സച്ചിനും കോഹ്ലിയുമല്ല, ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും മികച്ച താരം അവനാണ്. തിരഞ്ഞെടുത്ത് മൊയിൻ അലി.

കുറഞ്ഞ സമയം കൊണ്ട് തന്നെ ഇന്ത്യൻ പ്രീമിയർ ലീഗിലടക്കം വലിയ ആരാധക ശ്രദ്ധ നേടിയെടുത്തിട്ടുള്ള താരമാണ് ഇംഗ്ലണ്ട് ക്രിക്കറ്റർ മോയിൻ അലി. ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിനായാണ് മോയിൻ അലി കളിക്കുന്നത്. 2023 ഏകദിന ലോകകപ്പിൽ ഇംഗ്ലണ്ടിന്റെ പ്രധാന താരങ്ങളിൽ ഒരാളായിരുന്നു അലി. ഇപ്പോൾ ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും മികച്ച താരത്തെ തിരഞ്ഞെടുത്തിരിക്കുകയാണ് അലി.

ഇന്ത്യയുടെ ഇതിഹാസ താരങ്ങളായ സച്ചിൻ ടെണ്ടുൽക്കറിനെയും വിരാട് കോഹ്ലിയെയും ഒഴിവാക്കി കൊണ്ടാണ് അലി മറ്റൊരു താരത്തെ ഇന്ത്യ കണ്ട ഏറ്റവും മികച്ച ക്രിക്കറ്ററായി തിരഞ്ഞെടുത്തിരിക്കുന്നത്. ഇന്ത്യയുടെ മുൻ നായകൻ മഹേന്ദ്ര സിംഗ് ധോണിയാണ് മോയിൻ അലിയെ സംബന്ധിച്ച് ഏറ്റവും മികച്ച ഇന്ത്യൻ ക്രിക്കറ്റർ.

ഒരു അഭിമുഖത്തിനിടെ ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും മികച്ച 5 താരങ്ങളെ തിരഞ്ഞെടുക്കാൻ മോയിൻ അലിയോട് ആവശ്യപ്പെടുകയുണ്ടായി. ശേഷമാണ് അലി ധോണിയെ ഒന്നാം നമ്പർ താരമായി തിരഞ്ഞെടുത്തത്. “എന്നെ സംബന്ധിച്ച് ധോണി തന്നെയാണ് ഒന്നാം നമ്പർ താരം. അദ്ദേഹം ഒരു വലിയ കളിക്കാരൻ തന്നെയായിരുന്നു. എന്നാൽ അദ്ദേഹം എത്ര മികച്ചതായിരുന്നു എന്ന് പല ആളുകളും മറന്നു. ഇന്ത്യയ്ക്കായി നായകൻ എന്ന നിലയിൽ എല്ലാ നേട്ടങ്ങളും സ്വന്തമാക്കാൻ ധോണിക്ക് സാധിച്ചു. രണ്ടാം നമ്പറിൽ ഞാൻ തിരഞ്ഞെടുക്കുന്നത് വിരാട് കോഹ്ലിയെയാണ്. കാരണം നിലവിലെ കളിക്കാരിൽ ഏറ്റവും മികച്ച താരം കോഹ്ലിയാണ്.”- അലി പറയുന്നു.

“മൂന്നാം സ്ഥാനത്ത് ഞാൻ തിരഞ്ഞെടുക്കുന്നത് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറെയാണ്. ബാറ്റിംഗിലെ വലിയ പാഠങ്ങൾ ക്രിക്കറ്റിന് സംഭാവന നൽകിയ താരമാണ് സച്ചിൻ ടെണ്ടുൽക്കർ. സുനിൽ ഗവാസ്ക്കറും എന്റെ ലിസ്റ്റിൽ അംഗമാണ്. പക്ഷേ ഇവരൊക്കെയും ഞാൻ കളിക്കുന്നതിന് മുൻപ് ലോക ക്രിക്കറ്റിൽ കളിച്ചവരാണ്. അതുകൊണ്ടുതന്നെ ഇവരുടെയൊന്നും മികച്ച പ്രകടനങ്ങൾ എനിക്ക് നേരിട്ട് ആസ്വദിക്കാൻ സാധിച്ചിട്ടില്ല. എന്നിരുന്നാലും സച്ചിൻ മറ്റൊരു ലെവലിലുള്ള ക്രിക്കറ്ററാണ്.”- മോയിൻ അലി കൂട്ടിച്ചേർത്തു.

“നാലാമതായി ഞാൻ കണ്ടിട്ടുള്ള ഏറ്റവും മികച്ച ഇന്ത്യൻ ബാറ്റർ വീരേന്ദർ സേവാഗാണ്. കാരണം അദ്ദേഹം വ്യത്യസ്തനായ ഒരു കളിക്കാരനാണ്. ടെസ്റ്റ് മത്സരങ്ങളിലും ഏകദിനങ്ങളിലും ട്വന്റി20കളിലും വ്യത്യസ്തമായ രീതിയിൽ ബാറ്റ് ചെയ്യാനും ബോളർമാരെ ആക്രമിക്കാനും സേവാഗിന് സാധിച്ചിട്ടുണ്ട്. അഞ്ചാമനായി ഞാൻ തെരഞ്ഞെടുക്കുന്നത് യുവരാജ് സിംഗിനെയാണ്.”

“ഒരു ബാറ്റർ എന്ന നിലയിൽ ഞാൻ പലപ്പോഴും പകർത്താൻ ശ്രമിച്ചിട്ടുള്ള ശൈലിയാണ് യുവരാജ് സിംഗിന്റെത്. അദ്ദേഹത്തിന്റെ ബാറ്റിംഗ് ശൈലിയും അദ്ദേഹം കളിക്കുന്ന രീതിയുമൊക്കെ കാണാൻ അതിമനോഹരമാണ്. തന്റേതായ ദിവസം മികച്ച പ്രകടനം പുറത്തെടുക്കാൻ യുവരാജിന് സാധിച്ചിട്ടുണ്ട്.”- അലി പറഞ്ഞു വയ്ക്കുന്നു.

Previous articleഒസാസുനയെ പരാജയപ്പെടുത്തി ബാഴ്സലോണ ഫൈനലില്‍. സ്പാനീഷ് സൂപ്പര്‍ കപ്പ് ഫൈനലില്‍ എല്‍ ക്ലാസിക്കോ പോരാട്ടം.
Next articleദ്രാവിഡിന്റെ നിർദ്ദേശം അനുസരിക്കാതെ കിഷന്റെ തോന്ന്യാസം.. രഞ്ജിയിലും കളിക്കില്ല. ഇന്ത്യൻ ടീമിന് പുറത്തേക്ക്.