ലോകകപ്പിൽ ഏറ്റവുമധികം സിക്സർ നേടിയ താരമായി രോഹിത്. കിവി നിഗ്രഹത്തിൽ തകർപ്പൻ റെക്കോർഡ്.

ന്യൂസിലാൻഡിനെതിരായ ഏകദിന ലോകകപ്പ് മത്സരത്തിന്റെ തുടക്കത്തിൽ തന്നെ തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി ഇന്ത്യൻ നായകൻ രോഹിത് ശർമ. ലോകകപ്പ് മത്സരങ്ങളിൽ ഏറ്റവുമധികം സിക്സറുകൾ സ്വന്തമാക്കുന്ന താരം എന്ന റെക്കോർഡാണ് രോഹിത് ശർമ സ്വന്തമാക്കിയിരിക്കുന്നത്

യൂണിവേഴ്സൽ ബോസ് ക്രിസ് ഗെയിലിനെ പിന്നിലാക്കിയാണ് രോഹിത് റെക്കോർഡ് തന്റെ പേരിൽ ചേർത്തത്. ഇതുവരെ ലോകകപ്പിൽ 27 ഇന്നിംഗ്സുകൾ കളിച്ചിട്ടുള്ള രോഹിത് ശർമ 50 സിക്സുകൾ ആണ് നേടിയിട്ടുള്ളത്. ലോകകപ്പിൽ 50 സിക്സ്റുകൾ സ്വന്തമാക്കുന്ന ആദ്യ താരവും രോഹിത് തന്നെയാണ്.

ലോകകപ്പിൽ 34 ഇന്നിംഗ്സുകൾ കളിച്ചിട്ടുള്ള ഗെയ്ൽ നേടിയിരുന്നത് 49 സിക്സറുകളാണ്. രോഹിത് ഈ റെക്കോർഡ് സ്വന്തമാക്കിയതോടെ ഗെയ്ൽ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിട്ടുണ്ട്. ലോകകപ്പ് മത്സരങ്ങളിൽ 23 ഇന്നിങ്സുകളിൽ നിന്ന് 43 സിക്സറുകൾ നേടിയിട്ടുള്ള ഓസ്ട്രേലിയൻ താരം ഗ്ലൻ മാക്സ്വെൽ മൂന്നാം സ്ഥാനത്ത് നിൽക്കുന്നു.

22 ഇന്നിംഗ്സുകളിൽ നിന്ന് 37 സിക്സറുകൾ നേടിയിട്ടുള്ള ദക്ഷിണാഫ്രിക്കൻ താരം ഡിവില്ലിയേഴ്സ് ആണ് ലിസ്റ്റിൽ നാലാമത്. 27 ഇന്നിങ്സുകളിൽ നിന്ന് 37 സിക്സറുകൾ നേടിയിട്ടുള്ള ഡേവിഡ് വാർണർ ലിസ്റ്റിൽ അഞ്ചാം സ്ഥാനത്തും നിൽക്കുന്നുണ്ട്.

ഈ ലോകകപ്പിന്റെ തുടക്കം മുതൽ അത്യുഗ്രൻ വെടിക്കെട്ട് ബാറ്റിംഗാണ് രോഹിത് ശർമ കാഴ്ച വെച്ചത്. നിലവിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവുമധികം സിക്സറുകൾ നേടിയ താരം എന്ന ബഹുമതി രോഹിത് സ്വന്തമാക്കി കഴിഞ്ഞു. ന്യൂസിലാൻഡിനെതീരായ മത്സരത്തിൽ 3 സിക്സറുകൾ നേടിയതോടെയാണ് രോഹിത് ഗെയിലിന്റെ ലോകകപ്പ് സിക്സർ റെക്കോർഡ് മറികടന്നത്.

F 9pUK akAAYAeD

മത്സരത്തിൽ ബോൾട്ടറിഞ്ഞ മൂന്നാം ഓവറിലെ മൂന്നാം പന്തിലായിരുന്നു രോഹിത് തന്റെ ഇന്നിംഗ്സിലെ ആദ്യ സിക്സർ നേടിയത്. പിന്നീട് സൗതി എറിഞ്ഞ നാലാം ഓവറിലും ബോൾട്ട് എറിഞ്ഞ അഞ്ചാം ഓവറിലും രോഹിത് സിക്സറുകൾ പായിക്കുകയുണ്ടായി.

ഇതോടെ ഒരു ലോകകപ്പ് എഡിഷനിൽ ഏറ്റവുമധികം സിക്സറുകൾ നേടുന്ന താരം എന്ന ബഹുമതിയും രോഹിത് പേരിൽ ചേർത്തിട്ടുണ്ട്. ഇതുവരെ 2023 ഏകദിന ലോകകപ്പിൽ 27 സിക്സറുകളാണ് രോഹിത് ശർമ നേടിയിട്ടുള്ളത്. 2015 ഏകദിന ലോകകപ്പ് എഡിഷനിൽ 26 സിക്സറുകൾ നേടിയിട്ടുള്ള ഗെയിലിനെ മറികടന്നാണ് രോഹിത് ഈ നേട്ടം കൈവരിച്ചത്.

2019 ലോകകപ്പിൽ 22 സിക്സറുകൾ സ്വന്തമാക്കിയ ഇംഗ്ലണ്ടിന്റെ മുൻനായകൻ മോർഗൺ ലിസ്റ്റിൽ മൂന്നാം സ്ഥാനത്ത് നിൽക്കുന്നു. എന്തായാലും സെമിഫൈനൽ മത്സരത്തിലും ഇന്ത്യയ്ക്ക് വെടിക്കെട്ട് തുടക്കം തന്നെയാണ് രോഹിത് നൽകിയത്.