ഫിനിഷിങ്ങാണെന്റെ ജോലി, ഇങ്ങനെ തന്നെ ഇനിയും കളിക്കും. ടീമിലെ റോളിനെപ്പറ്റി ധോണി പറഞ്ഞത്.

image 2 1

ചെന്നൈ സൂപ്പർ കിംഗ്സിന്റെ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ ഒരു മികച്ച ഇന്നിങ്സ് തന്നെയായിരുന്നു നായകൻ മഹേന്ദ്ര സിംഗ് ധോണി കാഴ്ചവെച്ചത്. മത്സരത്തിന്റെ അവസാന ഓവറുകളിൽ ബാറ്റിംഗിനിറങ്ങിയ ധോണി 9 പന്തുകൾ നേരിട്ട് 20 റൺസ് നേടുകയുണ്ടായി. ധോണിയുടെ ഈ ഇന്നിങ്സ് ചെന്നൈയുടെ വിജയത്തിൽ നിർണായകമായ പങ്കുവഹിച്ചു. 2023ലെ ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇത്തരത്തിൽ മികച്ച ഫിനിഷിങ്ങുകളാണ് ധോണി ഇതുവരെ നടത്തിയിട്ടുള്ളത്. അവസാന ഓവറുകളിൽ ബാറ്റിംഗിന് ഇറങ്ങുന്നതിനാൽ തന്നെ ഒരുപാട് പന്തുകൾ നേരിടാൻ ധോണിയ്ക്ക് സാധിക്കാറില്ല. എന്നിരുന്നാലും താൻ ഇപ്പോൾ ചെയ്യുന്ന റോളിൽ അങ്ങേയറ്റം സന്തോഷവാനാണ് എന്ന് ധോണി മത്സരശേഷം പറയുകയുണ്ടായി.

ഇതുവരെ 2023ലെ ഇന്ത്യൻ പ്രീമിയർ ലീഗൽ 47 പന്തുകൾ മാത്രമാണ് ധോണി നേരിട്ടിട്ടുള്ളത്. ഇതിൽ നിന്നായി 10 സിക്സറുകൾ നേടാൻ ധോണിയ്ക്ക് സാധിച്ചിട്ടുണ്ട്. തന്റെ ടീമിലെ ഫിനിഷിംഗ് റോളിനെ പറ്റി ധോണി പറഞ്ഞത് ഇങ്ങനെയാണ്. “ഇതാണ് ടീമിൽ എന്റെ ജോലി. ഇതാവും ഞാൻ ചെയ്യുക എന്ന് നേരത്തെ തന്നെ ടീമിനെ അറിയിച്ചിട്ടുണ്ട്. ഒരുപാട് റൺസ് ഓടിയെടുക്കാൻ എനിക്ക് സാധിക്കില്ല. എന്നാൽ ഇത്തരത്തിലുള്ള ഫിനിഷിംഗ് വളരെയധികം പ്രാവർത്തികമാകുന്നുണ്ട്. ഇത്തരത്തിൽ കളിക്കുക എന്നതാണ് എന്റെ താല്പര്യം. ടീമിന് സംഭാവനകൾ നൽകാൻ സാധിക്കുന്നതിൽ സന്തോഷമുണ്ട്. ഇതുപോലെ തന്നെയാണ് ഞാൻ പരിശീലനത്തിൽ ഏർപ്പെടാറുള്ളതും.”- ധോണി മത്സരശേഷം പറഞ്ഞു.

Read Also -  മികച്ച തുടക്കം മുതലാക്കാതെ സഞ്ജു മടങ്ങി. 7 പന്തിൽ നേടിയത് 10 റൺസ് മാത്രം.

ഡൽഹിക്കെതിരായ മത്സരത്തിൽ ഖലീൽ അഹമ്മദിനെതിരെ ഒരു തകർപ്പൻ പ്രകടനമായിരുന്നു ധോണി കാഴ്ചവച്ചത്. ഖലീലിനെതിരെ 19ആം ഓവറിൽ ധോണി രണ്ട് വമ്പൻ സിക്സറുകളും ഒരു ബൗണ്ടറിയും നേടുകയുണ്ടായി. ശേഷം അവസാന ഓവറിൽ മിച്ചൽ മാർഷിന്റെ പന്തിൽ ധോണി പുറത്താവുകയായിരുന്നു. എന്നാൽ ചെന്നൈ സൂപ്പർ കിങ്സിന് മത്സരത്തിൽ മികച്ച ഒരു ഫിനിഷ് നൽകാനും, തരക്കേടില്ലാത്ത സ്കോറിലെത്തിക്കാനും ധോണിക്ക് സാധിച്ചിട്ടുണ്ട്. 2023 ഐപിഎല്ലിലുടനീളം ധോണി ഇത്തരത്തിൽ അവസാന ഓവറുകളിൽ വെടിക്കെട്ട് നടത്തുന്നുണ്ട്.

ഈ വിജയത്തോടെ ചെന്നൈ സൂപ്പർ കിംഗ്സ് പോയ്ന്റ്സ് ടേബിളിൽ തങ്ങളുടെ രണ്ടാം സ്ഥാനം നിലനിർത്തിയിട്ടുണ്ട്. ഇതുവരെ 11 മത്സരങ്ങൾ കളിച്ച ചെന്നൈ ഏഴു മത്സരങ്ങളിൽ വിജയിക്കുകയും നാലു മത്സരങ്ങളിൽ പരാജയമറിയുകയും ചെയ്തു. ചെന്നൈയുടെ ഒരു മത്സരം മുൻപ് മഴമൂലം ഉപേക്ഷിച്ചിരുന്നു. അതിനാൽ തന്നെ 15 പോയിന്റുകളാണ് ചെന്നൈക്കുള്ളത്. നിലവിൽ 16 പോയിന്റുകളുമായി ഗുജറാത്ത് മാത്രമാണ് ചെന്നൈയെക്കാൾ മുകളിൽ നിൽക്കുന്നത്. എന്തായാലും ഈ വിജയത്തോടെ തങ്ങളുടെ പ്ലേയോഫ് ചെന്നൈ ഏകദേശം ഉറപ്പിച്ചിട്ടുണ്ട്.

Scroll to Top