അവന്റെ പേസിന് മുമ്പിൽ എന്റെ പന്തുകൾ ഒന്നുമല്ലാതായി. മായങ്ക് യാദവിനെ പറ്റി അർഷദീപ് സിംഗ്.

ഇന്ത്യയുടെ ബംഗ്ലാദേശിനെതിരായ ആദ്യ ട്വന്റി20 മത്സരത്തിൽ തകർപ്പൻ ബോളിംഗ് പ്രകടനമാണ് അരങ്ങേറ്റക്കാരനായ മായങ്ക് യാദവ് കാഴ്ചവച്ചത്. തന്റെ അന്താരാഷ്ട്ര ക്രിക്കറ്റിലേക്കുള്ള വരവ് ഒരു മെയ്ഡനോടെയാണ് മായങ്ക് ആരംഭിച്ചത്. മത്സരത്തിൽ തന്റെ ആദ്യ ഓവറിൽ തന്നെ അതികഠിനമായ പേസ് കൊണ്ട് ബംഗ്ലാദേശിനെ ചുറ്റിക്കാൻ മായങ്ക് യാദവിന് സാധിച്ചു.

ആദ്യ ഓവർ മെയ്ഡനാക്കിയ മായങ്ക് രണ്ടാം ഓവറിൽ മഹമുദുള്ളയുടെ വിക്കറ്റ് സ്വന്തമാക്കുകയുണ്ടായി. മത്സരത്തിൽ 4 ഓവറുകൾ പന്തെറിഞ്ഞ മായങ്ക് 21 റൺസ് മാത്രം വിട്ട് നൽകി ഒരു വിക്കറ്റ് സ്വന്തമാക്കി. മത്സരത്തിലെ മായങ്കിന്റെ പ്രകടനത്തെ പ്രശംസിച്ച് ഇപ്പോൾ രംഗത്ത് എത്തിയിരിക്കുകയാണ് ഇന്ത്യയുടെ പേസർ അർഷദീപ് സിംഗ്.

മത്സരത്തിൽ മായങ്ക് യാദവ് പുറത്തെടുത്ത ബോളിംഗ് പ്രകടനം തന്നെ അങ്ങേയറ്റം ആവേശകരമാക്കുന്നു എന്ന് അർഷദീപ് പറയുകയുണ്ടായി. “മത്സരത്തിൽ എല്ലാ ബോളർമാരും ബോൾ ചെയ്ത രീതി എന്നെ ഒരുപാട് ആവേശത്തിൽ ആക്കുന്നതാണ്. പ്രത്യേകിച്ച് മായങ്ക് യാദവ്. ഞാൻ എറിയാറുള്ള പന്തുകൾ പോലും, അവന്റെ പേസുമായി താരതമ്യം ചെയ്യുമ്പോൾ വളരെ സ്പീഡ് കുറഞ്ഞ പന്തുകളായി തോന്നിയിരുന്നു.”- അർഷദീപ് സിംഗ് പറഞ്ഞു. മത്സരത്തിൽ തുടർച്ചയായി 140 കിലോമീറ്റർ സ്പീഡിന് മുകളിൽ പന്തറിയാൻ മായങ്ക് യാദവിന് സാധിച്ചിരുന്നു.

മായങ്കിനൊപ്പം മികച്ച ബോളിംഗ് പ്രകടനം തന്നെയാണ് അർഷദീപ് സിംഗും മത്സരത്തിൽ കാഴ്ചവച്ചത്. മത്സരത്തിൽ 3 വിക്കറ്റുകൾ താരം സ്വന്തമാക്കി. മത്സരത്തിലെ തന്റെ ബോളിങ്ങിനെ പറ്റി അർഷദീപ് സംസാരിക്കുകയുണ്ടായി. താൻ ബോൾ ചെയ്യുന്ന സമയത്ത്, ബോൾ ചെയ്യുന്ന എൻഡിൽ നിന്ന് കൃത്യമായി ഒരു കാറ്റുണ്ടായിരുന്നുവെന്നും അത് വേണ്ട രീതിയിൽ വിനിയോഗിക്കാൻ തനിക്ക് സാധിച്ചു എന്നുമാണ് അർഷദീപ് പറയുന്നത്. തനിക്ക് ലഭിച്ച വിക്കറ്റുകളൊന്നും താൻ ആഗ്രഹിച്ച രീതിയിൽ ആയിരുന്നില്ല എന്ന് അർഷദീപ് പറഞ്ഞു. എന്നിരുന്നാലും മത്സരത്തിൽ മികച്ച പ്രകടനം നടത്താന്‍ സാധിച്ചതിൽ അതിയായ സന്തോഷമുണ്ട് എന്നാണ് അർഷദീപ് പറഞ്ഞത്.

2024 ഇന്ത്യൻ പ്രീമിയർ ലീഗിൽ വമ്പൻ ബോളിംഗ് പ്രകടനവുമായാണ് മായങ്ക് യാദവ് ലോക ക്രിക്കറ്റിന്റെ ശ്രദ്ധ പിടിച്ചുപറ്റിയത്. 2024 ഐപിഎല്ലിൽ തുടർച്ചയായി 156 കിലോമീറ്റർ സ്പീഡിന് മുകളിൽ പന്തറിയാൻ മായങ്കിന് സാധിച്ചിരുന്നു. ശേഷം ആഭ്യന്തര ക്രിക്കറ്റിൽ തുടർച്ചയായ മികച്ച പ്രകടനങ്ങൾക്ക് ശേഷമാണ് മായങ്കിനെ ഇന്ത്യ തങ്ങളുടെ ടീമിലേക്ക് ക്ഷണിച്ചത്. തന്റെ ആദ്യ ഉദ്യമം അങ്ങേയറ്റം മികച്ച രീതിയിൽ ഭംഗിയാക്കാൻ മായങ്കിന് സാധിച്ചിട്ടുണ്ട്. ബംഗ്ലാദേശിനെതിരായ രണ്ടാം ട്വന്റി20 മത്സരത്തിലും താരം ഇത്തരത്തിൽ മികവ് പുലർത്തും എന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ ആരാധകർ.

Previous article“ടീം മീറ്റിങ്ങിലെ തന്ത്രങ്ങൾ വിജയം കണ്ടു”, മത്സരശേഷം സൂര്യകുമാർ യാദവിന്റെ വാക്കുകൾ.
Next articleസിക്സർവേട്ടയിൽ ബട്ലറെ മറികടന്ന് സൂര്യ. അടുത്ത ലക്ഷ്യം രോഹിത് ശർമ