ഇന്ത്യയുടെ അഫ്ഗാനിസ്ഥാനെതിരായ ലോകകപ്പ് മത്സരത്തിൽ തകർപ്പൻ സെഞ്ച്വറി തന്നെയാണ് രോഹിത് ശർമ സ്വന്തമാക്കിയത്. മത്സരത്തിൽ അഫ്ഗാനിസ്ഥാൻ ഉയർത്തിയ 273 എന്ന വിജയലക്ഷം പിന്തുടർന്നിറങ്ങിയ ഇന്ത്യക്കായി 63 പന്തുകളിൽ നിന്നായിരുന്നു രോഹിത് തട്ടുപോളിപ്പൻ സെഞ്ച്വറി നേടിയത്. ഈ സെഞ്ചുറിയോടെ മത്സരത്തിൽ ഇന്ത്യ കൃത്യമായി ആധിപത്യം സ്ഥാപിച്ചിട്ടുണ്ട്.
മത്സരത്തിലെ സെഞ്ചുറിയോടെ ഒരുപാട് റെക്കോർഡുകൾ മറികടക്കാനും രോഹിത് ശർമ്മയ്ക്ക് സാധിച്ചു. ഒരു ഇന്ത്യൻ താരത്തിന്റെ ഏകദിന ലോകകപ്പിലെ ഏറ്റവും വേഗമേറിയ സെഞ്ചുറി എന്ന റെക്കോർഡാണ് രോഹിത് ഈ ഇന്നിങ്സിലൂടെ മറികടന്നിരിക്കുന്നത്. മുൻപ് 72 പന്തുകളിൽ ഏകദിന ലോകകപ്പിൽ സെഞ്ചുറി നേടിയ കപിൽ ദേവിന്റെ പേരിലായിരുന്നു ഈ റെക്കോർഡ്. എന്നാൽ 63 പന്തുകളിൽ സെഞ്ചുറി നേടിയതോടെ രോഹിത് ഈ റെക്കോർഡ് സ്വന്തം പേരിൽ ചേർത്തിട്ടുണ്ട്.
മാത്രമല്ല ഏകദിന ലോകകപ്പുകളിൽ ഏറ്റവുമധികം സെഞ്ചുറികൾ നേടിയ താരം എന്ന റെക്കോർഡും രോഹിത് സ്വന്തമാക്കി. ഇതുവരെ ഏകദിന ലോകകപ്പുകളിൽ 7 സെഞ്ചുറികളാണ് രോഹിത് ശർമ നേടിയിട്ടുള്ളത്. 6 സെഞ്ചുറികൾ നേടിയ സച്ചിൻ ടെണ്ടുൽക്കറെ പിന്നിലാക്കിയാണ് രോഹിത്തിന്റെ ഈ വമ്പൻ കുതിച്ചുചാട്ടം. ഏകദിന ലോകകപ്പുകളിൽ 5 സെഞ്ചുറികൾ സ്വന്തമാക്കിയിട്ടുള്ള റിക്കി പോണ്ടിംഗാണ് ഈ ലിസ്റ്റിൽ മൂന്നാം സ്ഥാനത്തുള്ളത്. 5 സെഞ്ച്വറികളുമായി കുമാർ സംഗക്കാരെയും ലിസ്റ്റിൽ ഇടം പിടിച്ചിട്ടുണ്ട്.
44 ഇന്നിംഗ്സില്‍ നിന്നാണ് സച്ചിന്‍ 6 സെഞ്ചുറി നേടിയട്ടുള്ളത്. എന്നാല്‍ രോഹിത് ശര്‍മ്മയാവട്ടെ തന്‍റെ 19ാം ഇന്നിംഗ്സില്‍ നിന്ന് തന്നെ സച്ചിന്‍റെ സെഞ്ചുറി നേട്ടം തകര്‍ത്തു.
ഏകദിന ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വേഗമേറിയ ആറാമത്തെ സെഞ്ചുറിയാണ് രോഹിത് ശർമ മത്സരത്തിൽ നേടിയത്. 49 പന്തുകളിൽ ഏകദിന ലോകകപ്പിൽ സെഞ്ചുറി നേടിയ എയ്ഡൻ മാക്രമാണ് ഈ ലിസ്റ്റിൽ മുൻപൻ. 50 പന്തുകളിൽ സെഞ്ച്വറി നേടിയ അയർലണ്ട് താരം കെവിൻ ഒബ്രയാനും, 51 പന്തുകളിൽ സെഞ്ച്വറി നേടിയ താരം ഗ്ലെൻ മാക്സ്വെൽ എന്നിവരും ലിസ്റ്റലുണ്ട്. ഈ ലിസ്റ്റിൽ ആറാം സ്ഥാനത്താണ് രോഹിത് ശർമ ഇപ്പോൾ ഇടം പിടിച്ചിരിക്കുന്നത്. എന്തായാലും ഒരുപാട് റെക്കോർഡുകൾ സ്വന്തമാക്കിയാണ് രോഹിത് ശർമ ലോകകപ്പ് ആരംഭിച്ചിരിക്കുന്നത്.
മത്സരത്തിൽ ടോസ് നേടിയ അഫ്ഗാനിസ്ഥാൻ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ബാറ്റിംഗിന് അനുകൂലമായ ഡൽഹി പിച്ചിൽ മികച്ച തുടക്കം തന്നെയാണ് അഫ്ഗാനിസ്ഥാന്റെ ഓപ്പണർമാർക്ക് ലഭിച്ചത്. എന്നാൽ ഇന്ത്യയുടെ ബോളർമാർ ശക്തമായ തിരിച്ചുവരവുകൾ നടത്തി കൃത്യമായി ഇടവേളകളിൽ വിക്കറ്റുകൾ വീഴ്ത്തിയത് അഫ്ഗാനിസ്ഥാന് തിരിച്ചടിയായി. അഫ്ഗാനിസ്ഥാനായി നായകൻ ഷാഹിദി 88 പന്തുകളിൽ 80 റൺസുമായി പൊരുതി. ഒപ്പം അസ്മത്തുള്ള 69 പന്തുകളിൽ 62 റൺസുമായി അഫ്ഗാനിസ്ഥാന് പ്രതീക്ഷകൾ നൽകി. ഇങ്ങനെ അഫ്ഗാനിസ്ഥാന്റെ സ്കോർ നിശ്ചിത 50 ഓവറുകളിൽ 272 റൺസിൽ എത്തുകയായിരുന്നു.