ഓസ്ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റ് വിജയത്തിന്റെ പിന്നാലെ വളരെ ആത്മവിശ്വാസത്തിലാണ് ഇന്ത്യൻ ടീം. മത്സരത്തിൽ ഇന്നിങ്സിനും 132 റൺസിനുമായിരുന്നു ഇന്ത്യ വിജയം കണ്ടത്. ഈ വിജയത്തോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്ക് വലിയൊരു ചുവട് തന്നെ ഇന്ത്യ വച്ചുകഴിഞ്ഞു. എന്നാൽ ആദ്യ മത്സരത്തിൽ ഓസ്ട്രേലിയ ഇത്ര പരിതാപകരമായ രീതിയിൽ തകരുമെന്ന് താൻ പോലും വിചാരിച്ചില്ല എന്ന് ഇന്ത്യൻ നായകൻ രോഹിത് ശർമ പറയുന്നു.
ഇന്ത്യയിലെ പിച്ചുകളിൽ ഏതു വിധേനയാണ് കളിക്കേണ്ടത് എന്നതിനെപ്പറ്റി വിവരിക്കുകയായിരുന്നു രോഹിത് ശർമ. “കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഞങ്ങൾ ഇന്ത്യൻ പിച്ചുകളിൽ തുടർച്ചയായി കളിക്കുന്നുണ്ട്. അവിടെ നമുക്ക് ആവശ്യം കൃത്യമായ മാനസികാവസ്ഥയും പ്ലാനുമാണ്. ഏതുതരത്തിൽ റൺസ് കണ്ടെത്തണം എന്നതിനെപ്പറ്റി നമുക്ക് കൃത്യമായ പ്ലാൻ ആവശ്യമാണ്. ഓപ്പണറായി ഞാൻ ബാറ്റിംഗ് ആരംഭിച്ചത് മുതൽ എനിക്ക് ഭീഷണിയായ ബോളുകളെ പറ്റി ഞാൻ പഠിക്കാറുണ്ട്. അത്തരം അവസരങ്ങളിൽ റൺസ് കണ്ടെത്താൻ ഞാൻ എന്റേതായ വഴികൾ കണ്ടെത്തുന്നു.”- രോഹിത് പറഞ്ഞു.
“ഒരുപാട് ടേണുകൾ എപ്പോഴും ലഭിക്കുന്ന മുംബൈ പിച്ചിലാണ് ഞാൻ കളിച്ചുവളർന്നത്. നമ്മൾ ഇത്തരം പിച്ചുകളിൽ ഒരേ സമീപനം എടുക്കരുത്. നമ്മുടെ ശരീരം നന്നായി ക്രീസിൽ ഉപയോഗിക്കാൻ സാധിക്കണം. കൃത്യമായി ക്രീസിൽ നിന്നിറങ്ങി കളിക്കണം. അതോടൊപ്പം ബോളർമാരെ സമ്മർദ്ദത്തിലാക്കാനും നമുക്ക് സാധിക്കണം.”- രോഹിത് ശർമ കൂട്ടിച്ചേർക്കുന്നു.
“ഒരു ബോളറെ ആറ് പന്തുകളും ഒരേ സ്പോട്ടിൽ എറിയാൻ അനുവദിക്കരുത്. അതിനായി നമ്മൾ വ്യത്യസ്തമായ എന്തെങ്കിലും ചെയ്യണം. ക്രീസിന് പുറത്തേക്കിറങ്ങി കളിക്കുകയും, സ്വീപ് ചെയ്യുകയും, റിവേഴ്സ് സ്വീറ്റ് ചെയ്യുകയും ആവാം.അങ്ങനെ നമുക്ക് ചെയ്യാൻ സാധിക്കുന്ന ധാരാളം കാര്യങ്ങളുണ്ട്.”- രോഹിത് ശർമ പത്രസമ്മേളനത്തിൽ പറഞ്ഞു.