പുതിയ ഐപിഎൽ സീസൺ പടിവാതിൽക്കൽ എത്തിനിൽക്കുകയാണ്. എന്നാൽ മുൻപത്തെ സീസണുകളെ പോലെയല്ല ഇത്തവണത്തെ സീസൺ. വമ്പൻ മാറ്റങ്ങളുമായാണ് ഇത്തവണത്തെ സീസൺ വരുന്നത്. നിലവിൽ ടോസിന് മുൻപാണ് പ്ലെയിങ് ഇലവൻ പട്ടിക ക്യാപ്റ്റന്മാർ തമ്മിൽ കൈ മാറുന്നത്. എന്നാൽ ഇനി മുതൽ പുതിയ നിയമപ്രകാരം ടോസിനെ ശേഷം ആയിരിക്കും പ്ലെയിങ് ഇലവൻ പട്ടിക കൈമാറുക.
അതുകൊണ്ട് ടോസ് ലഭിക്കുന്നതിന് അനുസരിച്ച് ബൗളിങ്ങിനും ബാറ്റിങ്ങിനും ഉചിതമായ പ്ലെയിങ് ഇലവനെ തീരുമാനിക്കാൻ ടീമുകൾക്ക് സാധിക്കും. സാഹചര്യങ്ങൾക്ക് അനുസരിച്ച് കൂടുതൽ ഗുണപരമായ ഇലവനെ ടീമുകൾക്ക് തിരഞ്ഞെടുക്കുവാൻ ഇത് വഴിയൊരുക്കും എന്നാണ് കരുതുന്നത്. ഐപിഎൽ ആണ് ടോസിനു ശേഷം ടീമിനെ പ്രഖ്യാപിക്കുന്ന രണ്ടാമത്തെ 20-20 ലീഗ്. ഇതിന് മുൻപ് ദക്ഷിണാഫ്രിക്കൻ ട്വന്റി-20 ലീഗിൽ ഇത് നടപ്പാക്കിയിരുന്നു.
മറ്റ് ചില മാറ്റങ്ങളിൽ ഒന്നാണ് നിശ്ചിത സമയത്തിനുള്ളിൽ പന്ത് എറിഞ്ഞ് ഓവർ പൂർത്തിയാക്കിയില്ലെങ്കിൽ അവശേഷിക്കുന്ന ഓരോ പന്തിനും 30 വാര സർക്കിളിന് പുറത്ത് 4 ഫീൽഡർമാരെ മാത്രമാണ് അനുവദിക്കുകയുള്ളൂ. അന്യായമായി വിക്കറ്റ് കീപ്പർ ചലിച്ചാൽ പന്ത് ഡെഡ് ബോൾ ആയി കണക്കാക്കുകയും എതിർ ടീമിന് പെനാൽറ്റി റൺസായി അഞ്ച് റൺസ് അനുവദിക്കുകയും ചെയ്യും. സമാനമായി ഫീല്‍ഡര്‍ അന്യായമായി ചലിച്ചാലും ഇതേ നിയമം നടപ്പിലാക്കും.
ഈ മാസം 31നാണ് ഐപിഎൽ തുടങ്ങുന്നത്. ആദ്യ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റൻസ് ചെന്നൈ സൂപ്പർ കിങ്സിനെ നേരിടും. ഉദ്ഘാടന മത്സരം നടക്കുക അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ്. 10 ടീമുകളാണ് ഇത്തവണത്തെ ഐപിഎൽ സീസണിൽ മാറ്റുരയ്ക്കുന്നത്. പുതിയ നിയമങ്ങൾ വരുന്നതോടെ ഇത്തവണത്തെ സീസൺ തകർക്കും എന്ന് തന്നെയാണ് എല്ലാവരുടെയും പ്രതീക്ഷ.