ശനിയാഴ്ച ടൗൺസ്‌വില്ലിൽ നടന്ന മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തിൽ സിംബാബ്‌വെയ്‌ക്കെതിരെ സ്വന്തം മണ്ണിൽ ഓസ്‌ട്രേലിയ തോല്‍വി വഴങ്ങിയെങ്കിലും ഫാസ്റ്റ് ബൗളർ മിച്ചൽ സ്റ്റാർക്ക് റെക്കോർഡ് ബുക്കുകളിൽ ഇടം നേടി. ഏകദിന ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 200 വിക്കറ്റ് തികയ്ക്കുന്ന മുൻ പാകിസ്ഥാൻ ഓഫ് സ്പിന്നർ സഖ്ലെയ്ൻ മുഷ്താഖിന്റെ ലോക റെക്കോർഡാണ് സ്റ്റാർക്ക് തകർത്തത്.
37-ാം ഓവറിലെ അവസാന പന്തിൽ പ്ലെയർ ഓഫ് ദി മാച്ച് റയാൻ ബേളിനെ പുറത്താക്കിയാണ് റെക്കോഡ് സ്വന്തം പേരില്‍ കുറിച്ചത്. മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയിൽ ആദ്യ രണ്ട് ഏകദിനങ്ങളിൽ നാല് വിക്കറ്റ് വീഴ്ത്തി മികച്ച ഫോമിലായിരുന്ന സ്റ്റാർക്ക് വെറും 102 മത്സരങ്ങളിൽ നിന്നാണ് 200 വിക്കറ്റ് വീഴ്ത്തിയത്.
104 മത്സരങ്ങളില്‍ നിന്നാണ് പാക്ക് താരത്തിന്‍റെ റെക്കോഡ്. മുൻ ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ ബ്രെറ്റ് ലീ പട്ടികയിൽ മൂന്നാമതാണ് (113), ദക്ഷിണാഫ്രിക്കയുടെ അലൻ ഡൊണാൾഡ് (117), പാക്കിസ്ഥാന്റെ വഖാർ യൂനിസ് (118) എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.