ഐപിഎൽ എൽ ക്ലാസിക്കോ മത്സരത്തിൽ മുംബൈ ഇന്ത്യൻസിന് മേൽ മഞ്ഞപ്പടയുടെ തേരോട്ടം. വാങ്കഡെയിൽ നടന്ന മത്സരത്തിൽ 7 വിക്കറ്റുകൾക്ക് മുംബൈയെ പരാജയപ്പെടുത്തിയാണ് ചെന്നൈ കരുത്ത് കാട്ടിയത്. അങ്ങേയറ്റം ആവേശഭരിതമായ മത്സരത്തിൽ ചെന്നൈക്കായി രവീന്ദ്ര ജഡേജയും അജിങ്ക്യ രഹാനെയും നിറഞ്ഞാടുന്നതാണ് കാണാൻ സാധിച്ചത്. ഈ സീസണിൽ തോൽവിയോടെ തുടങ്ങിയ ചെന്നൈ സൂപ്പർ കിങ്സിന് അങ്ങേയറ്റം ആത്മവിശ്വാസം പകരുന്ന വിജയം തന്നെയാണ് മുംബൈയ്ക്കെതിരായ മത്സരത്തിൽ ലഭിച്ചിരിക്കുന്നത്.
മത്സരത്തിലേക്ക് കടന്നുചെന്നാൽ ടോസ് നേടിയ ചെന്നൈ ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. മത്സരത്തിന്റെ ആദ്യ ഓവറുകളിൽ മുംബൈ ബാറ്റർമാർ അടിച്ചു തകർത്തു. മുംബൈയ്ക്ക് മികച്ച ഒരു തുടക്കം നൽകൻ രോഹിത് ശർമയ്ക്കും ഇഷാൻ കിഷനും സാധിച്ചിരുന്നു. എന്നാൽ ചെന്നൈയുടെ സ്പിന്‍ അസ്ത്രങ്ങൾ കളത്തിലെത്തിയതോടെ കളി മാറുകയായിരുന്നു. രവീന്ദ്ര ജഡേജയും സാന്റനറും വളരെ മികച്ച രീതിയിൽ കളി നിയന്ത്രിച്ചു. ജഡേജ മത്സരത്തിൽ മൂന്നു വിക്കറ്റുകൾ നേടിയപ്പോൾ, സാന്റ്നർ രണ്ട് വിക്കറ്റുകൾ നേടി. അങ്ങനെ മുംബൈയുടെ ഇന്നിങ്സ് കേവലം 157 റൺസിൽ അവസാനിക്കുകയായിരുന്നു.
മറുപടി ബാറ്റിംഗിൽ ചെന്നൈക്ക് കോൺവെയെ(0) ആദ്യ ഓവറിൽ തന്നെ നഷ്ടമായി. എന്നാൽ മൂന്നാമനായിറങ്ങിയ അജിങ്കാ രഹാനെ മുംബൈ ബോളർമാർക്ക് മേൽ താണ്ഡവമാടുന്നതാണ് കാണാൻ സാധിച്ചത്. കേവലം 19 പന്തുകളിൽ തന്റെ അർത്ഥസെഞ്ച്വറി രഹാനെ പൂർത്തീകരിച്ചു. മത്സരത്തിൽ 27 പന്തുകളിൽ 61 റൺസാണ് രഹാനെ നേടിയത്. ഇന്നിംഗ്സിൽ 7 ബൗണ്ടറികളും മൂന്നു പടുകൂറ്റൻ സിക്സറുകളും ഉൾപ്പെട്ടു. ഒപ്പം ഋതുരാജ് ഗെയ്ക്ക്വാഡും(40) ശിവം ദുബെയും(28) പക്വതയാർന്ന ഇന്നീംഗ്സും കാഴ്ചവച്ചു. ഇതോടെ മത്സരം ചെന്നൈയുടെ വരുതിയിലേക്ക് എത്തുകയായിരുന്നു.
മത്സരത്തിൽ 7 വിക്കറ്റുകൾക്കാണ് ചെന്നൈ വിജയം കണ്ടത്. വളരെ ആശ്വാസം നൽകുന്ന വിജയം തന്നെയാണ് ചെന്നൈയ്ക്ക് മത്സരത്തിൽ ലഭിച്ചത്. മറുവശത്ത് മുംബൈയെ സംബന്ധിച്ച് വളരെ മോശം തുടക്കമാണ് 2023 ഐപിഎല്ലിന് ലഭിച്ചിരിക്കുന്നത്. ബാംഗ്ലൂരിനെതിരായ ആദ്യ മത്സരത്തിലും മുംബൈ അതിദയനീയമായി പരാജയം ഏറ്റുവാങ്ങിയിരുന്നു. ക്യാമ്പിലെ പരിക്കു ഭീഷണികളും മുംബൈയെ വലിയ രീതിയിൽ അലട്ടുന്നുണ്ട്.