ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മലയാളി താരം മിന്നു മണിയെ അഭിനന്ദിച്ച് സഞ്ജു സാംസൺ. സഞ്ചു സാംസണിന്റെ മെസ്സേജിന്‍റെ സ്‌ക്രീൻഷോട്ട് പങ്കുവച്ച മിന്നു തന്‍റെ നന്ദി അറിയിക്കുകയും ചെയ്തു. ബംഗ്ലാദേശിനെതിരെയുള്ള ടി20 പോരാട്ടത്തിലാണ് മിന്നു കുറിച്ചത്. മൂന്ന് ഓവർ എറിഞ്ഞ താരം 21 റണ്‍സ് വഴങ്ങി 1 വിക്കറ്റ് നേടി.
“ഹായ് മിന്നു..ഇന്ത്യൻ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിൽ വലിയ അഭിനന്ദനങ്ങൾ. തികച്ചും അവിശ്വസനീയമായ നേട്ടം. ഞങ്ങൾക്കെല്ലാം നിന്നെക്കുറിച്ച് അഭിമാനമുണ്ട്,” സഞ്ചു അയച്ച സന്ദേശം ഇങ്ങനെയായിരുന്നു. തന്‍റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ ”താങ്ക് യൂ ചേട്ടാ,” എന്ന് മിന്നു മണി നന്ദി അര്‍പ്പിച്ചു.
കേരളത്തിൽ നിന്നുള്ള ആദ്യ ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരമാണ് മിന്നു മണി. ബംഗ്ലാദേശ് ഓപ്പണർ ഷമീമ സുൽത്താനയെ പുറത്താക്കിയാണ് തന്‍റെ ആദ്യ അന്താരാഷ്ട്ര വിക്കറ്റ് വീഴ്ത്തിയത്. വരാനിരിക്കുന്ന മത്സരങ്ങളിൽ താരത്തിന്‍റെ പ്രകടനത്തിനായി കാത്തിരിക്കുകയാണ് മലയാളി ആരാധകര്‍.
പരമ്പരയിലെ രണ്ടാം മത്സരം ജൂലൈ 11 നാണ്. അവസാന മത്സരം 13 ന് നടക്കും. ആദ്യ മത്സരം 7 വിക്കറ്റിന് വിജയിച്ച് ഇന്ത്യ പരമ്പരയില്‍ മുന്നിലാണ്.