ഇന്ത്യയുടെ മുൻ നായകൻ മഹേന്ദ്ര സിംഗ് ധോണിയ്ക്കെതിരെ വളരെ ഗൗരവകരമായ ആരോപണവുമായി യുവരാജ് സിംഗിന്റെ പിതാവ് യോഗ്രാജ് സിംഗ്. 2019 ലോകകപ്പ് സെമിഫൈനലിൽ ധോണി മനപ്പൂർവ്വം മോശം ഇന്നിംഗ്സ് കളിച്ച് ഇന്ത്യയെ പരാജയപ്പെടുത്താൻ ശ്രമിച്ചുവെന്ന ആരോപണമാണ് യോഗ്രാജ് സിംഗ് മുൻപിലേക്ക് വയ്ക്കുന്നത്. വിരാട് കോഹ്ലിയുടെ കീഴിൽ ഇന്ത്യ ലോകകപ്പ് നേടരുത് എന്ന ആഗ്രഹം അന്ന് ധോണിക്ക് ഉണ്ടായിരുന്നുവെന്നും യോഗ്രാജ് സിംഗ് പറയുന്നു. താനല്ലാതെ മറ്റൊരാൾ ആ നേട്ടങ്ങൾ കൊയ്യരുത് എന്ന ധോണിയുടെ പിടിവാശിയാണ് 2019 ലോകകപ്പിൽ ഇന്ത്യ പുറത്താകാനുള്ള കാരണമെന്നാണ് യോഗ്രാജ് സിംഗിന്റെ വാദം. ന്യൂസ് 18ന് നൽകിയ അഭിമുഖത്തിലാണ് യോഗ്രാജ് സിംഗ് ധോണിക്കെതിരെ ഈ ആരോപണം ഉന്നയിച്ചത്.
“2019 ലോകകപ്പിന്റെ സെമി ഫൈനലിൽ ധോണി നന്നായി ബാറ്റ് ചെയ്യാതിരുന്നത് മനപ്പൂർവം തന്നെയാണ്. ന്യൂസിലാൻഡിനോടുള്ള മത്സരത്തിൽ പരാജയമേറ്റുവാങ്ങി ഇന്ത്യ ലോകകപ്പിൽ നിന്ന് പുറത്താകുക എന്നതായിരുന്നു ധോണിക്ക് അന്ന് വേണ്ടിയിരുന്നത്. വിരാട് കോഹ്ലിയുടെ നേതൃത്വത്തിൽ ഇന്ത്യ ലോകകപ്പ് ജേതാക്കളാവണമേന്ന ആഗ്രഹം ധോണിക്ക് ഉണ്ടായിരുന്നില്ല. താൻ അല്ലാതെ മറ്റൊരു നായകൻ ലോകകപ്പ് കിരീടത്തിൽ മുത്തമിടരുത് എന്ന് ധോണിക്ക് ആഗ്രഹമുണ്ടായിരുന്നു. ഇത്തരം റെക്കോർഡുകൾ സ്വന്തം പേരിൽ നിൽക്കണമെന്നും ധോണി കരുതിയിരുന്നു.”- യോഗ്രാജ് പറയുന്നു.
“തന്റെ സ്ഥാനത്തിനായി ഏതൊരാളെയും വിൽക്കാൻ ധോണിക്ക് മടിയില്ല. ആരെയും എന്തും ചെയ്യാൻ ധോണി മടിക്കില്ല. അന്നത്തെ സെമി ഫൈനലിലെ ധോണിയുടെ ബാറ്റിംഗ് പ്രകടനം പരിശോധിക്കണം ആർക്കും ഇക്കാര്യത്തിൽ സംശയം ഉണ്ടാവും. അന്ന് വളരെ പതിഞ്ഞ രീതിയിലാണ് ധോണി ബാറ്റ് ചെയ്തിരുന്നത്. ഒരു വശത്ത് ജഡേജ ഫോറുകളും സിക്സറുകളും അടിച്ചു തകർക്കുന്നുണ്ടായിരുന്നു. പക്ഷേ ധോണി ഇതിന് തയ്യാറായില്ല. പകരം ഹർദിക് പാണ്ട്യയേയും ജഡേജയെയും വമ്പൻഷോട്ടുകൾ കളിക്കാൻ പ്രേരിപ്പിക്കുകയായിരുന്നു ധോണി. ഇതുമൂലം ഇരു ബാറ്റർമാരും പുറത്താവുകയും ചെയ്തു. ജഡേജയ്ക്ക് ഇത്ര ആക്രമണപരമായി കളിക്കാമെങ്കിൽ എന്തുകൊണ്ടാണ് ധോണിയ്ക്ക് സാധികാത്തത്? ഇരുവരും ബാറ്റ് ചെയ്തത് ഒരേ പിച്ചിൽ തന്നെയാണല്ലോ.”- യോഗ്രാജ് പറയുന്നു.
“ധോണിക്ക് അടിക്കാൻ പാകത്തിനുള്ള ഒരുപാട് പന്തുകൾ അന്ന് വന്നിരുന്നു. ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിംഗ്സിനായി കളിക്കുമ്പോൾ ഇത്തരം ബോളുകളിൽ തീപാറുന്ന ഷോട്ടുകൾ ധോണി കളിക്കാറുണ്ട്. ഇന്ത്യയ്ക്ക് വേണ്ടി കളിക്കുമ്പോൾ മാത്രം ഇതിന് ധോണിക്ക് സാധിക്കുന്നില്ല. ആ മത്സരത്തിൽ ജഡേജയെ പോലെ ധോണിയും ചെയ്തിരുന്നുവെങ്കിൽ 48 ഓവറിൽ ഇന്ത്യ മത്സരം വിജയിച്ചേനെ.”- യോഗ്രാജ് സിംഗ് പറഞ്ഞുവയ്ക്കുന്നു.