മുംബൈ ബാറ്റ്സ്മാന്മാര്‍ 235/9 എന്ന പടുകൂറ്റന്‍ സ്കോര്‍ നേടിയെങ്കിലും സൺറൈസേഴ്സിനെ 65 റൺസിന് ഒതുക്കിയാൽ മാത്രമേ മുംബൈയ്ക്ക് കൊല്‍ക്കത്തയെ മറികടന്ന് പ്ലേ ഓഫ് ഉറപ്പിക്കാനാകുമായിരുന്നുള്ളു. മത്സരത്തിൽ 42 റൺസിന്റെ വിജയം മുംബൈ ഇന്ത്യന്‍സ് നേടിയെങ്കിലും പ്ലേ ഓഫ് ഉറപ്പിക്കുവാന്‍ മുംബൈയ്ക്ക് സാധിച്ചില്ല
ആറാം കിരീടം ലക്ഷ്യമാക്കി ടൂർണമെന്റ് കളിക്കാനെത്തിയ മുംബൈക്ക് പക്ഷേ ഈ സീസണിൽ തിളങ്ങുവാൻ സാധിച്ചില്ല. ബാറ്റിങ് നിരയുടെ തകർച്ചയും ഒപ്പം എല്ലാ പ്രമുഖ താരങ്ങളും ഫോമിലേക്ക് കൂടി എത്താതെ പോയതും രോഹിത് ശർമ്മ നയിക്കുന്ന മുംബൈക്ക് തിരിച്ചടിയായി മാറി. എന്നാൽ നിർണായക മത്സരത്തിൽ ഹൈദരാബാദ് ടീമിനെതിരെ ടോസ് നേടി ബാറ്റിങ് ആരംഭിച്ച മുംബൈക്ക് ബാറ്റിങ് നിര സമ്മാനിച്ചത് റെക്കോർഡ് സ്കോർ.20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 235 റൺസ് എന്ന റെക്കോർഡ് ടോട്ടലാണ് മുംബൈ ടീം പടുത്തുയർത്തിയത്.ആദ്യ പന്ത് മുതൽ അടിച്ചുകളിച്ച മുംബൈ ടീം ഐപിൽ ചരിത്രത്തിലെ തന്നെ അവരുടെ ഏറ്റവും ഉയർന്ന സ്കോറാണ് നേടിയത്.
മത്സരത്തിൽ പ്രതീക്ഷിച്ച ഒരു വമ്പൻ ജയം നേടുവാൻ കഴിയാതെ പോയ മുംബൈ ടീം പക്ഷേ അനവധി അപൂർവ്വ റെക്കോർഡുകൾ കരസ്ഥമാക്കി.ഇന്ന് നേടിയ സ്കോർ ഐപിൽ ചരിത്രത്തിലെ മുംബൈയുടെ ഏറ്റവും ഉയർന്ന ഒരു ടോട്ടലാണ്. കൂടാതെ മത്സരത്തിൽ മിന്നും ബാറ്റിങ് കാഴ്ചവെച്ച വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാനായ ഇഷാൻ കിഷൻ 16 ബോളിൽ തന്റെ അർദ്ധ സെഞ്ച്വറി പിന്നിട്ടു. ഒരു മുംബൈ ബാറ്റ്‌സ്മാന്റെ ഏറ്റവും വേഗതയേറിയ ഫിഫ്റ്റിയാണ് ഇത്.
അതേസമയം തന്റെ ഫിഫ്റ്റി ആദ്യ പവർപ്ലേക്ക് മുൻപായി നാലാം ഓവറിൽ സ്വന്തമാക്കിയ ഇഷാൻ കിഷൻ ഈ ഒരു നേട്ടം സ്വന്തമാക്കിയ രണ്ടാമത്തെ മാത്രം താരമാണ്. ലോകേഷ് രാഹുലാണ് മുൻപ് രണ്ട് തവണ ഈ നേട്ടം സ്വന്തമാക്കിയത്
നേരിട്ട ആദ്യത്തെ ബോൾ തന്നെ സിക്സ് അടിച്ച് തുടങ്ങിയ ഇഷാൻ കിഷൻ ആദ്യ പവർപ്ലേയിൽ 63 റൺസ് അടിച്ചു. ഒരു ബാറ്റ്‌സ്മാൻ ഐപിൽ ചരിത്രത്തിൽ പവര്‍പ്ലേയില്‍ നേടുന്ന മൂന്നാമത്തെ ഏറ്റവും ഉയർന്ന സ്കോർ കൂടിയാണിത്.2014ൽ ചെന്നൈ താരം സുരേഷ് റെയ്ന പവർപ്ലേയിൽ 87 റൺസ് നേടി റെക്കോർഡ് സൃഷ്ടിച്ചത് ക്രിക്കറ്റ് പ്രേമികൾ ഇന്നും മറന്നിട്ടില്ല.
ഇന്ന് മത്സരത്തിൽ മുംബൈ ഇന്ത്യൻസിന് പുറമേ ഒരു ഹൈദരാബാദ് താരവും അപൂർവ്വമായ നേട്ടം കരസ്ഥമാക്കി.5 ക്യാച്ചുകൾ നേടിയ ഹൈദരാബാദ് താരം മുഹമ്മദ് നബി വിക്കറ്റ് കീപ്പർ അല്ലാത്ത ഒരു താരം ഒരു ഐപിൽ മത്സരത്തിൽ നേടുന്ന ഏറ്റവും ക്യാച്ചുകൾ എന്നുള്ള നേട്ടം സ്വന്തമാക്കി.
ഐപിൽ ചരിത്രത്തിൽ ആദ്യത്തെ 10 ഓവറിൽ ഒരു ടീം നേടുന്ന ഏറ്റവും വലിയ സ്കോറും മുംബൈ ഇന്ത്യൻസ് കരസ്ഥമാക്കി.131 റൺസാണ് മുംബൈ ബാറ്റ്‌സ്മന്മാർ ആദ്യ 10 ഓവറിൽ അടിച്ചെടുത്തത്.ഇന്നത്തെ മത്സരത്തിൽ 32 പന്തുകളിൽ നിന്നും 11 ഫോറും 4 സിക്സും അടക്കമാണ് ഇഷാൻ കിഷൻ 84 റൺസ് അടിച്ചെടുത്തത്.
മത്സരത്തില്‍ അരങ്ങേറ്റം കുറിച്ച പീയൂഷ് ചൗള, 250 ടി20 മത്സരങ്ങള്‍ പൂര്‍ത്തിയാക്കി. ഇഷാന്‍ കിഷനൊപ്പം തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനം നടത്തിയ സൂര്യകുമാര്‍ യാദവ് (82) കരിയറിലെ ഏറ്റവും ഉയര്‍ന്ന സ്കോര്‍ കണ്ടെത്തി. ടി20 ക്രിക്കറ്റില്‍ 4000 റണ്‍സും സൂര്യകുമാര്‍ യാദവ് പൂര്‍ത്തിയാക്കി.