തകര്‍പ്പന്‍ റെക്കോഡുമായി ഇന്ത്യന്‍ ഓപ്പണര്‍മാര്‍. മറികടന്നത് പാക്കിസ്ഥാന്‍ ജോഡിയെ

സൗത്താഫ്രിക്കക്കെതിരെയുള്ള രണ്ടാം ടി20 മത്സരത്തില്‍ ടോസ് നഷ്ടമായ ഇന്ത്യ ബാറ്റിംഗിനിറങ്ങുകയായിരുന്നു. പതിവുപോലെ ഓപ്പണിംഗില്‍ കെല്‍ രാഹുലും ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയുമാണ് ഓപ്പണിംഗില്‍ എത്തിയത്. തകര്‍പ്പന്‍ ബൗണ്ടറിയോടെ കെല്‍ രാഹുല്‍ ഇന്ത്യന്‍ ബാറ്റിംഗിനു തുടക്കമിട്ടു.

കഴിഞ്ഞ മത്സരത്തില്‍ മെല്ലപോക്കിന്‍റെ പേരില്‍ വിമര്‍ശനം കേട്ട കെല്‍ രാഹുല്‍ ആക്രമണ ബാറ്റിംഗാണ് നടത്തിയത്. ആദ്യ വിക്കറ്റില്‍ 9.5 ഓവറില്‍ 96 റണ്‍സാണ് ഇരുവരും ചേര്‍ത്തത്. 43 റണ്‍സ് നേടിയ രോഹിത് ശര്‍മ്മയാണ് ആദ്യം പുറത്തായത്.

മത്സരത്തില്‍ കെല്‍ രാഹുല്‍ – രോഹിത് ശര്‍മ്മ കൂട്ടുകെട്ട് തകര്‍പ്പന്‍ റെക്കോഡും നേടി. ഇരുവരും ചേര്‍ന്ന് 5.3 ഓവറില്‍ 50 റണ്‍സ് തികച്ചു. ടി20യിൽ ഏറ്റവും കൂടുതല്‍ 50+ കൂട്ടുകെട്ട് എന്ന റെക്കോഡാണ് ഇരുവരും ചേര്‍ന്ന് നേടിയത്.

ഇരുവരും ചേര്‍ന്ന് നേടുന്ന 15ാം 50+ കൂട്ടുകെട്ടാണ് പിറന്നത്. അത്തരം 14 കൂട്ടുകെട്ടുള്ള ബാബര്‍ അസം – മുഹമ്മദ് റിസ്വാന്‍ കൂട്ടുകെട്ടിന്‍റെ റെക്കോഡാണ് തകര്‍ത്തത്. 13 എണ്ണമുള്ള കെവിന്‍ ഒബ്രയന്‍ – സ്റ്റെര്‍ലിങ്ങ് കൂട്ടുകെട്ടാണ് മൂന്നാമത്.