“എന്റെ ജീവിതമാണ് എനിക്ക് ആത്മവിശ്വാസം നൽകുന്നത്. ഏത് മോശം അവസ്ഥയിൽ നിന്നും തിരിച്ചുവരും”- ജയ്സ്വാൾ

ഓസ്ട്രേലിയക്കെതിരായ ഇന്ത്യയുടെ ആദ്യ ടെസ്റ്റ് മത്സരത്തിൽ മികച്ച സെഞ്ച്വറിയായിരുന്നു യുവതാരം ജയസ്വാൾ സ്വന്തമാക്കിയത്. മത്സരത്തിന്റെ ആദ്യ ഇന്നിങ്സിൽ പൂജ്യനായി പുറത്തായ ജയസ്വാൾ രണ്ടാം ഇന്നിങ്സിൽ ഒരു വമ്പൻ തിരിച്ചുവരവ് നടത്തുകയുണ്ടായി.

ഇത്തരമൊരു തിരിച്ചുവരവിന് തന്നെ സഹായിച്ചത് മുൻകാല ജീവിതത്തിലെ ആത്മവിശ്വാസമാണ് എന്ന് ജയസ്വാൾ വെളിപ്പെടുത്തുകയുണ്ടായി. ഏത് മോശം സാഹചര്യത്തിൽ നിന്നും തിരിച്ചുവരാനുള്ള ശേഷി തനിക്കുണ്ട് എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ജയസ്വാൾ. ഒരു ഓസ്ട്രേലിയൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ജയസ്വാൾ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

“എന്റെ മുൻകാലത്തെ ജീവിതമാണ് എന്റെ ആത്മവിശ്വാസം. എത്ര മോശം സാഹചര്യങ്ങളിൽ നിന്നും തിരിച്ചു വരാൻ എനിക്ക് സാധിക്കുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്. എല്ലായിപ്പോഴും പോരാട്ടം നയിക്കുക എന്നത് മാത്രമാണ് എന്റെ മനസ്സിലുള്ളത്. ആ പോരാട്ടം ഞാൻ അങ്ങേയറ്റം ആസ്വദിക്കുന്നു. അതിൽ വിജയിക്കാനും ഞാൻ ഇഷ്ടപ്പെടുന്നു.”- ജയസ്വാൾ പറയുകയുണ്ടായി. മാത്രമല്ല ഇത്തരമൊരു ക്രിക്കറ്റ് ജീവിതം ലഭിച്ചത് തനിക്ക് വലിയ അനുഗ്രഹമായി തോന്നുന്നതായും ജയസ്വാൾ അഭിമുഖത്തിൽ കൂട്ടിച്ചേർത്തു. ഇപ്പോൾ താൻ ചെയ്യുന്നത് ജീവിതത്തിൽ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ജോലിയാണ് എന്ന് ജയസ്വാൾ കൂട്ടിച്ചേർത്തു.

“ഇത്തരത്തിൽ ഒരു ജീവിതം ലഭിച്ചത് എനിക്ക് വലിയ അനുഗ്രഹമായി തോന്നുന്നു. അതാണ് എനിക്ക് ഏറ്റവും ആത്മവിശ്വാസം നൽകുന്നത്. എനിക്ക് സ്വയം മനസ്സിലാക്കാനും സ്വന്തം കഴിവുകളെ തിരിച്ചറിയാനും വ്യത്യസ്തമായ സാഹചര്യങ്ങളിലൂടെ കടന്നുപോവാനും ഇതുവരെ സാധിച്ചിട്ടുണ്ട്. ഇപ്പോൾ എനിക്ക് ലഭിച്ചിരിക്കുന്ന ഈ ജീവിതത്തിന് ഞാൻ ഏറ്റവുമധികം നന്ദി പറയുന്നത് ദൈവത്തോടാണ്. എനിക്കെന്താണോ ഈ ജീവിതത്തിൽ ചെയ്യാൻ ഏറ്റവും ഇഷ്ടം, അതാണ് ഞാനിപ്പോൾ ചെയ്തു കൊണ്ടിരിക്കുന്നത്. അക്കാര്യത്തിൽ ഞാൻ ഇപ്പോഴും സന്തുഷ്ടനാണ്. ക്രിക്കറ്റ് മത്സരത്തിലെ ഓരോ പന്തും എനിക്ക് ആസ്വദിക്കാൻ സാധിക്കുന്നുണ്ട്.”- ജയസ്വാൾ കൂട്ടിച്ചേർത്തു.

ഉത്തർപ്രദേശിലെ ഒരു സാധാരണ കുടുംബത്തിലാണ് ഇന്ത്യയുടെ യുവ ഓപ്പണറായ ജയ്സ്വാൾ ജനിച്ചത്. ശേഷം ഒരുപാട് പ്രയത്നത്തിലൂടെയാണ് ഇന്ത്യൻ ദേശീയ ടീമിൽ താരം എത്തിപ്പെട്ടത്. ഇതിനിടെ പാനിപൂരി കച്ചവടം അടക്കമുള്ള ജോലികൾ ജയസ്വാൾ ചെയ്യുകയുണ്ടായി. ഇത്തരത്തിൽ ഒരുപാട് കഠിനാധ്വാനം നടത്തിയ ശേഷമാണ് ജയസ്വാൾ ശ്രദ്ധിക്കപ്പെടുന്നത്. സഞ്ജു സാംസൺ നായകനായ രാജസ്ഥാൻ റോയൽസിലെ മികച്ച പ്രകടനത്തോടെയായിരുന്നു ജയസ്വാൾ എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയത്. ശേഷം വലിയ താമസമില്ലാതെ ഇന്ത്യൻ ദേശീയ ടീമിൽ ഇടംപിടിക്കാനും താരത്തിന് സാധിച്ചു.

Previous articleടെസ്റ്റ്‌ റാങ്കിൽ ബുംറ വീണ്ടും ഒന്നാം സ്ഥാനത്ത്. ബാറ്റിംഗില്‍ ജയ്സ്വാൾ രണ്ടാം സ്ഥാനത്ത്. കോഹ്ലിയ്ക്കും മുന്നേറ്റം.
Next articleആരാണ് വിഘ്‌നേഷ് പുത്തൂർ? രോഹിതിനും സൂര്യയ്ക്കുമൊപ്പം മുംബൈയിൽ ഇനി വിഘ്‌നേഷും.