വെസ്റ്റ് ഇൻഡീസിനു എതിരായ ലിമിറ്റഡ് ഓവർ പരമ്പരക്കുള്ള ഇന്ത്യൻ സ്‌ക്വാഡിനെ തിരഞ്ഞെടുത്തപ്പോൾ ഏറ്റവും അധികം ശ്രദ്ധേയമായി മാറിയത് ആൾറൗണ്ടർ ദീപക് ഹൂഡ സാന്നിധ്യമാണ്. ആഭ്യന്തര ക്രിക്കറ്റിലും ഐപില്ലിലും എല്ലാം മികച്ച പ്രകടനം ബാറ്റ് കൊണ്ടും ബോൾ കൊണ്ടും തന്നെ പുറത്തെടുത്ത താരം കഴിഞ്ഞ സയ്യദ് മുഷ്താഖ് അലി ട്രോഫിയിൽ ഗംഭീര പ്രകടനം കാഴ്ചവെച്ചിരുന്നു.
ഒന്നാം ഏകദിനത്തിൽ നിർണായക കൂട്ടുകെട്ട് സൂര്യകുമാർ യാദവിനോപ്പം നേടിയ ദീപക് ഹൂഡ ഇന്നലെ നടന്ന രണ്ടാമത്തെ ഏകദിന മത്സരത്തിൽ 25 ബോളിൽ നിന്നും 2 ഫോർ അടക്കം 29 റൺസ് അടിച്ചെടുത്തിരുന്നു. കൂടാതെ തന്റെ കന്നി അന്താരാഷ്ട്ര വിക്കറ്റും താരം ഇന്നലെ വീഴ്ത്തി.
അതേസമയം ഒന്നാം ഏകദിനത്തിന് മുന്നോടിയായി സീനിയർ ഇന്ത്യൻ താരം വിരാട് കോഹ്ലിയിൽ നിന്നുമാണ് ദീപക് ഹൂഡ തന്റെ ക്യാപ്പ് വാങ്ങിയത്. താരം മികച്ച പ്രകടനം ഇന്ത്യൻ കുപ്പായത്തിലും തുടരുമ്പോൾ സന്തോഷമുണ്ടെന്നാണ് മുൻ ഇന്ത്യൻ താരമായ ഇർഫാൻ പത്താൻ അടക്കം പറഞ്ഞത്. എന്നാൽ തന്റെ കുട്ടിക്കാല സ്വപ്നം ഒടുവിൽ സാക്ഷാത്കരിച്ചതിന്റെ സന്തോഷം തുറന്ന് പറയുകയാണ് താരം.ഇന്ത്യൻ കുപ്പായത്തിൽ കളിക്കുന്നത് സ്വപ്നം കണ്ടിരുന്ന ദീപക് ഹൂഡ താൻ ഒരിക്കൽ ധോണിയിൽ നിന്നോ കോഹ്ലിയിൽ നിന്നോ ഇന്ത്യൻ തൊപ്പി വാങ്ങുമെന്നും സ്വപ്നം കണ്ടിരുന്നതായി വിശദമാക്കി.
“ഒടുവിൽ ഞാൻ എന്റെ ഏറ്റവും വലിയ ആഗ്രഹത്തിലേക്ക് എത്തി. വളരെ സന്തോഷമുണ്ട് എനിക്ക് ഈ ഒരു നേട്ടത്തിലേക്ക് എത്താൻ സാധിച്ചതിൽ. നിങ്ങൾ ഈ ഇന്ത്യൻ കുപ്പായം നേടാൻ വളരെ അധികം കഷ്ടപെടേണ്ടതുണ്ട്. ഈ നേട്ടത്തിൽ ഞാൻ ഏറെ സന്തോഷവാനാണ്. എന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു ധോണി ഭായ് അല്ലേൽ കോഹ്ലി ഭായ് ഇവരില്‍ ആരെങ്കിലും ഒരാളിൽ നിന്നും ക്യാപ്പ് നേടണമെന്നത് ” ദീപക് ഹൂഡ വാചാലനായി.