ബംഗ്ലാദേശിന്‍റെ വിക്കറ്റ് കീപ്പര്‍ താരം മുഷ്ഫിഖുര്‍ റഹീം രാജ്യാന്തര ടി20 ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. ഓസ്ട്രേലിയയില്‍ ടി20 ലോകകപ്പ് നടക്കാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കേയാണ് ബംഗ്ലാദേശ് താരത്തിന്‍റെ അമ്പരപ്പിച്ച നീക്കം. ഏഷ്യ കപ്പ് ടൂര്‍ണമെന്‍റില്‍ അഫ്ഗാനോടും ശ്രീലങ്കയോടും തോറ്റ് ബംഗ്ലാദേശ് പുറത്തായിരുന്നു.
” എന്റെ നീണ്ട കരിയറിലുടനീളം നിങ്ങളെല്ലാവരും എന്നോടൊപ്പം ഉണ്ടായിരുന്നതിൽ ഞാൻ നന്ദിയുള്ളവനാണ്. എന്റെ ഉയർച്ചയിലും താഴ്ചയിലും നിങ്ങളുടെ പിന്തുണ എനിക്ക് പ്രചോദനമായിരുന്നു. ഇന്ന് ഞാൻ ടി20 അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിക്കുകയാണ്. ടെസ്റ്റ്, ഏകദിന ഫോർമാറ്റുകളിൽ ഞാൻ അഭിമാനത്തോടെ ബംഗ്ലാദേശിനെ പ്രതിനിധീകരിക്കുന്നത് തുടരും. “
“ഈ രണ്ട് ഫോർമാറ്റുകളിലും നമ്മുടെ രാജ്യത്തിന് വിജയം കൊണ്ടുവരാൻ കഴിയുമെന്ന് എനിക്ക് പ്രതീക്ഷയുണ്ട്. ബംഗ്ലാദേശ് പ്രീമിയർ ലീഗിലും (ബിപിഎൽ) മറ്റ് ഫ്രാഞ്ചൈസി ടൂർണമെന്റുകളിലും ഞാൻ തുടർന്നും പങ്കെടുക്കും. ” വിരമിക്കല്‍ പ്രഖ്യാപിച്ചു മുഷ്ഫിഖുര്‍ കുറിച്ചു.
ബംഗ്ലാദേശിനായി 102 മത്സരങ്ങളില്‍ കളിച്ച താരം 1500 റണ്‍സ് നേടി. 115.03 സ്ട്രൈക്ക് റേറ്റില്‍ ബാറ്റ് ചെയ്ത താരം 6 അര്‍ദ്ധസെഞ്ചുറിയും നേടിയട്ടുണ്ട്. ബംഗ്ലാദേശിനെ 23 ടി20 മത്സരങ്ങളിലും നയിച്ച താരം 8 വിജയത്തിലെത്തിച്ചു.