ഇന്ത്യൻ ക്രിക്കറ്റ് ആരാധകരിൽ എല്ലാം ഒരിക്കൽ കൂടി ആശങ്കകൾ സൃഷ്ടിച്ച് കിവീസ് ടീം കാൻപൂർ ടെസ്റ്റിൽ പൂർണ്ണ ആധിപത്യം സ്ഥാപിച്ചു. ടോസ് നേടി വമ്പൻ സ്കോർ ലക്ഷ്യമാക്കി ബാറ്റിങ് ആരംഭിച്ച ഇന്ത്യൻ ടീമിന് ഒന്നാമത്തെ ഇന്നിങ്സിൽ പക്ഷേ പ്രതീക്ഷിച്ച ഒരു സ്കോറിലേക്ക് എത്തുവാനായില്ല. ബാറ്റിങ് നിരയുടെ തകർച്ചക്ക് ഒപ്പം രണ്ടാം ദിനം ടെസ്റ്റിൽ ഇന്ത്യൻ ബൗളർമാർക്കും യാതൊരു മികവും പുറത്തെടുക്കാൻ കഴിയാതെ പോയപ്പോൾ മറുപടി ബാറ്റിങ് ആരംഭിച്ച ന്യൂസിലാൻഡ് സ്കോർ രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ വിക്കറ്റ് നഷ്ടം കൂടാതെ 129ലെത്തി.
മറുപടി ബാറ്റിങ്ങിൽ ഇന്ത്യൻ പേസ് ആക്രമണത്തെയും സ്പിൻ മികവിനെയും അനായാസം നേരിട്ട കിവീസ് ഓപ്പണിങ് ജോഡി 5 വർഷത്തിന് ശേഷം ഇന്ത്യൻ മണ്ണിൽ ഒരു വിദേശ ഓപ്പണിങ് ജോഡി നേടുന്ന ആദ്യത്തെ 100 റൺസിന്റെ കൂട്ടുകെട്ട് കൂടി സൃഷ്ടിച്ചു. സ്ഥിരം നായകൻ വിരാട് കോഹ്ലിക്ക് പകരം ക്യാപ്റ്റൻസി പദവി വഹിച്ച രഹാനെക്ക് തന്റെ ബൗളർമാരെ ഉപയോഗിച്ച് വിക്കറ്റുകൾ വീഴ്ത്താൻ ഇന്ത്യൻ താരങ്ങൾക്ക് സാധിച്ചില്ല.ടോം ലതം 165 ബോളിൽ 4 ഫോർ അടക്കം 50 റൺസ് നേടിയപ്പോൾ യുവ ഓപ്പണർ വിൽ യങ് 75 റൺസ് നേടി തന്റെ മികവിലേക്ക് എത്തി.
അതേസമയം രണ്ടാം ദിവസം 4 വിക്കറ്റ് മാത്രം നഷ്ടത്തിൽ ബാറ്റിങ് ആരംഭിച്ച ഇന്ത്യക്ക് അതിവേഗം ആൾറൗണ്ടർ ജഡേജയെ നഷ്ടമായി.തലേന്നത്തെ സ്കോറിനോട് ഒരു റൺസ് പോലും കൂട്ടിചേർക്കാൻ കഴിയാതെ ജഡേജ പുറത്തായിയെങ്കിലും മനോഹരമായ ബാറ്റിങ് തുടർന്ന ശ്രേയസ് അയ്യർ തന്റെ അരങ്ങേറ്റ ടെസ്റ്റിൽ തന്നെ സെഞ്ച്വറി സ്വന്തമാക്കി അപൂർവ്വ നേട്ടത്തിലേക്ക് എത്തി.
അരങ്ങേറ്റ ടെസ്റ്റിൽ സെഞ്ച്വറി നേടുന്ന പതിനാറാമത്തെ താരമായി മാറിയ ശ്രേയസ് അയ്യർ 105 റൺസാണ് നേടിയത് എങ്കിലും മറുവശത്ത് പിന്നീട് വിക്കറ്റുകൾ എല്ലാം നഷ്ടമായത് ഇന്ത്യൻ സ്കോർ 345ൽ ഒതുക്കി. കിവീസിനായി സ്റ്റാർ പേസർ ടിം സൗത്തീ 5 വിക്കറ്റ് വീഴ്ത്തിയപ്പോൾ ജാമിസൻ മൂന്നും സ്പിന്നർ അജാസ് പട്ടേൽ രണ്ട് വിക്കറ്റും വീഴ്ത്തി.
രണ്ടാം ദിനം ശ്രേയസ് അയ്യർക്ക് പുറമേ അശ്വിൻ (38 റൺസ് )ഉമേഷ് യാദവ് (10 റൺസ് ) എന്നിവർ തിളങ്ങി. കിവീസ് ഓപ്പണർമാർ മികച്ച തുടക്കം നൽകിയത് കിവീസ് ടീമിന് നൽകുന്ന ഊർജം വളരെ വലുതാണ്. ഒന്നാം ഇന്നിംഗ്സിൽ മികച്ച ഒരു ലീഡ് നേടുവാൻ കഴിഞ്ഞാൽ അവർ ജയം കൂടി സ്വപ്നം കാണുന്നുണ്ട് .