ്ടായി.
മറുപടി ബാറ്റിംഗിനിറങ്ങിയ കിവികൾക്ക് അടിമുടി പതറുന്ന കാഴ്ചയാണ് കണ്ടത് കണ്ടത്. 49 പന്തുകളിൽ 73 റൺസെടുത്ത ക്യാപ്റ്റൻ സൗത്തീ മാത്രമാണ് ന്യൂസിലാൻഡിനായി ആദ്യ ഇന്നിങ്സിൽ പിടിച്ചുനിന്നത്. മറ്റു ബാറ്റർമാർ പരാജയപ്പെട്ടപ്പോൾ ന്യൂസിലാൻഡിന്റെ ആദ്യ ഇന്നിങ്സ് സ്കോർ 250 റൺസിൽ ഒതുങ്ങുകയായിരുന്നു. ഫോളോ ഓണ്‍ ചെയ്ത് രണ്ടാം ഇന്നിങ്സ് ആരംഭിച്ച ന്യൂസിലാൻഡിനായി ഒരു തട്ടുപൊളിപ്പൻ പ്രകടനം വില്യംസൺ കാഴ്ചവച്ചു. 132 റൺസായിരുന്നു വില്യംസൺ മത്സരത്തിന്റെ രണ്ടാം ഇന്നിങ്സിൽ നേടിയത്. ഒപ്പം 90 റൺസെടുത്ത ബ്ലണ്ടലും കൂടി ന്യൂസിലാൻഡിനായി കളംനിറഞ്ഞപ്പോൾ രണ്ടാം ഇന്നിങ്സിൽ 483 എന്ന കൂറ്റൻ സ്കോറിൽ ന്യൂസിലാൻണ്ടെത്തി. അങ്ങനെ ഇംഗ്ലണ്ടിനു മുൻപിൽ 258 എന്ന വിജയലക്ഷ്യമായിരുന്നു ന്യൂസിലാൻഡ് വച്ചത്.
എന്നാൽ തങ്ങളുടെ രണ്ടാം ഇന്നിങ്സിൽ ഇംഗ്ലണ്ട് തകരുന്നതായിരുന്നു കണ്ടത്. 258 എന്ന ലക്ഷ്യം ഇംഗ്ലണ്ടിനു മുൻപിൽ വലിയൊരു ബാധ്യത തന്നെയായിരുന്നു. പക്ഷേ ആദ്യ ഇന്നിങ്സിലേതിന് സമാധാനമായ രീതിയിൽ ജോ റൂട്ട് വീണ്ടും രക്ഷകനായി എത്തി. 95 റൺസ് നേടിയ ജോ റൂട്ടിന്റെ ചിറകിൽ ഇംഗ്ലണ്ട് പറന്നുയർന്നു. എന്നാൽ ഒരു സമയത്ത് 215 ന് 8 എന്ന നിലയിൽ ഇംഗ്ലണ്ട് തകരുന്നതാണ് കണ്ടത്.
പിന്നീടെത്തിയ ബെൻ ഫോക്സ് അവസാന നിമിഷങ്ങളിൽ രക്ഷാപ്രവർത്തനം ആരംഭിക്കുകയും ചെയ്തു. എന്നാൽ അവസാനനിമിഷം വാഗ്‌നറുടെ കിടിലൻ ബോളിംഗാണ് കിവികളേ രക്ഷിച്ചത്. 35 റണ്‍ നേടിയ ഫോക്സിനെ സൗത്തിയും 4 റണ്‍ നേടിയ ആന്‍ഡേഴ്സണെയും പുറത്താക്കി വാഗ്നര്‍ വിജയം സമ്മാനിച്ചു. കേവലം ഒരു റൺസിനായിരുന്നു കിവികളുടെ ഈ ത്രസിപ്പിക്കുന്ന വിജയം. ന്യൂസിലൻഡിന് വേണ്ടി വാഗ്നർ നാല് വിക്കറ്റും ടിം സൗത്തീ മൂന്ന് വിക്കറ്റും മാറ്റ് ഹെൻറി രണ്ട് വിക്കറ്റും നേടി.