ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിൽ ഇന്ത്യക്ക് വീണ്ടും പരിക്കിന്റെ ആശങ്ക. ബ്രിസ്‌ബേനില്‍ നടക്കുന്ന നാലാം ക്രിക്കറ്റ് ടെസ്റ്റിന്‍റെ ആദ്യദിനം പരിക്കേറ്റ പേസര്‍ നവ്‌ദീപ് സൈനിയെ സ്‌കാനിംഗിന് അയച്ചതായി ബിസിസിഐ പത്രക്കുറിപ്പിലൂടെ അറിയിച്ചു. ഓസ്‌ട്രേലിയയുടെ ആദ്യ ഇന്നിംഗ്‌സിലെ ബാറ്റിങ്ങിൽ 36-ാം ഓവറിലാണ് പരിക്കേറ്റ് സൈനി മൈതാനം വിട്ടത്. സൈനിയുടെ ഓവറില്‍ ബാക്കിയുണ്ടായിരുന്ന
ഒരു പന്ത് പിന്നീട് രോഹിത് ശര്‍മ്മയാണ് പൂര്‍ത്തിയാക്കിയത്.
ഇപ്പോൾ തന്നെ ഇന്ത്യ പ്രധാന ബൗളര്‍മാരില്ലാതെയാണ് ബ്രിസ്‌ബേനില്‍ കളിക്കുന്നത്. ഇതിനിടെയാണ് സൈനിയുടെ പരിക്കും ഇന്ത്യക്ക് ഭീഷണിയുയര്‍ത്തുന്നത്. പരിക്ക് സാരമുള്ളതാണോ എന്ന വിവരം ഇതുവരെ അറിവായിട്ടില്ല.
സിഡ്‌നി ടെസ്റ്റില്‍ നിന്ന് നാല് മാറ്റങ്ങളുമായാണ് ബ്രിസ്‌ബേനില്‍ ഇന്ത്യയിറങ്ങിയത്. പരിക്കേറ്റ രവീന്ദ്ര ജഡേജ, ഹനുമ വിഹാരി, ജസ്‌പ്രീത് ബുമ്ര, രവിചന്ദ്ര അശ്വിന്‍ എന്നിവര്‍ക്ക് പകരം ടി നടരാജനും വാഷിംഗ്‌ടണ്‍ സുന്ദറും ഷാര്‍ദുല്‍ താക്കൂറും മായങ്ക് അഗര്‍വാളും അന്തിമ ഇലവനിലെത്തി. നടരാജനും സുന്ദറിനും ഇത് അരങ്ങേറ്റ ടെസ്റ്റ് മത്സരം കൂടിയാണ് . രണ്ട് മത്സരങ്ങളുടെ മാത്രം പരിചയമുള്ള മുഹമ്മദ് സിറാജാണ് പ്ലേയിംഗ് ഇലവനിലെ ഏറ്റവും പരിചയക്കൂടുതലുള്ള ബൗളര്‍.
അതേസമയം ഓസീസ് എതിരയ ടെസ്റ്റ് പരമ്പര ഇന്ത്യക്ക് പരിക്കുകളുടെ മറക്കാനാവാത്ത ഒരു പരമ്പര കൂടിയാണ് .പരമ്പര തുടങ്ങും മുൻപേ പരിക്ക് കാരണം പേസര്‍ ഇഷാന്ത് ശർമ്മ പുറത്തായി. ഓസ്‌ട്രേലിയയിൽ എത്തിയതിന് ശേഷം മുഹമ്മദ് ഷമിയും ഉമേഷ് യാദവും കെഎൽ രാഹുലും പരുക്കിന്റെ പിടിയിലായി. സിഡ്‌നി ടെസ്റ്റില്‍ രോഹിത് ശര്‍മ്മ തിരിച്ചെത്തിയെങ്കിലും മത്സരം കഴിയുമ്പോഴേക്ക് കൂടുതല്‍ ഇന്ത്യന്‍ താരങ്ങള്‍ പരിക്കിന്‍റെ പിടിയിലായതോടെ പാടുപെട്ടാണ് ഇന്ത്യ അവസാന ടെസ്റ്റിനുള്ള ഇലവനെ പോലും ഇന്ത്യ കണ്ടെത്തിയത്.