ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ആര് അശ്വിന് തന്റെ അഞ്ചാം ടെസ്റ്റ് സെഞ്ചുറി പൂര്‍ത്തിയാക്കിയപ്പോള്‍ അത് അശ്വിനേക്കാള്‍ ആഘോഷിച്ചത് നോൺ സ്ട്രൈക്കർ എൻഡിൽ ഉണ്ടായിരുന്നു സഹതാരം മുഹമ്മദ് സിറാജായിരുന്നു. സ്വന്തം സെഞ്ചുറിപോലെ ബാറ്റുയര്‍ത്തി മുഷ്ടിച്ചുരുട്ടി ആകാശത്തേക്ക് ഉയര്‍ന്നുചാടി നിറചിരിയോടെ അശ്വിന്റെ അടുത്തെത്തി സിറാജ് ആലിംഗനം ചെയ്തപ്പോള്‍ ക്രിക്കറ്റ് ആരാധകരും സിറാജിന്റെ ആ സ്പോര്‍ട്സ്മാന്‍ സ്പിരിറ്റിന് കൈയടിച്ചു. താരത്തിന്റെ ആഘോഷത്തിന്റെ വിഡിയോ ഏറെ വൈറലാവുകയാണ് .
ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്സ് ബാറ്റിങ്ങിൽ അവസാന ബാറ്റ്സ്മാനായി സിറാജ് ക്രീസിലെത്തുമ്പോള്‍ അശ്വിന് തന്റെ അഞ്ചാം ടെസ്റ്റ് സെഞ്ചുറിയിലേക്ക് 23 റണ്സസകലമുണ്ടായിരുന്നു. എന്നാല്‍ ആദ്യ ഇന്നിംഗ്സിലേതുപോലെ മോശം ഷോട്ട് കളിച്ച് പുറത്താവാതെ അശ്വിന് പറ്റിയ പങ്കാളിയായി ക്രീസില്‍ നിന്ന സിറാജ് അശ്വിന് തന്റെ സെഞ്ചുറിയിലെത്തുമ്പോള്‍ 11 പന്തുകള്‍ ഫലപ്രദമായി പ്രതിരോധിച്ച് ഒരു റണ്ണെടുത്തിരുന്നു. താരം ക്രീസിൽ ഓരോ പന്തും കളിക്കുമ്പോൾ വളരെയേറെ കയ്യടികളോടെയാണ് ചെപ്പോക്കിലെ കാണികൾ താരത്തെ അനുഗമിച്ചത്.
അശ്വിനൊപ്പം അവസാന വിക്കറ്റിൽ 9.1 ഓവര്‍ ബാറ്റ് ചെയ്ത സിറാജ് 21 പന്തില്‍ 16 റണ്‍സുമായി പുറത്താകാതെ നിന്നു. ഇരുവരും പത്താം വിക്കറ്റിൽ 49 റൺസ് കൂട്ടിച്ചേർത്തു . 106 റൺസ് അടിച്ച അശ്വിൻ ഒലിവർ സ്റ്റോണിൻ്റെ പന്തിൽ പുറത്താകുമ്പോൾ സിറാജ് അപരാജിതനായി ക്രീസിൽ ഉണ്ടായിരുന്നു .