ക്രിക്കറ്റില്‍ വീണ്ടും വാതുവെപ്പുകാരുടെ ഇടപെടൽ. ഐപിഎൽ ആരംഭിക്കുന്നതിനു മുമ്പ് ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിന്റെ ഇന്ത്യൻ താരം മുഹമ്മദ് സിറാജിനെയാണ് വാതുവെപ്പുകാർ ഇത്തവണ സമീപിച്ചത്. എന്നാൽ ഇക്കാര്യത്തിൽ കൃത്യമായി ഇടപെട്ട സിറാജ് ഇക്കാര്യം ബിസിസിഐയുടെ അഴിമതി വിരുദ്ധ യൂണിറ്റിനെ അറിയിക്കുകയും തുടർനടപടികൾക്ക് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ഇന്ത്യ – ഓസ്ട്രേലിയ പരമ്പരക്കിടെയാണ് വാതുവെപ്പുകാരൻ ഫോണിലൂടെ സിറാജിനെ ബന്ധപ്പെട്ടത്. പ്രമുഖ വാർത്ത മാധ്യമമായ പിടിഐയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
മുൻപും ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇത്തരത്തിൽ വാതുവെപ്പുകാരുടെ ഇടപെടലുകൾ ഉണ്ടായിട്ടുണ്ട്. ഇത്തവണ ഒരു വമ്പൻ വാതുവപ്പിൽ വലിയ തുക നഷ്ടമായ ഹൈദരാബാദിലെ ഒരു ഡ്രൈവറാണ് സിറാജിനെ സമീപിച്ചത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഫോൺകോളിലൂടെയാണ് ഇയാൾ സിറാജുമായി ബന്ധപ്പെട്ടത്. എന്നാൽ ഇക്കാര്യങ്ങൾ പങ്കുവെക്കാനും മറ്റും താല്പര്യമില്ല എന്നറിയിച്ച സിറാജ് ഉടൻതന്നെ ബിസിസിഐയുടെ വിങ്ങിനെ ഈ വിവരം അറിയിക്കുകയും ചെയ്തിട്ടുണ്ട്.
വാതുവെപ്പ് ഹരമായ ഇയാൾക്ക് ഐപിഎൽ വാതുവെപ്പിലൂടെ വലിയ തുക തന്നെയാണ് കഴിഞ്ഞ സമയങ്ങളിൽ നഷ്ടമായിരിക്കുന്നത് എന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇതിനെ തുടർന്നാണ് കൂടുതൽ ആവശ്യങ്ങൾക്കായി ഇയാൾ സിറാജുമായി ബന്ധപ്പെട്ടത്. എന്തായാലും സിറാജ് അറിയിച്ചതനുസരിച്ച് അന്വേഷണ ഉദ്യോഗസ്ഥർ ഇദ്ദേഹത്തെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
ഇത്തവണത്തെ ഐപിഎല്ലിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിനായി മിന്നും പ്രകടനമാണ് മുഹമ്മദ് സിറാജ് കാഴ്ചവെച്ചിട്ടുള്ളത്. ഇതുവരെ ബാംഗ്ലൂരിനായി അഞ്ചു മത്സരങ്ങൾ കളിച്ചിട്ടുള്ള സിറാജ് 8 വിക്കറ്റുകൾ നേടിയിട്ടുണ്ട്. മറ്റു ബാംഗ്ലൂർ ബോളർമാർ മത്സരങ്ങളിൽ തല്ലു കൊള്ളുമ്പോൾ സിറാജാണ് ബാംഗ്ലൂരിന്റെ ഏക ആശ്വാസം. വരും മത്സരങ്ങളിലും ഇത്തരത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച് ഇന്ത്യയുടെ ഏകദിന ലോകകപ്പിനുള്ള സ്ക്വാഡിൽ ഇടം പിടിക്കാനുള്ള ശ്രമത്തിലാണ് സിറാജ് ഇപ്പോൾ.