ഓസ്ട്രേലിയയ്ക്കെതിരായ ഇന്ത്യയുടെ ബോർഡർ- ഗവാസ്കർ ട്രോഫി പരമ്പരയിൽ തകർപ്പൻ ബാറ്റിംഗ് പ്രകടനമാണ് ഓപ്പണർ ജയസ്വാൾ കാഴ്ചവച്ചിട്ടുള്ളത്. രണ്ടാം ദിവസത്തെ മത്സരം അവസാനിക്കുമ്പോൾ രണ്ടാം ഇന്നിംഗ്‌സിൽ 90 റൺസ് ഇതിനോടകം സ്വന്തമാക്കാൻ ജയസ്വാളിന് സാധിച്ചിട്ടുണ്ട്. ആദ്യ ഇന്നിംഗ്സിൽ പൂജ്യനായി മടങ്ങിയ ജയസ്വാളിന്റെ ഒരു തകർപ്പൻ തിരിച്ചുവരമാണ് രണ്ടാം ഇന്നിങ്സിൽ കാണാൻ സാധിച്ചത്.
ജയസ്വാളിന്റെയും രാഹുലിന്റെയും മികവിൽ ശക്തമായ നിലയിലാണ് ഇന്ത്യ ഇപ്പോൾ. 218 റൺസിന്റെ രണ്ടാം ഇന്നിങ്സ് ലീഡാണ് ഇന്ത്യ ഇതിനോടകം സ്വന്തമാക്കിയത്. ഈ തകർപ്പൻ ഇന്നിങ്സിനിടെ ഒരു വെടിക്കെട്ട് റെക്കോർഡ് സ്വന്തമാക്കാനും ഇന്ത്യയുടെ യുവതാരം ജയസ്വാളിന് സാധിച്ചു.
ടെസ്റ്റ് ക്രിക്കറ്റിൽ ഒരു കലണ്ടർ വർഷം ഏറ്റവുമധികം സിക്സറുകൾ സ്വന്തമാക്കുന്ന താരം എന്ന റെക്കോർഡാണ് ജയസ്വാൾ ഇപ്പോൾ തന്റെ പേരിൽ ചേർത്തിരിക്കുന്നത്. 2014ൽ ടെസ്റ്റ് ക്രിക്കറ്റിൽ 33 സിക്സറുകൾ സ്വന്തമാക്കിയ ന്യൂസിലാൻഡിന്റെ മുൻ താരം ബ്രണ്ടൻ മക്കല്ലത്തിന്റെ പേരിലായിരുന്നു ഈ റെക്കോർഡ്. എന്നാൽ ഓസ്ട്രേലിയക്കെതിരായ മത്സരത്തിൽ 2 സിക്സറുകൾ നേടിയതോടെ ജയസ്വാൾ ഈ റെക്കോർഡ് മറികടന്നിട്ടുണ്ട്. ഇതുവരെ 2024ൽ 34 സിക്സറുകൾ സ്വന്തമാക്കാൻ ഇന്ത്യയുടെ യുവതാരത്തിന് സാധിച്ചു. ഈ വർഷം പൂർണമായ ആക്രമണം അഴിച്ചുവിട്ടാണ് ജയസ്വാൾ ഈ റെക്കോർഡ് തന്റെ പേരിൽ ചേർത്തിരിക്കുന്നത്.
ഇംഗ്ലണ്ടിന്റെ നായകൻ ബെൻ സ്റ്റോക്സാണ് ഈ റെക്കോർഡിൽ ജയസ്വാളിനും മക്കല്ലത്തിനും പിന്നിലായി ഉള്ളത്. 2022ലാണ് ബെൻ സ്റ്റോക്സ് 26 സിക്സറുകൾ സ്വന്തമാക്കി ലിസ്റ്റിൽ ഇടംപിടിച്ചത്. 2005ൽ ഓസ്ട്രേലിയൻ ടീമിനായി ടെസ്റ്റ് ക്രിക്കറ്റിൽ 22 സിക്സറുകൾ സ്വന്തമാക്കിയ മുൻ താരം ആദം ഗിൽക്രിസ്റ്റാണ് ഈ ലിസ്റ്റിൽ നാലാം സ്ഥാനത്തുള്ളത്.
ഇന്ത്യയുടെ ഐതിഹാസിക ഓപ്പണർ വീരേന്ദർ സേവാഗ് 2008ൽ ടെസ്റ്റ് ക്രിക്കറ്റിൽ 22 സിക്സറുകൾ സ്വന്തമാക്കി ലിസ്റ്റിൽ അഞ്ചാം സ്ഥാനത്ത് ഇടംപിടിച്ചിട്ടുണ്ട്. ഇവരെയൊക്കെയും പിന്നിലാക്കാൻ ഇന്ത്യയുടെ യുവതാരത്തിന് സാധിച്ചിട്ടുണ്ട്. ഓസ്ട്രേലിയൻ മണ്ണിലെ കരുത്തുറ്റ പ്രകടനമാണ് ജയസ്വാളിനെ ഈ റെക്കോർഡിൽ എത്തിച്ചത്.
പെർത്ത് ടെസ്റ്റിന്റെ ആദ്യ മത്സരത്തിൽ പൂജ്യനായി മടങ്ങിയതോടെ വലിയ നിരാശയിലായിരുന്നു ജയസ്വാൾ. എന്നാൽ രണ്ടാം ടെസ്റ്റിൽ തന്റെ പിഴവുകൾ പൂർണമായും നികത്തി കരുതലോടെയാണ് ജയസ്വാൾ മുന്നോട്ടു നീങ്ങിയത്. ആദ്യ സമയത്ത് മതിയായ പന്തുകൾ നേരിട്ടാണ് ജയസ്വാൾ താളം കണ്ടെത്തിയത്. രണ്ടാം ദിവസത്തെ മത്സരം അവസാനിക്കുമ്പോൾ 193 പന്തുകൾ നേരിട്ട് 90 റൺസ് നേടി ജയസ്വാൾ പുറത്താവാതെ നിൽക്കൂന്നു. 7 ബൗണ്ടറികളും 2 സിക്സറുകളുമാണ് ജയസ്വാളിന്റെ ഇന്നിങ്സിൽ ഉൾപ്പെടുന്നത്. മത്സരത്തിന്റെ മൂന്നാം ദിവസവും മികവ് പുലർത്തി സെഞ്ച്വറി സ്വന്തമാക്കാൻ ജയസ്വാളിന് സാധിക്കും.