57 പന്തില്‍ 93. ബോള്‍ട്ടിന്‍റെ ബോള്‍ട്ടൂരി മൊയിന്‍ അലി

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ 2022 സീസണ്‍, മറക്കാനാഗ്രഹിക്കുന്ന ഓര്‍മ്മകളാണ് ചെന്നൈ സൂപ്പര്‍ കിംഗ്സിനുള്ളത്. കഴിഞ്ഞ വര്‍ഷത്തെ ചാംപ്യന്‍മാര്‍ക്ക് പ്ലാനുകള്‍ എല്ലാം പിഴക്കുന്ന കാഴ്ച്ചയാണ് കണ്ടത്. സീസണിലെ അവസാന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ ടോസ് നേടിയ ചെന്നൈ സൂപ്പര്‍ കിംഗ്സ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.

സ്കോര്‍ബോര്‍ഡില്‍ 2 റണ്‍സുള്ളപ്പോള്‍ റുതുരാജ് ഗെയ്ക്വാഡിനെ ചെന്നൈക്ക് നഷ്ടമായി. ബോള്‍ട്ടിന്‍റെ പന്തില്‍ സഞ്ചു സാംസണിനു ക്യാച്ച് നല്‍കിയാണ് കഴിഞ്ഞ വര്‍ഷത്തെ ഓറഞ്ച് ക്യാപ്പ് താരം മടങ്ങിയത്. മൂന്നാം നമ്പറില്‍ മൊയിന്‍ അലിയാണ് ബാറ്റ് ചെയ്യാന്‍ എത്തിയത്.

ad80f79c b6c9 4c40 949a a4b2bd94eb01

പ്രസീദ്ദ് കൃഷ്ണയുടെ ആദ്യ നാലു പന്ത് ബഹുമാനിച്ച ഇംഗ്ലണ്ട് താരം പിന്നീട് ഗിയര്‍ മാറ്റി. അടുത്ത ഓവറില്‍ താരത്തെ പറഞ്ഞയച്ചത് 18 റണ്‍സിനാണ്. അശ്വിനെയും 2 ബൗണ്ടറിക്കും ഒരു സിക്സിനും പറഞ്ഞയച്ച താരം ബോള്‍ട്ടിനോടാണ് കൂടുതല്‍ ക്രൂരത കാണിച്ചത്. ആദ്യ പന്തില്‍ സിക്സടിച്ച താരം തുടര്‍ച്ചയായ അഞ്ച് പന്തുകള്‍ ഫോറടിച്ചു. പവര്‍പ്ലേയിലെ അവസാന ഓവറില്‍ 26 റണ്‍സാണ് മൊയിന്‍ അലി അടിച്ചെടുത്തത്.

ad80f79c b6c9 4c40 949a a4b2bd94eb01

വിക്കറ്റുകള്‍ വീണതോടെ മൊയിന്‍ അലി സ്ട്രൈക്ക് മന്ദഗതിയിലാക്കി. ഇന്നിംഗ്സിന്‍റെ അവസാന ഓവറിലാണ് മൊയിന്‍ അലി പുറത്തായത്. സിക്സ് അടിക്കാനുള്ള ശ്രമത്തിനിടെ പരാഗിന്‍റെ കൈയ്യില്‍ ഒതുങ്ങി. 57 പന്തില്‍ 13 ഫോറും 3 സിക്സും അടക്കം 93 റണ്‍സാണ് താരം നേടിയത്.

ഐപിഎല്‍ കരിയറിലെ ഏറ്റവും ഉയര്‍ന്ന സ്കോറാണ് മൊയിന്‍ അലി നേടിയത്. ചെന്നൈക്കു വേണ്ടി ഏറ്റവും വേഗത്തില്‍ അര്‍ദ്ധസെഞ്ചുറി നേടിയ താരം കൂടിയായി മൊയിന്‍ അലി മാറി. 19 പന്തിലാണ് താരം ഫിഫ്റ്റി നേടിയത്. 16 പന്തില്‍ അര്‍ദ്ധസെഞ്ചുറി നേടിയ സുരേഷ് റെയ്നയാണ് ഒന്നാമത്.