2024 ട്വന്റി20 ലോകകപ്പിലെ മൂന്നാം മത്സരത്തിൽ വിജയം സ്വന്തമാക്കി നമിബിയ. ആവേശം നിറഞ്ഞ മത്സരത്തിൽ സൂപ്പർ ഓവറിലാണ് നമിബിയ ഒമാനെതിരെ വിജയം സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഒമാനെ 109 എന്ന ചെറിയ സ്കോറിൽ ഒതുക്കാൻ നമീബിയയ്ക്ക് സാധിച്ചിരുന്നു.
ശേഷം നമീബിയയും ബാറ്റിംഗിൽ തകരുകയുണ്ടായി. നമീബിയയുടെ ഇന്നിംഗ്സും 109 റൺസിൽ അവസാനിച്ചതോടെ മത്സരം സൂപ്പർ ഓവറിലേക്ക് നീളുകയായിരുന്നു. സൂപ്പർ ഓവറിൽ നമിബിയയുടെ ബാറ്റർമാർ മികവാർന്ന പ്രകടനം കാഴ്ചവച്ചതോടെ ആവേശ വിജയം നമിബിയയെ തേടിയെത്തി. സൂപ്പർ ബാറ്റിംഗിലും ബോളിങ്ങിലും മികച്ച പ്രകടനം പുറത്തെടുത്തത് ഡേവിഡ് വീസ ആയിരുന്നു.
മത്സരത്തിൽ ടോസ് നേടിയ നമീബിയ ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. വളരെ മോശം തുടക്കമാണ് ഒമാന് മത്സരത്തിൽ ലഭിച്ചത്. ഓപ്പൺ കശ്യപിന്റെയും നായകൻ ഇല്യാസിന്റെയും വിക്കറ്റുകൾ തുടക്കത്തിൽ തന്നെ ഒമാന് നഷ്ടമായി. ഇരുവരും പൂജ്യരായാണ് മടങ്ങിയത്. ശേഷം വിക്കറ്റ് കീപ്പർ ഖുശി(6) കൂടി പുറത്തായതോടെ ഒമാൻ തകരുകയായിരുന്നു.
3 വിക്കറ്റ് നഷ്ടത്തിൽ 10 റൺസ് മാത്രമാണ് ഒമാന് നേടാൻ സാധിച്ചത്. ശേഷമാണ് മഖ്സൂദും കൈലും ചേർന്ന് ഒമാനെ കൈപിടിച്ചു കയറ്റിയത്. ഇരുവരും മധ്യ ഓവറുകളിൽ കരുതലോടെ തന്നെ ബാറ്റ് വീശുകയുണ്ടായി. മഖ്സൂദ് 20 പന്തുകളിൽ 22 റൺസ് നേടിയപ്പോൾ കൈൽ 39 പന്തുകളിൽ 34 റൺസ് നേടി.
എന്നാൽ കൃത്യമായ സമയത്ത് സ്കോറിംഗ് ഉയർത്താൻ ഇരു ബാറ്റർമാർക്കും സാധിച്ചില്ല. ശേഷമെത്തിയ ബാറ്റർമാരും മികവ് പുലർത്താതെ പോയതോടെ ഒമാൻ ഇന്നിംഗ്സ് കേവലം 109 റൺസിൽ അവസാനിക്കുകയായിരുന്നു. നമിബിയക്കായി മികച്ച ബൗളിംഗ് പ്രകടനം കാഴ്ചവച്ചത് ട്രമ്പൽമാനും ഡേവിഡ് വീസയും ആയിരുന്നു.
ട്രമ്പൽമാൻ നാലോവറുകളിൽ 21 റൺസ് മാത്രം വിട്ടുനൽകി 4 വിക്കറ്റുകൾ സ്വന്തമാക്കി. വീസ 28 റൺസ് വിട്ടു നൽകിയാണ് 3 വിക്കറ്റ് സ്വന്തമാക്കിയത്. മറുപടി ബാറ്റിംഗ് ആരംഭിച്ച നമിബിയയ്ക്ക് ലിങ്കന്റെ(0) വിക്കറ്റ് തുടക്കത്തിലെ നഷ്ടമായി. എന്നാൽ ഡാവിനും ഫ്രൈലിങ്കും പതിയെ സ്കോറിങ് ഉയർത്തിയത് നമിബിയയ്ക്ക് ആശ്വാസമായി മാറുകയായിരുന്നു.
ഫ്രൈലിങ്ക് 48 പന്തുകളിൽ 45 റൺസാണ് നേടിയത്. ഡാവിൻ 31 പന്തുകളിൽ 24 റൺസ് നേടി. എന്നാൽ സ്കോറിംഗ് ഉയർത്തുന്നതിൽ പൂർണ്ണമായും പരാജയപ്പെട്ട ഇരുവരും ടീമിന് കൂടുതൽ സമ്മർദ്ദമുണ്ടാക്കി. ഇരുവരും പുറത്തായ ശേഷം നമീബിയ തകരുകയുണ്ടായി. അവസാന ഓവറിൽ 6 വിക്കറ്റ്കൾ ശേഷിക്കെ 5 റൺസായിരുന്നു നമിബിയയ്ക്ക് വിജയിക്കാൻ വേണ്ടിയിരുന്നത്. എന്നാൽ ഓവറിലെ ആദ്യ പന്തിൽ തന്നെ മെഹ്റാൻ ഫ്രൈലിങ്കിനെ വീഴ്ത്തി. ശേഷം മൂന്നാം പന്തിലും മെഹ്റാൻ വിക്കറ്റ് സ്വന്തമാക്കിയതോടെ നമിബിയയുടെ വിജയലക്ഷ്യം 3 പന്തുകളിൽ 5 റൺസായി മാറി. എന്നാൽ പിന്നീടുള്ള 3 പന്തുകളിൽ 4 റൺസ് മാത്രമാണ് നമിബിയയ്ക്ക് സ്വന്തമാക്കാൻ സാധിച്ചത്. ഇതോടെ മത്സരം സൂപ്പർ ഓവറിൽ എത്തുകയായിരുന്നു.
സൂപ്പർ ഓവറിൽ ആദ്യം ബാറ്റ് ചെയ്ത നമീബിയയ്ക്കായി തട്ടുപൊളിപ്പൻ ബാറ്റിംഗ് പ്രകടനമാണ് ഡേവിഡ് വീസ കാഴ്ചവച്ചത്. സൂപ്പർ ഓവറിലെ ആദ്യ പന്തിൽ ബൗണ്ടറിയും രണ്ടാം പന്തിൽ സിക്സറും നേടാൻ വീസയ്ക്ക് സാധിച്ചു. ശേഷം അഞ്ചാം പന്തിലും അവസാന പന്തിലും ഇറാസ്മസ് ബൗണ്ടറിയും കണ്ടെത്തിയതോടെ നമീബിയയുടെ സൂപ്പർ ഓവറിലെ സ്കോർ 21 റൺസായി മാറി. എന്നാൽ 22 എന്ന വിജയലക്ഷ്യം സ്വന്തമാക്കാൻ ഒമാന് സാധിച്ചില്ല. ഇതോടെ മത്സരത്തിൽ നമീബിയ വിജയം നേടുകയായിരുന്നു.