“ഹർദിക് ഞങ്ങളോട് ക്ഷമിക്കണം”, ക്ഷമാപണവുമായി മുംബൈ ഇന്ത്യൻസ് ആരാധകർ.

hardik t20 wc

വിശ്വകിരീടം സ്വന്തമാക്കി ഇന്ത്യൻ മണ്ണിൽ കാലുകുത്തിയ ഇന്ത്യൻ ക്രിക്കറ്റ് ടീം അംഗങ്ങൾക്ക് വമ്പൻ സ്വീകരണം തന്നെയാണ് ലഭിക്കുന്നത്. ബാർബഡോസിൽ നിന്ന് ഇന്ത്യൻ മണ്ണിൽ എത്തിയ ടീമംഗങ്ങൾ പ്രധാനമന്ത്രി നരേന്ദ്രമോദിയുമൊപ്പം പ്രഭാത ഭക്ഷണ ചടങ്ങിൽ പങ്കെടുക്കുകയും, പിന്നീട് വിജയ റോഡ് ഷോ നടത്തുകയും ചെയ്തു. വാങ്കഡെയിൽ ഒത്തുകൂടിയ വമ്പൻ ജനസാഗരത്തെയാണ് സ്വീകരണ സമയത്ത് കാണാൻ സാധിച്ചത്.

ഇതിനിടെ ഒരു ഇന്ത്യൻ ക്രിക്കറ്റ് ആരാധികയുടെ വാക്കുകളാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടിയിരിക്കുന്നത്. തനിക്ക് ഇന്ത്യയുടെ ഉപനായകൻ ഹർദിക് പാണ്ട്യയോട് ക്ഷമ ചോദിക്കേണ്ടതുണ്ട് എന്ന് ആരാധിക പറയുന്നു. ഇന്ത്യൻ പ്രീമിയർ ലീഗ് സീസണിനിടെ താൻ ഹർദിക് പാണ്ട്യയെ വളരെ മോശമായി പരിഹസിച്ചിരുന്നു എന്നാണ് ആരാധിക പറഞ്ഞത്.

ഇന്ത്യൻ ടീം മുംബൈ എയർപോർട്ടിൽ എത്തിയ സമയത്താണ് ഇത്തരം ഒരു പ്രസ്താവന ആരാധികയിൽ നിന്ന് ഉണ്ടായത്. 2024 ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസിലേക്ക് ഹർദിക് പാണ്ഡ്യ തിരികെ എത്തിയിരുന്നു. ശേഷം ഹർദിക് പാണ്ഡ്യയെ മുംബൈ തങ്ങളുടെ നായകസ്ഥാനം ഏൽപ്പിക്കുകയും ചെയ്തു. രോഹിത്തിനെ ഒഴിവാക്കി ഹർദിക്കിനെ നായകനാക്കിയതോടെ ഒരുപാട് ആഭ്യന്തര പ്രശ്നങ്ങൾ മുംബൈ ടീമിലുണ്ടായി. ആരാധകർ പോലും മുംബൈ ടീമിനെതിരെ തിരിയുകയുണ്ടായി.

മൈതാനത്ത് ഹർദിക് പാണ്ട്യയേ വളരെ മോശം രീതിയിലാണ് മുംബൈ ആരാധകർ വരവേറ്റത്. ഹർദിക് മൈതാനത്ത് ഇറങ്ങുന്ന സമയത്ത് കൂവിവിളികളോടെ ആയിരുന്നു ആരാധകരുടെ പരിഹാസം. എന്നാൽ ഇതിനൊക്കെയും ശേഷം 2024 ട്വന്റി20 ലോകകപ്പിൽ വമ്പൻ പ്രകടനവുമായി ഇന്ത്യയെ വിജയത്തിൽ എത്തിക്കാൻ ഹാർദിക്കിന് സാധിച്ചു.

Read Also -  "നീ എന്നെ മനസിൽ ശപിക്കുന്നുണ്ടാവും", ലോകകപ്പ് ഫൈനലിന് മുമ്പ് രോഹിത് സഞ്ജുവിനോട് പറഞ്ഞത്.

ടൂർണമെന്റിലെ ഫൈനൽ മത്സരത്തിൽ ശക്തമായ ബോളിംഗ് പ്രകടനം പുറത്തെടുത്താണ് ഹർദിക്ക് ഇന്ത്യയെ വിജയത്തിലെത്തിച്ചത്. ഇന്ത്യയുടെ വിജയത്തിനിടയിൽ വിലങ്ങു തടിയായിരുന്ന ക്ലാസനെ പുറത്താക്കിയായിരുന്നു ഹർദ്ദിക്കിന്റെ ഹീറോയിസം. പിന്നീട് അവസാന ഓവറിൽ മില്ലറെ പുറത്താക്കി മികച്ച പ്രകടനം പുറത്തെടുക്കാൻ ഹർദിക്കിന് സാധിച്ചു. ശേഷമാണ് ഇപ്പോൾ ആരാധകർ ഹർദിക്കിനോട് മാപ്പുപറഞ്ഞ് രംഗത്ത് എത്തിയിരിക്കുന്നത്. തങ്ങൾ ചെയ്തത് വലിയ തെറ്റാണെന്നും അങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു എന്നും ഒരു കൂട്ടം ആരാധകർ പറയുകയുണ്ടായി.

“ആദ്യമായി എനിക്ക് ഹർദിക് പാണ്ട്യയെ കണ്ട് ഒരു മാപ്പു പറയേണ്ടതുണ്ട്. എന്തുകൊണ്ടാണ് അന്ന് ഞാൻ ഹർദിക്കിനെതിരെ ഇത്തരത്തിൽ ട്രോളുകളുമായി രംഗത്ത് വന്നത് എന്ന് എനിക്കറിയില്ല. ഹർദിക്ക് എന്നോട് ക്ഷമിക്കണം. മാത്രമല്ല ഇന്ത്യൻ ടീമിനായി കിരീടമുയർത്തിയതിൽ വലിയ നന്ദി എനിക്ക് അങ്ങയോട് പറയാനുണ്ട്. ടൂർണമെന്റിന്റെ ഫൈനലിലെ അവസാന ഓവറിൽ അവിസ്മരണീയ പ്രകടനമാണ് ഹർദിക് കാഴ്ചവെച്ചത്. എന്തുകൊണ്ടാണ് അന്ന് ഞാൻ താങ്കൾക്കെതിരെ മോശമായ പരാമർശങ്ങൾ നടത്തിയത് എന്ന് ഇപ്പോൾ ചിന്തിക്കുകയാണ്. എനിക്ക് ഒന്നും അറിയില്ല.”- ആരാധിക ഒരു പ്രമുഖ മാധ്യമത്തിലൂടെ പറഞ്ഞു.

Scroll to Top