2023 ഏകദിന ലോകകപ്പിൽ ഒരു തകർപ്പൻ ക്യാച്ച് സ്വന്തമാക്കി ന്യൂസിലാൻഡ് താരം മിച്ചൽ സാന്റ്നർ. ന്യൂസിലാൻഡിന്റെ അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിനിടെയാണ് ഒരു അവിശ്വസനീയ ക്യാച്ചുമായി സാന്റ്നർ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചത്. മത്സരത്തിൽ അഫ്ഗാനിസ്ഥാൻ നായകൻ ഷാഹിദിയെ പുറത്താക്കാൻ ആയിരുന്നു സാന്റ്നർ ഈ കിടിലൻ ക്യാച്ച് സ്വന്തമാക്കിയത്.
മുൻപ് പല മത്സരങ്ങളിലും തന്റെ മികച്ച ഫീൽഡിങ് പ്രകടനം കൊണ്ട് ശ്രദ്ധ നേടിയിട്ടുള്ള താരമാണ് സാന്റ്നർ. മത്സരത്തിൽ ആരും തന്നെ പ്രതീക്ഷിക്കാത്ത രീതിയിലായിരുന്നു സാന്റ്നറുടെ ഈ കിടിലൻ ക്യാച്ച്. മത്സരത്തിൽ ന്യൂസിലാൻഡിന് ഒരു വലിയ ബ്രേക്ക് തന്നെയാണ് സാന്റ്നറുടെ ഈ ക്യാച്ച് നൽകിയത്.
മത്സരത്തിൽ അഫ്ഗാനിസ്ഥാൻ ഇന്നിങ്സിലെ പതിനാലാം ഓവറിലാണ് സംഭവം നടന്നത്. പതിനാലാം ഓവർ എറിഞ്ഞത് ഫെർഗ്യൂസനായിരുന്നു. ഓവറിലെ അവസാന പന്ത് ഒരു ഷോർട്ട് ബോളായാണ് ഫെർഗ്യുസൺ എറിഞ്ഞത്. ഈ പന്തിൽ അടിച്ചു തകർക്കാനാണ് ഷാഹിദി ശ്രമിച്ചത്. എന്നാൽ ബാറ്റിന്റെ ടോപ്പ് എഡ്ജിൽ കൊണ്ട പന്ത് സ്ക്വയർ ലെഗ്ഗിലേക്ക് ഉയരുകയുണ്ടായി.
ഈ സമയത്ത് മൈതാനത്തുണ്ടായിരുന്ന സാന്റ്നർ പിന്നിലെക്ക് ഓടുകയാണ് ചെയ്തത്. പിന്നിലേക്കോടി അവിശ്വസനീയമായ രീതിയിൽ ഒറ്റക്കൈയിൽ ആ ക്യാച്ച് സ്വന്തമാക്കാൻ സാന്റ്നർക്ക് സാധിച്ചു. ഒരു തകർപ്പൻ ഡൈവിലൂടെയാണ് സാന്റ്നർ ഈ അത്ഭുത ക്യാച്ച് സ്വന്തമാക്കിയത്.
ഈ ക്യാച്ചോടു കൂടി അഫ്ഗാനിസ്ഥാൻ നായകൻ ഷാഹിദി കൂടാരം കയറുകയുണ്ടായി. മത്സരത്തിൽ 29 പന്തുകൾ നേരിട്ട ഷാഹിദി 8 റൺസ് മാത്രമാണ് നേടിയത്. ഇതോടെ അഫ്ഗാനിസ്ഥാൻ മത്സരത്തിൽ കൂടുതൽ സമ്മർദ്ദത്തിലായിട്ടുണ്ട്. മത്സരത്തിൽ ടോസ് നേടിയ അഫ്ഗാനിസ്ഥാൻ ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.
മികച്ച തുടക്കം തന്നെയാണ് ന്യൂസിലാൻഡിനായി തങ്ങളുടെ ഓപ്പണർ വിൽ യങ്ങ് നൽകിയത്. മത്സരത്തിൽ 54 റൺസ് സ്വന്തമാക്കാൻ യങ്ങിന് സാധിച്ചു. എന്നാൽ തുടർച്ചയായി വിക്കറ്റുകൾ നഷ്ടമായത് ന്യൂസിലാൻഡിനെ മത്സരത്തിൽ പിന്നിലേക്കടിച്ചു. ഇന്നിംഗ്സിന്റെ ഒരു സമയത്ത് 110ന് 4 എന്ന നിലയിൽ ന്യൂസിലാൻഡ് തകരുകയുണ്ടായി.
എന്നാൽ അഞ്ചാം വിക്കറ്റിൽ നായകൻ ലാതവും ഗ്ലെൻ ഫിലിപ്സും ചേർന്ന് ഒരു വെടിക്കെട്ട് കൂട്ടുകെട്ടാണ് ന്യൂസിലാൻഡിനായി കെട്ടിപ്പടുത്തത്. അഞ്ചാം വിക്കറ്റിൽ 144 റൺസ് സ്വന്തമാക്കാൻ ഇരുവർക്കും സാധിച്ചു. മത്സരത്തിൽ ലാതം 64 റൺസും, ഗ്ലെൻ ഫിലിപ്സ് 71 റൺസും നേടി. ഇരുവരുടെയും മികച്ച ബാറ്റിംഗിന്റെ ബലത്തിൽ ന്യൂസിലാൻഡ് നിശ്ചിത 50 ഓവറുകളിൽ 288 എന്ന സ്കോറിൽ എത്തുകയായിരുന്നു.
മറുപടി ബാറ്റിംഗിനിറങ്ങിയ അഫ്ഗാനിസ്ഥാന് തുടക്കത്തിൽ തന്നെ വിക്കറ്റുകൾ നഷ്ടമായിരുന്നു. കേവലം 43 റൺസ് സ്വന്തമാക്കുന്നതിനിടെ മുൻനിരയിലുള്ള 3 ബാറ്റർമാരെ അഫ്ഗാനിസ്ഥാന് നഷ്ടമായി.