ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ പോരാട്ടത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ മുംബൈ ഇന്ത്യന്‍സിനു വിജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ മുംബൈ ഇന്ത്യന്‍സ് നിശ്ചിത 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 177 റണ്‍സാണ് നേടിയത്. എന്നാല്‍ മറുപടി ബാറ്റിംഗില്‍ അവസാന ഓവറിലെ അവസാന പന്ത് വരെ ആവേശം നീണ്ടു നിന്ന മത്സരത്തില്‍ 5 റണ്‍സിന്‍റെ വിജയമാണ് രോഹിത് ശര്‍മ്മയും സംഘവും നേടിയത്.
അവസാന ഓവറില്‍ വിജയിക്കാന്‍ 9 റണ്‍സ് വേണമെന്നിരിക്കെ ഡാനിയല്‍ സാംസാണ് പന്തെറിഞ്ഞത്. ആദ്യ പന്തില്‍ ഡേവിഡ് മില്ലര്‍ സിംഗിള്‍ എടുത്ത് തെവാട്ടിയക്ക് നല്‍കി. അടുത്ത പന്തില്‍ തെവാട്ടിയക്ക് റണ്‍ കണ്ടെത്താന്‍ കഴിഞ്ഞില്ലാ. മൂന്നാം പന്തില്‍ ഡബിളിനായി ഓടിയ തെവാട്ടിയ റണ്ണൗട്ടായി. പകരം എത്തിയ റാഷീദ് ഖാനാവട്ടെ നേരിട്ട ആദ്യ വമ്പന്‍ ഹിറ്റിനു ശ്രമിച്ചെങ്കിലും ടൈമിങ്ങ് തെറ്റി. പക്ഷേ ഡാനിയല്‍ സാംസിനു ക്യാച്ച് നേടാനായില്ലാ.
2 പന്തില്‍ 6 റണ്‍ വേണമെന്നിരിക്കെ മികച്ച ഫോമിലുള്ള മില്ലര്‍ക്ക് റണ്‍സൊന്നും നേടാനായില്ലാ. കൈവിട്ട കളി ഒറ്റ ഓവറിലൂടെയാണ് മുംബൈ തിരിച്ചു പിടിച്ചത്.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യന്‍സിനു മികച്ച തുടക്കമാണ് ലഭിച്ചത്. രോഹിത് ശര്‍മ്മ (28 പന്തില്‍ 43) ഇഷാന്‍ കിഷന്‍ (29 പന്തില്‍ 45) എന്നിവര്‍ മികച്ച പ്രകടനം നടത്തി. അവസാന നിമിഷം ടിം ഡേവിഡ് (21 പന്തില്‍ 44) ആണ് മുംബൈയെ മികച്ച സ്കോറിലേക്ക് നയിച്ചത്. ഗുജറാത്തിനായി റാഷീദ് ഖാന്‍ 2 വിക്കറ്റ് വീഴ്ത്തി.