ആർച്ചറിനെ പഞ്ഞിക്കിട്ട് ഹൈദരാബാദ്. നാണംകെട്ട റെക്കോർഡും സ്വന്തം. 4 ഓവറിൽ വഴങ്ങിയത് 76 റൺസ്.

2025 ഇന്ത്യൻ പ്രീമിയർ ലീഗിലെ ആദ്യ മത്സരത്തിൽ തന്നെ നാണക്കേടിന്റെ റെക്കോർഡ് പേരിൽ ചേർത്ത് രാജസ്ഥാൻ ബോളർ ജോഫ്ര ആർച്ചർ. ഒരു ഐപിഎൽ മത്സരത്തിൽ ഏറ്റവുമധികം റൺസ് വഴങ്ങിയ ബോളർ എന്ന റെക്കോർഡാണ് ജോഫ്ര ആർച്ചർ മത്സരത്തിൽ പേരിൽ ചേർത്തത്. മത്സരത്തിൽ ഹൈദരാബാദ് ടീമിലെ മുഴുവൻ ബാറ്റർമാരും ആർച്ചർക്കെതിരെ പൂർണ്ണമായ ആക്രമണം നടത്തിയിരുന്നു. നാലോവറുകളിൽ 76 റൺസ് ആണ് ആർച്ചർ മത്സരത്തിൽ വിട്ടുനൽകിയത്. മാത്രമല്ല മത്സരത്തിൽ ഒരു വിക്കറ്റ് പോലും സ്വന്തമാക്കാനും രാജസ്ഥാന്റെ സ്റ്റാർ ബോളർക്ക് സാധിച്ചില്ല.

മുൻപ് ഗുജറാത്ത് ടൈറ്റൻസ് ടീമിലെ ബോളറായിരുന്ന മോഹിത് ശർമയുടെ പേരിലുള്ള റെക്കോർഡാണ് ഇപ്പോൾ ആർച്ചർ മറികടന്നിരിക്കുന്നത്. 2024 ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ നടന്ന മത്സരത്തിൽ മോഹിത് 73 റൺസ് നാലോവറുകളിൽ വഴങ്ങിയിരുന്നു. ഈ ലിസ്റ്റിൽ മൂന്നാം സ്ഥാനത്തുള്ളത് മലയാളി താരം ബേസിൽ തമ്പിയാണ്. 2018 ഐപിഎല്ലിൽ ഹൈദരാബാദ് ടീമിനായി കളിക്കുന്ന സമയത്ത് 4 ഓവറുകളിൽ ബേസിൽ തമ്പി 70 റൺസ് വഴങ്ങുകയുണ്ടായി. ഇവരെയൊക്കെയും മറികടന്നാണ് ഇപ്പോൾ ആർച്ചർ ഈ നാണംകെട്ട റെക്കോർഡിൽ മുൻപിൽ എത്തിയിരിക്കുന്നത്.

മത്സരത്തിലുടനീളം രാജസ്ഥാൻ ടീമിനെതിരെ ശക്തമായ ആക്രമണമാണ് ഹൈദരാബാദ് ബാറ്റർമാർ കാഴ്ചവച്ചത്. മത്സരത്തിന്റെ ആദ്യ ബോൾ മുതൽ പൂർണമായും രാജസ്ഥാനെ തല്ലിത്തകർക്കാൻ ഹൈദരാബാദിന് സാധിച്ചു. 11 പന്തുകളിൽ 24 നേടിയ അഭിഷേക് ശർമയാണ് ആക്രമണത്തിന് തുടക്കമിട്ടത്. അപകടകാരിയായ ട്രാവിസ് ഹെഡും ഇതിന് ശേഷം ആക്രമണം ആരംഭിച്ചു. 31 പന്തുകളിൽ 67 റൺസ് ആയിരുന്നു ഹെഡ് നേടിയത്. 9 ബൗണ്ടറികളും 3 സിക്സറുകളും ഹെഡിന്റെ ഇന്നിംഗ്സിൽ ഉൾപ്പെട്ടു.

എന്നാൽ യഥാർത്ഥ ആക്രമണം ആരംഭിച്ചത് ഇഷാൻ കിഷൻ ക്രീസിൽ എത്തിയതിന് ശേഷമായിരുന്നു. തന്റെ പുതിയ ഫ്രാഞ്ചൈസിയിലെ ആദ്യ മത്സരത്തിൽ പൂർണ്ണമായ ആക്രമണമാണ് ഇഷാൻ കിഷൻ നടത്തിയത്. 45 പന്തുകളിൽ തന്റെ ഐപിഎൽ സെഞ്ച്വറി പൂർത്തീകരിക്കാൻ മത്സരത്തിൽ കിഷന് സാധിച്ചു. 2025 ഐപിഎല്ലിലെ ആദ്യ സെഞ്ചുറിയാണ് ഇഷാൻ കിഷൻ മത്സരത്തിൽ നേടിയത്. 10 ബൗണ്ടറികളും 6 സിക്സറുകളുമാണ് കിഷന്റെ ഇന്നിംഗ്സിൽ ഉൾപ്പെട്ടത്. ഈ വെടിക്കെട്ട് ഇന്നിങ്സിന്റെ ബലത്തിൽ നിശ്ചിത 20 ഓവറുകളിൽ 286 റൺസ് ആണ് ഹൈദരാബാദ് സ്വന്തമാക്കിയത്.

Previous article“പഞ്ചാബിന്റെ തിരിച്ചുവരവ് ഈ ഐപിഎല്ലിൽ കാണും. ഓറഞ്ച് ക്യാപ് അവൻ നേടും”- ഗിൽക്രിസ്റ്റ്