ചരിത്രപരമായ ഒരു നിമിഷത്തിലൂടെയാണ് മലയാളി വനിതാ ക്രിക്കറ്റർ മിന്നുമണി കടന്നുപോകുന്നത്. ഇംഗ്ലണ്ട് എ ടീമിനെതിരായ ഇന്ത്യ എ ടീമിന്റെ പരമ്പരയിൽ ടീമിനെ നയിക്കാനുള്ള സുവർണ്ണ അവസരമാണ് മിന്നുമണിക്ക് വന്നുചേർന്നിരിക്കുന്നത്. ഇതാദ്യമായാണ് ഒരു കേരള താരം രാജ്യാന്തര ക്രിക്കറ്റിൽ ഇന്ത്യൻ ടീമിന്റെ നായകയാവുന്നത്.
ഇത്തരമൊരു അവസരം ലഭിച്ചതിൽ തനിക്ക് അതിയായ സന്തോഷമുണ്ട് എന്ന് മിന്നുമണി പറയുകയുണ്ടായി. രാജ്യാന്തര ക്രിക്കറ്റിൽ ടീമിനെ നയിക്കുന്നത് വളരെ നല്ലൊരു അനുഭവം സമ്മാനിക്കും എന്നാണ് മിന്നുമണി കരുതുന്നത്. ഇത്തരമൊരു അവസരം ലഭിച്ചതിന് ദൈവത്തിനോട് നന്ദി പറയുന്നുവെന്നും മിന്നുമണി കൂട്ടിച്ചേർത്തു.
ഒരു പ്രമുഖ മാധ്യമത്തിനോട് സംസാരിക്കവേയാണ് മിന്നുമണി ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. “വളരെയധികം സന്തോഷമാണ് എനിക്കുള്ളത്. സ്ക്വാഡ് കണ്ടു കഴിഞ്ഞപ്പോൾ ഞാൻ വലിയൊരു ഞെട്ടലിൽ തന്നെയായിരുന്നു. എന്തായാലും ഒരുപാട് സന്തോഷം. ഇത്രയും പെട്ടെന്ന് തന്നെ ഇങ്ങനെയൊരു രീതിയിൽ എത്തുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നില്ല.
ഇതിനെ വളരെ നല്ലൊരു അവസരമായാണ് ഞാൻ കാണുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റിൽ ടീമിനെ ലീഡ് ചെയ്യുമ്പോൾ എന്തൊക്കെ അനുഭവങ്ങൾ ലഭിക്കും, എത്ര മികച്ച പ്രകടനങ്ങൾ നടത്താൻ സാധിക്കും എന്നൊക്കെ അറിയാൻ കഴിയും.”- മിന്നുമണി പറയുന്നു.
ഇംഗ്ലണ്ട് എ ടീമിനെതിരായ മൂന്ന് ട്വന്റി20 മത്സരങ്ങളടങ്ങുന്ന പരമ്പരയിലാണ് മിന്നുമണി ഇന്ത്യ എ ടീമിനെ നയിക്കുന്നത്. നവംബർ 29 ബുധനാഴ്ചയാണ് മത്സരം ആരംഭിക്കുന്നത്. ശേഷം ഡിസംബർ 1, ഡിസംബർ 3 തീയതികളിൽ മുംബൈയിലെ വാങ്കഡേ സ്റ്റേഡിയത്തിൽ
പരമ്പരയിലെ അവശേഷിക്കുന്ന മത്സരങ്ങളും നടക്കുന്നു. മിന്നുമണിയെ കൂടാതെ കനിക അഹൂജ, മോനിക്ക പട്ടേൽ എന്നീ സീനിയർ താരങ്ങളും ഇന്ത്യയുടെ ടീമിൽ അണിനിരക്കുന്നുണ്ട്. പരമ്പരയിൽ മികച്ച പ്രകടനങ്ങൾ പുറത്തെടുത്ത് ഇന്ത്യൻ ടീമിൽ സ്ഥിര സാന്നിധ്യമായി മാറാനുള്ള ശ്രമത്തിലാണ് മിന്നുമണി.
വയനാടുകാരിയായ മിന്നുമണി ഇന്ത്യക്കായി ഇതുവരെ 4 മത്സരങ്ങളിലാണ് കളിച്ചിട്ടുള്ളത്. ഇതിൽ നിന്ന് 5 വിക്കറ്റുകൾ സ്വന്തമാക്കാനും മിന്നുമണിക്ക് സാധിച്ചു. 2023 ജൂലൈയിൽ മിർപ്പൂരിൽ ബംഗ്ലാദേശിനെതിരായ മത്സരത്തിലായിരുന്നു മിന്നുമണി ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചത്.
ശേഷം ചൈനയിൽ നടന്ന ഏഷ്യൻ ഗെയിംസിൽ സ്വർണ മെഡൽ സ്വന്തമാക്കിയ ഇന്ത്യൻ ടീമിന്റെ ഭാഗമായിരുന്നു മിന്നുമണി. എന്തായാലും മിന്നുമണിയുടെ കരിയറിയിൽ വലിയൊരു കുതിച്ചുചാട്ടം തന്നെയാണ് ഈ സ്ക്വാഡ് സെലക്ഷൻ ഉണ്ടാക്കിയിരിക്കുന്നത്.