2022ലെ ഇന്ത്യയിൽ പ്രീമിയർ ലീഗിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച ടീമുകളിൽ ഒന്നാണ് രാജസ്ഥാൻ റോയൽസ്. മലയാളി താരം സഞ്ജു സാംസൺ നായകനായ രാജസ്ഥാൻ ടീം 2022ലെ സീസണിൽ ഐപിഎല്ലിന്റെ ഫൈനലിൽ എത്തുകയുണ്ടായി. ഫൈനലിൽ ഗുജറാത്ത് ടൈറ്റൻസ് ടീമിനോട് പരാജയപ്പെട്ടാണ് രാജസ്ഥാന് രണ്ടാം സ്ഥാനത്ത് എത്തേണ്ടി വന്നത്. 2023 ഐപിഎല്ലിലേക്ക് വരുമ്പോഴും ഫൈനലിലെത്താൻ സാധ്യതയുള്ള ഒരു ടീമാണ് രാജസ്ഥാൻ എന്നാണ് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ് ഇപ്പോൾ പറയുന്നത്.
സഞ്ജുവിനെ പോലൊരു നായകനും, ജോസ് ബട്ലറെ പോലെ ഒരു വെടിക്കെട്ട് ബാറ്ററും, ഹെറ്റ്മെയ്റിനെ പോലെ ഒരു ഫിനിഷറുമുള്ളപ്പോൾ രാജസ്ഥാൻ റോയൽസിന് ഫൈനലിലെത്താൻ വളരെയധികം സാധ്യതകളുണ്ട് എന്ന് കൈഫ് പറയുന്നു. “2023 ഐപിഎല്ലില്ലും രാജസ്ഥാൻ റോയൽസ് ഫൈനലിൽ എത്തുമെന്നാണ് എനിക്ക് തോന്നുന്നത്. അവർ പേപ്പറിൽ അതിശക്തരാണ്. ഫൈനലിലെത്താൻ ടീമിന് വലിയ സാധ്യതകൾ തന്നെയുണ്ട്. സ്പിൻ വിഭാഗത്തിൽ രവിചന്ദ്രൻ അശ്വിനും യുസ്വെന്ദ്ര ചഹലുമാണ് രാജസ്ഥാൻ റോയൽസിനുള്ളത്. ഒപ്പം ബോളിങ്ങിൽ ട്രെൻഡ് ബോൾട്ടിന് ആദ്യ ഓവറുകളിൽ അനായാസം വിക്കറ്റ് വീഴ്ത്താനും സാധിക്കും. 2022ലെ അവരുടെ സൂപ്പർ ബോളർ പ്രസീദ് കൃഷ്ണയ്ക്ക് പരിക്കേറ്റിട്ടുണ്ടെങ്കിലും, ബോൾട്ടിന് അത് നികത്താനാവും.”- മുഹമ്മദ് കൈഫ് പറയുന്നു.
“എന്തുകൊണ്ടും രാജസ്ഥാൻ ഒരു പൂർണ്ണമായ ടീം തന്നെയാണ്. മത്സരം ഒറ്റയ്ക്ക് ജയിക്കാൻ പ്രാപ്തിയുള്ള ജോസ് ബട്ലർ ടീമിലുണ്ട്. മത്സരം നന്നായി ഫിനിഷ് ചെയ്യാൻ സാധിക്കുന്ന ഹെറ്റ്മെയറും നിരയിലുണ്ട്. മാത്രമല്ല മൂന്നാം നമ്പരിൽ സഞ്ജു സാംസണ് വലിയ റെക്കോർഡുകളാണ് രാജസ്ഥാൻ റോയൽസിനായി കളിക്കുമ്പോഴുള്ളത്. സഞ്ജു മികച്ച രീതിയിൽ ടീമിനെ നയിക്കുകയും ചെയ്യുന്നുണ്ട്.”- കൈഫ് കൂട്ടിച്ചേർക്കുന്നു.
കഴിഞ്ഞ സീസണിൽ സഞ്ജു സാംസണിന്റെയും ജോസ് ബട്ലറുടെയും ഹെറ്റ്മെയ്റുടെയും പ്രകടനത്തിന്റെ മികവിലായിരുന്നു രാജസ്ഥാൻ റോയൽസ് ഫൈനലിൽ എത്തിയത്. കഴിഞ്ഞ സീസണിൽ 57.53 ശരാശരിയിൽ 863 റൺസാണ് ബട്ലർ നേടിയത്. സീസണിൽ 488 റൺസ് നേടി സഞ്ജു സാംസൺ രാജസ്ഥാനായി കളം നിറഞ്ഞിരുന്നു. ഇത്തവണയും ഈ പ്രകടനങ്ങൾ ആവർത്തിക്കാൻ സാധിച്ചാൽ രാജസ്ഥാൻ റോയൽസിന് ജേതാക്കളാവാൻ സാധിക്കുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.