ട്വന്റി20 പരമ്പരയിൽ ഇന്ത്യയ്ക്ക് പുതിയ നായകൻ. സഞ്ജു സാംസൺ ടീമിലെത്തും എന്ന് റിപ്പോർട്ട്.

surya and Sanju

ഓൾറൗണ്ടർ ഹർദിക് പാണ്ഡ്യയുടെ അഭാവത്തിൽ ഓസ്ട്രേലിയക്കെതിരായ ഇന്ത്യയുടെ ട്വന്റി20 പരമ്പരയിൽ ടീമിന് പുതിയ നായകൻ. ഇന്ത്യയുടെ സൂപ്പർ താരം സൂര്യകുമാർ യാദവ് ട്വന്റി20 പരമ്പരയിൽ ടീമിനെ നയിക്കും എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. അഞ്ച് ട്വന്റി20 മത്സരങ്ങൾ അടങ്ങിയ പരമ്പരയാണ് ഇന്ത്യ ഓസ്ട്രേലിയക്കെതിരെ കളിക്കുന്നത്.

നവംബർ 23ന് വിശാഖപട്ടണത്താണ് ട്വന്റി20 പരമ്പര ആരംഭിക്കുന്നത്. ഡിസംബർ മൂന്നിന് ഹൈദരാബാദിൽ പരമ്പരയിലെ അവസാന മത്സരം നടക്കും. സീനിയർ താരങ്ങളായ വിരാട് കോഹ്ലി, രോഹിത് ശർമ, ബൂമ്ര തുടങ്ങിയ എല്ലാ കളിക്കാർക്കും ലോകകപ്പിന് ശേഷം ഇന്ത്യ വിശ്രമം അനുവദിക്കും എന്നാണ് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നത്.

ഈ സാഹചര്യത്തിലാണ് സൂര്യകുമാർ യാദവിനെ ഇന്ത്യ നായകനായി നിശ്ചയിച്ചത്. ഹർദിക് പാണ്ഡ്യയായിരുന്നു കഴിഞ്ഞ ട്വന്റി20 പരമ്പരകളിലൊക്കെയും ഇന്ത്യയെ നയിച്ചിരുന്നത്. എന്നാൽ ലോകകപ്പിനിടെ ഹർദിക് പാണ്ഡ്യയ്ക്ക് പരിക്കേൽക്കുകയും പുറത്താവുകയും ചെയ്തിരുന്നു.

അതിനാൽ ഇന്ത്യൻ ടീമിന്റെ ഉപനായകനായ സൂര്യകുമാർ യാദവിനെ ഇന്ത്യ നായകസ്ഥാനം ഏൽപ്പിക്കും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആഭ്യന്തര ക്രിക്കറ്റിലും മറ്റും ടീമിനെ നയിച്ച വലിയ അനുഭവസമ്പത്തുള്ള താരമാണ് സൂര്യകുമാർ. മുംബൈ, ഇന്ത്യൻ അണ്ടർ 23 ടീമുകൾ എന്നിവയെയൊക്കെയും നയിക്കാൻ സൂര്യകുമാർ യാദവിന് സാധിച്ചിരുന്നു.

Read Also -  സച്ചിൻ × ജോ റൂട്ട്. 35 ടെസ്റ്റ്‌ സെഞ്ചുറികൾക്ക് ശേഷം മുന്‍പിലാര് ?

മാത്രമല്ല ഇഷാൻ കിഷൻ, പ്രസീദ് കൃഷ്ണ എന്നീ ഇന്ത്യൻ യുവതാരങ്ങളും ട്വന്റി20 പരമ്പരയ്ക്കുള്ള സ്ക്വാഡിൽ അണിനിരക്കും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ ഈ ലോകകപ്പിന് ശേഷം നിലവിലെ ഇന്ത്യയുടെ കോച്ചയ രാഹുൽ ദ്രാവിഡിന്റെ കോൺട്രാക്ട് അവസാനിക്കുകയാണ്.

അതിനാൽ തന്നെ പരമ്പരയിൽ ഇന്ത്യയുടെ കോച്ചായി ആരെത്തും എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. രാഹുൽ ദ്രാവിഡിന്റെ അഭാവത്തിൽ വിവിഎസ് ലക്ഷ്മൺ ഇന്ത്യയുടെ പരിശീലക സ്ഥാനം താൽക്കാലികമായി ഏറ്റെടുക്കാനുള്ള സാധ്യതയുണ്ട്. മുഴുവൻ യുവ താരങ്ങളെയും അണിനിരത്തി ട്വന്റി20 പരമ്പരക്ക് സജ്ജമാക്കാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ.

ജയിസ്‌വാൾ, റിങ്കൂസിങ്, തിലക് വർമ, സഞ്ജു സാംസൺ അടക്കമുള്ള താരങ്ങൾക്ക് ട്വന്റി20 പരമ്പരയിലൂടെ അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒപ്പം ദീപക് ചാഹർ, യുസ്സ്വേന്ദ്ര ചഹൽ തുടങ്ങിയവരുടെ തിരിച്ചുവരവും ഓസ്ട്രേലിയക്കെതിരായ ട്വന്റി20 പരമ്പരയിലൂടെ ആയിരിക്കും. പരിക്കു മൂലം പുറത്തിരിക്കുന്ന അക്ഷർ പട്ടേലിനും പരമ്പരയിൽ അവസരം ലഭിച്ചേക്കും.

എന്നാൽ ലോകകപ്പ് ഫൈനലിന്റെ കേവലം 3 ദിവസങ്ങൾക്ക് ശേഷം നടക്കുന്ന പരമ്പരയ്ക്കെതിരെ വിമർശനങ്ങൾ ഉയർന്നിട്ടുണ്ട്. ടീമുകൾക്ക് ലോകകപ്പ് വിജയം ആഘോഷിക്കാനുള്ള സമയമെങ്കിലും അതാത് ക്രിക്കറ്റ് ബോർഡുകൾ നൽകേണ്ടതായിരുന്നു എന്നാണ് സാമൂഹ്യ മാധ്യമങ്ങൾ അടക്കം ഉയരുന്ന വിമർശനം.

Scroll to Top