“എനിക്ക് കഴിഞ്ഞ രാത്രികളിൽ ഉറങ്ങാൻ സാധിച്ചില്ല” അപ്രതീക്ഷിത പരാജയത്തേപ്പറ്റി മോഹിത് ശർമ്മ

gt final

2023 ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ഫൈനലിൽ അതിവിദഗ്ധമായ രീതിയിലായിരുന്നു ചെന്നൈ സൂപ്പർ കിങ്സ് വിജയം കണ്ടത്. മത്സരത്തിന്റെ അവസാന ഓവറിൽ 13 റൺസായിരുന്നു ചെന്നൈക്ക് വിജയിക്കാൻ വേണ്ടിയിരുന്നത്. മോഹിത് ശർമയെറിഞ്ഞ അവസാന ഓവറിൽ ശിവം ദുബയും രവീന്ദ്ര ജഡേജയുമായിരുന്നു ക്രീസിൽ ഉണ്ടായിരുന്നത്. ഇരുവരെയും ക്രീസിൽ നിർത്തി മികച്ച ബോളുകളായിരുന്നു മോഹിത് ശർമ ഓവറിന്റെ തുടക്കത്തിൽ എറിഞ്ഞത്. ആദ്യ 4 പന്തുകളിൽ കേവലം 3 റൺസ് മാത്രമായിരുന്നു ചെന്നൈ സൂപ്പർ കിംഗ്സിന് നേടാൻ സാധിച്ചത്. എന്നാൽ പിന്നീടുള്ള രണ്ടു പന്തുകളിൽ ബൗണ്ടറി നേടി രവീന്ദ്ര ജഡേജ ചെന്നൈയെ വിജയത്തിലെത്തിക്കുകയുണ്ടായി. മത്സരശേഷം തനിക്ക് ഉറങ്ങാൻ സാധിച്ചിരുന്നില്ല എന്ന് ആ ഓവറെറിഞ്ഞ ബോളർ മോഹിത് ശർമ പറയുകയുണ്ടായി.

മത്സരത്തിലേറ്റ പരാജയം തന്നെ വളരെയധികം ബാധിച്ചു എന്നായിരുന്നു മോഹിത് ശർമ മത്സരശേഷം പറഞ്ഞത്. “എനിക്ക് ഉറങ്ങാൻ സാധിച്ചില്ല. മത്സരം വിജയിക്കാതിരുന്നതിനെക്കുറിച്ച് ഞാൻ ചിന്തിച്ചു കൊണ്ടിരുന്നു. ആ 2 ബോളുകൾ മറ്റൊരു തരത്തിൽ എറിഞ്ഞാൽ ഫലത്തിൽ മാറ്റമുണ്ടായേനെ എന്ന് ഞാൻ ചിന്തിച്ചിരുന്നു. എന്തായാലും അത്ര മികച്ച ചിന്തകളല്ല എനിക്കിപ്പോൾ ഉള്ളത്. എന്തൊക്കെയോ എവിടെയൊക്കെയോ നഷ്ടപ്പെട്ടുപോയ തോന്നലാണ്. എന്നിരുന്നാലും അതിൽനിന്ന് തിരികെ വരാനാണ് ഞാൻ ശ്രമിക്കുന്നത്.”- മോഹിത് ശർമ പറഞ്ഞു.

Read Also -  "അവർക്ക് നമ്മളെ എറിഞ്ഞിടാൻ പറ്റിയെങ്കിൽ, നമുക്കും പറ്റും " - രോഹിത് ടീമിന് നൽകിയ ഉപദേശം..

താൻ അങ്ങനെയൊരു സമ്മർദ്ദ സാഹചര്യത്തിന് വേണ്ടി വളരെയധികം തയ്യാറായിരുന്നു എന്ന് മോഹിത് ശർമ പറയുകയുണ്ടായി. “ആ സമയത്ത് എന്താണ് ചെയ്യേണ്ടത് എന്നതിനെപ്പറ്റി എന്റെ മനസ്സിൽ വളരെ വ്യക്തമായിരുന്നു. ഇത്തരം സന്ദർഭങ്ങൾ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് നെറ്റ്സിൽ തന്നെ ഞാൻ തീരുമാനിച്ചിട്ടുണ്ടായിരുന്നു. മാത്രമല്ല ഇതിനുമുമ്പും ഇത്തരം സാഹചര്യങ്ങൾ എനിക്ക് മുൻപിൽ വന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ ഓവറിലെ മുഴുവൻ പന്തുകളും യോർക്കറുകൾ എറിയാനാണ് ഞാൻ ശ്രമിച്ചത്. അതായിരുന്നു എന്റെ ശക്തി.”- മോഹിത് ശർമ പറഞ്ഞു.

മത്സരത്തിൽ വളരെ മികച്ച രീതിയിൽ തന്നെയായിരുന്നു മോഹിത് ശർമ പന്തറിഞ്ഞിരുന്നത്. എന്നാൽ അവസാന രണ്ട് ബോളുകളിൽ മോഹിത് ശർമയുടെ പദ്ധതി പൂർണമായും പാളുകയായിരുന്നു. ഒപ്പം രവീന്ദ്ര ജഡേജ തന്നെ പ്രതിഭയ്കൊത്ത് ഉയരുകയും ചെയ്തതോടെ വിജയം ചെന്നൈ സൂപ്പർ കിംഗ്സ് തട്ടിയെടുക്കുകയാണ് ഉണ്ടായത്. എന്നിരുന്നാലും മത്സരത്തിലുടനീളം വലിയ രീതിയിലുള്ള പോരാട്ടവീര്യം കാഴ്ചവയ്ക്കാൻ ഗുജറാത്തിന് സാധിച്ചിട്ടുമുണ്ട്. തങ്ങളുടെ ഐപിഎൽ ചരിത്രത്തിലെ അഞ്ചാമത്തെ കിരീടമാണ് ചെന്നൈ സൂപ്പർ കിംഗ്സ് സ്വന്തമാക്കിയത്.

Scroll to Top