ഐപിഎല്ലിൽ കളിക്കാനാവത്തതാണ് പാകിസ്താന്റെ തകർച്ചയ്ക്ക് കാരണമെന്ന് മിക്കി ആർതർ.

fakhar saman

2023 ഏകദിന ലോകകപ്പിലെ പാക്കിസ്ഥാൻ ടീമിന്റെ മോശം പ്രകടനത്തിന് പുതിയ ന്യായങ്ങളുമായി പാക്കിസ്ഥാൻ ഡയറക്ടർ മിക്കി ആർതർ. പാക്കിസ്ഥാൻ ടീമംഗങ്ങൾക്ക് ഐപിഎല്ലിൽ കളിക്കാൻ അവസരം ലഭിക്കാതിരുന്നത് ലോകകപ്പിലെ പ്രകടനത്തിനെ ബാധിച്ചിട്ടുണ്ട് എന്നാണ് ആർതർ പറയുന്നത്. ഒരു പ്രമുഖ മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് ഉത്തരം നൽകുകയായിരുന്നു ആർതർ. എന്നാൽ താൻ അത് ഒരു ന്യായീകരണമായി പറയുകയല്ലയെന്നും ആർതർ പറഞ്ഞു. ഇന്ത്യൻ മൈതാനങ്ങളിൽ പാക്കിസ്ഥാൻ താരങ്ങൾക്ക് കളിക്കാൻ വേണ്ടരീതിയിൽ അവസരം ലഭിച്ചിരുന്നില്ലയെന്നും, അത് ലോകകപ്പിലെ പ്രകടനങ്ങളെ വലിയ രീതിയിൽ ബാധിച്ചുവെന്നും ആർതർ കൂട്ടിച്ചേർത്തു.

ലോകകപ്പിൽ നിലവിൽ വളരെ മോശം സാഹചര്യത്തിലാണ് പാക്കിസ്ഥാൻ. ഇനിയുള്ള മത്സരങ്ങളിലെല്ലാം വിജയം കാണുകയും മറ്റു ഫലങ്ങൾ അനുകൂലമായി വരികയും ചെയ്താൽ മാത്രമേ പാക്കിസ്ഥാന് സെമിഫൈനലിൽ പ്രവേശിക്കാൻ സാധിക്കൂ. “ഞാൻ ഒരു ന്യായീകരണമായി പറയുകയല്ല. ഇന്ത്യൻ പ്രീമിയർ ലീഗിൽ കളിക്കാൻ താരങ്ങൾക്ക് സാധിക്കാതിരുന്നത് ലോകകപ്പിലെ മോശം പ്രകടനത്തിന് ഒരു കാരണം തന്നെയാണ്. ഈ ലോകകപ്പിൽ ഞങ്ങൾ കളിക്കുന്ന ഓരോ ഗ്രൗണ്ടുകളും ഞങ്ങളുടെ കളിക്കാരെ സംബന്ധിച്ച് പുതിയ വേദികളാണ്. അത് കൂടുതൽ ആവേശം നൽകുന്നുണ്ട്. എന്നിരുന്നാലും പല സമയത്തും ഇത് ഞങ്ങളെ പിന്നിലോട്ടടിക്കുന്നുമുണ്ട്.”- ആർതർ പറഞ്ഞു.

Read Also -  ആവേശപോരാട്ടത്തിൽ ശ്രീലങ്കയ്ക്ക് വീണ്ടും തോൽവി.. ബംഗ്ലാദേശിന് മുമ്പിൽ മുട്ടുമടക്കിയത് 2 വിക്കറ്റുകൾക്ക്..

“ഈ മൈതാനങ്ങളിൽ നടക്കുന്ന മത്സരങ്ങൾ ഞങ്ങളുടെ കളിക്കാർ ടിവിയിൽ മാത്രമാണ് കണ്ടിട്ടുള്ളത്. ഇന്ത്യൻ പ്രീമിയർ ലീഗായാലും ഈഡൻ ഗാർഡൻസ്, ബാംഗ്ലൂർ, ചെന്നൈ, ഹൈദരാബാദ് എന്നീ വലിയ മൈതാനങ്ങളിൽ നടക്കുന്ന ടെസ്റ്റ് മത്സരങ്ങളായാലും താരങ്ങളൊക്കെയും ടിവിയിലാണ് കണ്ടിട്ടുള്ളത്. അതുകൊണ്ടു തന്നെ ഈ മൈതാനങ്ങളിൽ കളിക്കുക എന്നത് കൂടുതൽ ആവേശകരവും കൂടിയാണ്. ആദ്യമായാണ് ഞങ്ങളുടെ താരങ്ങൾ ഇവിടെ കളിക്കുന്നത്. അതിനാൽ തന്നെ സാഹചര്യങ്ങൾ മനസ്സിലാക്കാൻ അല്പം സമയം ആവശ്യമായി വരുന്നു.”- ആർതർ കൂട്ടിച്ചേർത്തു.

ഈ ടൂർണമെന്റിൽ ഇതുവരെ പാക്കിസ്ഥാൻ തങ്ങളുടെ കഴിവിനൊത്ത പ്രകടനം പുറത്തെടുത്തിട്ടില്ല എന്നാണ് ആർതർ പറഞ്ഞത്. “ഇനി ഞങ്ങൾ കളിക്കുന്ന ഓരോ മത്സരത്തിലും ഞങ്ങൾക്ക് വിജയിക്കേണ്ടതുണ്ട്. സത്യസന്ധമായി പറഞ്ഞാൽ ഇതുവരെയും ഈ ടൂർണമെന്റിൽ ഞങ്ങൾ കഴിവിനൊത്ത പ്രകടനം പുറത്തെടുത്തിട്ടില്ല. ബംഗ്ലാദേശിനെതിരായ മത്സരത്തിൽ മാത്രമാണ് ഞങ്ങൾ ഞങ്ങളുടെ പൂർണമായ ഗെയിംസ് സ്പിരിറ്റ് പുറത്തെടുത്തത്. മത്സരത്തിൽ ഞങ്ങൾ നന്നായി ബാറ്റ് ചെയ്യുകയും ബോൾ ചെയ്യുകയും ഫീൽഡ് ചെയ്യുകയുമുണ്ടായി. മറ്റു മത്സരങ്ങളിലൊക്കെയും ഒരു ഡിപ്പാർട്ട്മെന്റ് ശരിയാകുമ്പോൾ മറ്റൊരു ഡിപ്പാർട്ട്മെന്റ് മോശമാവുകയായിരുന്നു.”- ആർതർ പറഞ്ഞു വെക്കുന്നു.

Scroll to Top