ഇന്നലെയായിരുന്നു എഷ്യ കപ്പിലെ ഇന്ത്യ അഫ്ഗാനിസ്ഥാൻ പോരാട്ടം.നിർണായക മത്സരത്തിൽ ശ്രീലങ്കയോട് തോറ്റ് ഇന്ത്യയും, പാക്കിസ്ഥാനുമായി തോറ്റ് അഫ്ഗാനിസ്ഥാനും ടൂർണമെൻ്റിൽ നിന്നും പുറത്തായിരുന്നു.അതുകൊണ്ട് തന്നെ ആശ്വാസ ജയം നേടി ടൂർണമെൻ്റ് അവസാനിപ്പിക്കാൻ ആണ് ഇരു ടീമുകളും ഇറങ്ങിയത്.
എന്നാൽ അഫ്ഗാനിസ്ഥാനെ ഞെട്ടിച്ച് വെടിക്കെട്ട് ബാറ്റിങ് ആയിരുന്നു ഇന്ത്യൻ മുൻ നായകൻ വിരാട് കോഹ്ലി നടത്തിയത്. 2019 ശേഷം ഒരു സെഞ്ച്വറി പോലും നേടാൻ സാധിക്കാതെയിരുന്ന കോഹ്ലി ഇന്നലെ അഫ്ഗാനെതിരെ പുറത്താകാതെ 61 പന്തിൽ 12 ബൗണ്ടറികളും, 6 സിക്സറുകളുമടക്കം 122 റൺസ് നേടി തൻ്റെ സെഞ്ചുറി വരൾച്ചക്ക് അവസാനമിട്ടു. ഏഷ്യകപ്പിലെ മോശം ഫോമിന് പഴികേട്ട ഭുവനേശ്വർ കുമാറും അഫ്ഗാനെതിരെ കിടിലൻ പ്രകടനം ആയിരുന്നു പുറത്തെടുത്തത്.
4 ഓവറിൽ നാല് റൺസ് മാത്രം വിട്ടുകൊടുത്ത് 5 വിക്കറ്റ് ആണ് താരം സ്വന്തമാക്കിയത്. എന്നാൽ ഇപ്പോൾ ഇതാ ഇരുവരുടെയും പ്രകടനം കൊണ്ട് മാത്രമല്ല തങ്ങൾ തോറ്റത് എന്ന് പറഞ്ഞുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് അഫ്ഗാൻ നായകൻ മുഹമ്മദ് നബി. 101 റൺസിൻ്റെ വലിയ തോൽവി ആണ് അഫ്ഗാൻ ഇന്ത്യക്കെതിരെ ഏറ്റുവാങ്ങിയത്. പാക്കിസ്ഥാനെതിരായ ശക്തമായ മത്സരം കഴിഞ്ഞ് പെട്ടെന്ന് തന്നെ ഇന്ത്യക്കെതിരെ കളിക്കേണ്ടി വന്നത് കാര്യങ്ങൾ ദുഷ്കരമാക്കി എന്നാണ് അഫ്ഗാൻ നായകൻ പറഞ്ഞത്. അദ്ദേഹത്തിൻ്റെ വാക്കുകളിലൂടെ..
“പാകിസ്ഥാനെതിരെ കളിക്കുക വളരെ കടുപ്പമേറിയതാണ്. ശക്തമായ ആ മത്സരം കഴിഞ് ഉടനെ തന്നെ ഇന്ത്യക്കെതിരെ ഇറങ്ങേണ്ടിവന്നു. അത് കാര്യങ്ങൾ ദുഷ്ക്കരമാക്കി. ഇന്ത്യക്കെതിരായ മത്സരത്തിന് മാനസികമായി തയ്യാറായിരുന്നില്ല. ഏറ്റവും മികച്ച ഒരുക്കം നടത്താൻ ശ്രമിച്ചെങ്കിലും താരങ്ങൾക്ക് മാനസികമായി പൊരുത്തപ്പെടാനായില്ല. ഞങ്ങൾ ഏറ്റവും നല്ല ശ്രമം നടത്തി. കെ എൽ രാഹുലും വിരാട് കോലിയും ബാറ്റിങ് തുടങ്ങിയ രീതിയും പാഴായ ക്യാച്ചുകളും തിരിച്ചടിയായി. ബാറ്റിങ്ങിൽ മികവിലേക്കെത്താനും ഞങ്ങൾക്ക് കഴിഞ്ഞില്ല.”-മുഹമ്മദ് നബി പറഞ്ഞു.