കോഹ്ലിയും സ്മിത്തുമല്ല, നിലവിലെ ഏറ്റവും മികച്ച ടെസ്റ്റ്‌ ബാറ്റർ അവനാണ്. ആകാശ് ചോപ്ര പറയുന്നു.

അന്താരാഷ്ട്ര ക്രിക്കറ്റിലെ ഏറ്റവും മികച്ച ടെസ്റ്റ് ബാറ്ററെ തിരഞ്ഞെടുത്ത് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. നിലവിൽ ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ടെസ്റ്റ് ബാറ്റർ ഇംഗ്ലണ്ട് താരം റൂട്ടാണ് എന്ന് ആകാശ് ചോപ്ര പറയുകയുണ്ടായി. ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും മികച്ച താരങ്ങളായ സ്റ്റീവ് സ്മിത്ത്, വിരാട് കോഹ്ലി, കെയിൻ വില്യംസൺ എന്നിവരുമായി റൂട്ടിനെ താരതമ്യം ചെയ്തായിരുന്നു ചോപ്ര സംസാരിച്ചത്.

സമീപകാലത്ത് ക്രിക്കറ്റിൽ റൂട്ട് കാഴ്ചവച്ച പ്രകടനങ്ങൾ അങ്ങേയറ്റം മികച്ചതായിരുന്നു എന്ന് ചോപ്ര പറയുന്നു. ശ്രീലങ്കയ്ക്കെതിരെ നടക്കുന്ന ഇംഗ്ലണ്ടിന്റെ ടെസ്റ്റ് പരമ്പരയിൽ ഇതുവരെ 2 മത്സരങ്ങളിൽ നിന്നും 350 റൺസാണ് റൂട്ട് സ്വന്തമാക്കിയിട്ടുള്ളത്. പരമ്പരയിലെ രണ്ടാം ടെസ്റ്റ് മത്സരത്തിന്റെ 2 ഇന്നിംഗ്സുകളിലും സെഞ്ച്വറി സ്വന്തമാക്കാൻ റൂട്ടിന് സാധിച്ചിരുന്നു. ഇതിന് ശേഷമാണ് ഇപ്പോൾ ആകാശ് ചോപ്ര രംഗത്ത് എത്തിയിരിക്കുന്നത്.

“ജോ റൂട്ട് ഒരു അവിശ്വസനീയ കളിക്കാരൻ തന്നെയാണ്. 34 ടെസ്റ്റ് സെഞ്ച്വറികൾ ഇതുവരെ അവൻ കരിയറിൽ സ്വന്തമാക്കിയിട്ടുണ്ട്. ഒരു വലിയ മത്സരാർത്ഥിയാണ് അവൻ. നിലവിലെ ഫാബുലസ് 4 എടുത്താൽ അവൻ അല്പം മുൻപിലാണ് റൂട്ട്. ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ടെസ്റ്റ് ബാറ്റർ റൂട്ടാണോ എന്നതാണ് ചോദ്യം. മുൻപ് ഫാബുലസ് ഫോറിലെ പല താരങ്ങളും മികച്ച പ്രകടനങ്ങൾ മൈതാനത്ത് കാഴ്ച വച്ചിരുന്നു. എന്നാൽ അതിന് ശേഷം ഒരു സമയം എത്തിയപ്പോൾ മറ്റു പലരും മോശം ഫോമിലായി. എന്നാൽ റൂട്ട് ഇപ്പോഴും തന്റെ മികച്ച പ്രകടനങ്ങൾ തുടരുന്നു.”- ചോപ്ര ചൂണ്ടിക്കാട്ടുന്നു.

GWUO62VW8AEoEOX

“ഇതുവരെ ഏറ്റവുമധികം ടെസ്റ്റ് മത്സരങ്ങൾ കളിച്ചിട്ടുള്ള താരമാണ് ജോ റൂട്ട്. 145 ടെസ്റ്റ് മത്സരങ്ങളിൽ നിന്നാണ് റൂട്ട് 34 സെഞ്ച്വറികൾ സ്വന്തമാക്കിയത്. 113 ടെസ്റ്റ് മത്സരങ്ങൾ കളിച്ചിട്ടുള്ള വിരാട് കോഹ്ലി 29 സെഞ്ച്വറികളാണ് സ്വന്തമാക്കിയിട്ടുള്ളത്. 100 ടെസ്റ്റ് മത്സരങ്ങളിൽ നിന്നാണ് വില്യംസൺ 32 സെഞ്ച്വറികൾ സ്വന്തമാക്കിയിട്ടുള്ളത്. സ്മിത്ത് 109 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 32 സെഞ്ച്വറികൾ സ്വന്തമാക്കിയിരിക്കുന്നു. ഇതേ പോലെ തന്നെ അർധ സെഞ്ച്വറികളുടെ കാര്യത്തിലും ജോ റൂട്ട് എല്ലാവരെക്കാൾ ഒരുപാട് മുൻപിലാണ്. ഇതുവരെ 64 അർധ സെഞ്ച്വറികളാണ് റൂട്ട് സ്വന്തമാക്കിയിട്ടുള്ളത്. വിരാട് 30ഉം വില്യംസൺ 34ഉം സ്മിത്ത് 41ഉം അർധസെഞ്ചുറികളാണ് നേടിയിട്ടുള്ളത്.”- ചോപ്ര പറയുന്നു.

ഇതോടൊപ്പം ഹോം മത്സരങ്ങളിലെ ഈ 4 താരങ്ങളുടെ റെക്കോർഡും ചോപ്ര പരിശോധിക്കുകയുണ്ടായി. “ഹോം മത്സരങ്ങളിൽ കോഹ്ലി 14 സെഞ്ച്വറികളാണ് സ്വന്തമാക്കിയിട്ടുള്ളത്. 60 റൺസ് ശരാശരിയിലാണ് കോഹ്ലിയുടെ നേട്ടം. റൂട്ടിന്റെ ശരാശരി 55 റൺസാണ്. വില്യംസൺ 66 റൺസ് ശരാശരിയിലാണ് തന്റെ നാട്ടിൽ കളിച്ചിട്ടുള്ളത്. സ്മിത്ത് ഓസ്ട്രേലിയയിൽ 62 റൺസ് ശരാശരിയിലാണ് കളിക്കുന്നത്. അവരൊക്കെയും അവരുടെ നാട്ടിൽ കൃത്യമായ ആധിപത്യം സ്ഥാപിച്ചിട്ടുണ്ട്. ഇതിൽ വില്യംസനാണ് ഏറ്റവും മികച്ചത്. മാത്രമല്ല ന്യൂസിലാൻഡിൽ ബാറ്റ് ചെയ്യുക എന്നതും അത്ര അനായാസമല്ല.”- ചോപ്ര പറഞ്ഞു വയ്ക്കുന്നു..

Previous articleKCL 2024 : ബാറ്റിംഗിൽ അഭിഷേക്, ബോളിംഗിൽ ആസിഫ്. കാലിക്കറ്റിനെ തോല്‍പ്പിച്ച് കൊല്ലം.
Next articleKCL 2024 : പേസര്‍മാര്‍ എറിഞ്ഞിട്ടു. അത്യുഗ്രൻ ബോളിംഗ് മികവിൽ ട്രിവാൻഡ്രം ടീം ഭസ്മം. രണ്ടാം വിജയവുമായി ആലപ്പി.