റെക്കോർഡ് ലിസ്റ്റില്‍ അനിൽ കുംബ്ലെയെ മറികടന്ന് ബുമ്ര.

ബോക്സിംഗ് ഡേ ടെസ്റ്റ് മത്സരത്തിന്റെ ആദ്യ ദിവസം ഒരു തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി ഇന്ത്യൻ താരം ജസ്‌പ്രീത് ബുമ്ര. മെൽബൺ ക്രിക്കറ്റ് മൈതാനത്ത് ഏറ്റവുമധികം വിക്കറ്റുകൾ സ്വന്തമാക്കുന്ന ഇന്ത്യൻ ബോളർ എന്ന റെക്കോർഡാണ് നിലവിൽ ബൂമ്ര പേരിൽ ചേർത്തിരിക്കുന്നത്. ഇന്ത്യയുടെ ഇതിഹാസ സ്പിന്നറായ അനിൽ കുംബ്ലെയെ മറികടന്നാണ് ബുമ്ര ഈ റെക്കോർഡിൽ പേര് ചേർത്തത്.

മത്സരത്തിന്റെ ആദ്യ സെഷനിൽ അരങ്ങേറ്റക്കാരനായ കോൺസ്റ്റസ് ബുമ്രയ്ക്കെതിരെ ആക്രമണം അഴിച്ചുവിട്ടിരുന്നു. എന്നാൽ രണ്ടാം സെഷനിലും മൂന്നാം സെഷനിലും ശക്തമായ തിരിച്ചുവരവ് നടത്തി 3 വിക്കറ്റുകൾ സ്വന്തമാക്കാൻ താരത്തിന് സാധിച്ചു. ഇതോടെയാണ് ബുമ്ര റെക്കോർഡ് പേരിൽ ചേർത്തത്.

20241218 084437

മെൽബൺ മൈതാനത്ത് ഇതുവരെ 3 ടെസ്റ്റ്‌ മത്സരങ്ങൾ കളിച്ച ബുമ്ര 18 വിക്കറ്റുകൾ സ്വന്തമാക്കിയിട്ടുണ്ട്. 3 മത്സരങ്ങളിൽ നിന്ന് മെൽബണിൽ 15 വിക്കറ്റുകൾ സ്വന്തമാക്കിയ അനിൽ കുംബ്ലെയെ ബൂമ്ര മറികടന്നു. മെൽബണിൽ 3 മത്സരങ്ങളിൽ നിന്ന് 14 വിക്കറ്റുകൾ സ്വന്തമാക്കിയ മുൻ ഇന്ത്യൻ താരം രവിചന്ദ്രൻ അശ്വിനാണ് ഈ ലിസ്റ്റിലെ മൂന്നാം സ്ഥാനക്കാരൻ. 3 മത്സരങ്ങളിൽ നിന്ന് 14 വിക്കറ്റുകൾ തന്നെ സ്വന്തമാക്കിയ ഇന്ത്യയുടെ ഇതിഹാസ ഓൾറൗണ്ടർ കപിൽ ദേവും ലിസ്റ്റിൽ ഇടംപിടിച്ചിട്ടുണ്ട്. 3 മത്സരങ്ങളിൽ നിന്ന് 13 വിക്കറ്റുകൾ മെൽബണിൽ സ്വന്തമാക്കിയ ഉമേഷ് യാദവാണ് ലിസ്റ്റിലെ അഞ്ചാം സ്ഥാനക്കാരൻ.

ഈ ലിസ്റ്റിൽ ബൂമ്രയെ ഒഴിച്ചുനിർത്തിയാൽ ഉമേഷ് യാദവ് മാത്രമാണ് വിരമിക്കാത്തത്. അതുകൊണ്ട് ഈ റെക്കോർഡ് ഒരുപാട് നാൾ ബുമ്രയ്ക്കൊപ്പം ഉണ്ടാകുമെന്ന കാര്യം ഏകദേശം ഉറപ്പാണ്. ബോക്സിങ് ഡേ ടെസ്റ്റ് മത്സരത്തിന്റെ ആദ്യ ദിവസം ശക്തമായ ബാറ്റിംഗ് പ്രകടനമായിരുന്നു ഓസ്ട്രേലിയയുടെ മുൻനിര ബാറ്റർമാർ കാഴ്ചവച്ചത്. മുൻനിരയിലുള്ള 4 താരങ്ങളും ഓസ്ട്രേലിക്കായി അർദ്ധസെഞ്ച്വറികൾ സ്വന്തമാക്കുകയുണ്ടായി. എന്നാൽ ഇന്ത്യക്ക് വലിയ ഭീഷണി സൃഷ്ടിച്ച ട്രാവിസ് ഹെഡിനെ പൂജ്യനാക്കി മടക്കാൻ ബുമ്രയ്ക്ക് സാധിച്ചു.

മത്സരത്തിൽ ഉസ്മാൻ ഖവാജയുടെ വിക്കറ്റാണ് ആദ്യം ബുമ്ര സ്വന്തമാക്കിയത്. ഇതോടെയാണ് ബൂമ്ര ഈ റെക്കോർഡിൽ അനിൽ കുംബ്ലെയെ മറികടന്നത്. മത്സരത്തിന്റെ ആദ്യ ദിവസം അവസാനിക്കുമ്പോൾ 311 റൺസ് സ്വന്തമാക്കുന്നതിനിടെ ഓസ്ട്രേലിയക്ക് 6 വിക്കറ്റുകൾ നഷ്ടമായിട്ടുണ്ട്. മത്സരത്തിന്റെ രണ്ടാം ദിവസം ശക്തമായ ബോളിംഗ് പ്രകടനം കാഴ്ചവച്ചാൽ മാത്രമേ ഇന്ത്യയ്ക്ക് ഓസ്ട്രേലിയൻ നിരയെ പിടിച്ചു കെട്ടാൻ സാധിക്കൂ.

Previous article“ബുമ്രയെ കണ്ടുപഠിക്കൂ, ഹെഡിനെ ഔട്ടാക്കിയ ശേഷം അവന്റെ ആഘോഷം.”, സിറാജിനെതിരെ മുഹമ്മദ്‌ കൈഫ്‌.