ഇങ്ങനെയുള്ള പിച്ചിൽ കളിച്ചാൽ ഇന്ത്യയ്ക്ക് ലോകകപ്പ് കിട്ടും. പരിഹാസവുമായി മൈക്കിൾ വോൺ.

ഓസ്ട്രേലിയക്കെതിരായ ലോകകപ്പ് മത്സരത്തിൽ ഒരു തകര്‍പ്പൻ വിജയം തന്നെയാണ് ഇന്ത്യ സ്വന്തമാക്കിയത്. ആവേശം നിറഞ്ഞ മത്സരത്തിൽ 6 വിക്കറ്റുകൾക്ക് ആയിരുന്നു ഇന്ത്യയുടെ വിജയം. ഈ വിജയത്തിൽ പ്രധാന പങ്കുവഹിച്ചത് ഇന്ത്യയുടെ സ്പിന്നർമാർ തന്നെയാണ്. ഓസ്ട്രേലിയൻ ഇന്നിംഗ്സിന്റെ നിർണായ സമയത്ത് പന്തറിയാനെത്തിയ ഇന്ത്യൻ സ്പിന്നർമാർ ഓസ്ട്രേലിയൻ ബാറ്റർമാരെ ചുരുട്ടി കെട്ടുകയായിരുന്നു.

ഇത്തരത്തിൽ ഓസ്ട്രേലിയയെ കേവലം 199 റൺസിന് പുറത്താക്കുന്നതിൽ ഇന്ത്യൻ സ്പിന്നർമാർ പ്രധാന പങ്കുവഹിച്ചു. എന്നാൽ മത്സരത്തിന് ശേഷം ഇന്ത്യയെ വിമർശിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് മുൻ ഇംഗ്ലണ്ട് താരം മൈക്കിൾ വോൺ ഇപ്പോൾ.

ഇത്തരത്തിലുള്ള പിച്ചുകളിൽ കളിക്കുകയാണെങ്കിൽ ഇന്ത്യയ്ക്ക് ലോകകപ്പ് ലഭിക്കും എന്നാണ് മൈക്കിൾ വോൺ പറഞ്ഞത്. ‘ഈ പിച്ചുകളില്‍ ലോകകപ്പ് സ്വന്തമാക്കാൻ ഇന്ത്യ തന്നെയാണ് ഫേവറൈറ്റുകൾ എന്ന് ഇന്ത്യ കാണിച്ചുതരുന്നു’- മൈക്കിൾ തന്റെ ട്വിറ്ററിൽ കുറിച്ചു. എന്നാൽ വോണിന്റെ ഈ ട്വീറ്റിനെതിരെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത്.

സ്പിൻ പിച്ചുകളിൽ മാത്രമല്ല മറ്റു പിച്ചുകളിലും ലോകകപ്പ് നേടാൻ പ്രാപ്തിയുള്ള ടീമാണ് ഇന്ത്യ എന്ന് ആരാധകർ കമന്റായി സൂചിപ്പിച്ചിട്ടുണ്ട്. ഇന്ത്യയെ വിമർശിച്ച വോണിനെതിരെ തക്കതായ മറുപടി തന്നെയാണ് ആരാധകർ നൽകിയിരിക്കുന്നത്.

മത്സരത്തിലെ ഇന്ത്യൻ സ്പിന്നർമാരുടെ പ്രകടനത്തെ വോൺ വിലകുറച്ചു കാണുകയാണ് എന്ന് ആരാധകർ പറയുന്നു. മത്സരത്തിൽ തകർപ്പൻ ബോളിംഗ് പ്രകടനം തന്നെയായിരുന്നു ഇന്ത്യയുടെ സ്പിന്നർമാർ കാഴ്ചവച്ചത്. രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, രവിചന്ദ്രൻ അശ്വിൻ എന്നിവർ പിച്ചിൽ നിന്ന് ലഭിച്ച മുഴുവൻ ആനുകൂല്യങ്ങളും മുതലാക്കുകയായിരുന്നു. ഇതിൽ രവീന്ദ്ര ജഡേജയാണ് ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ചത്.

നിശ്ചിത 10 ഓവറുകളിൽ 28 റൺസ് മാത്രം വിട്ടുനൽകിയാണ് ജഡേജ മൂന്ന് വിക്കറ്റുകൾ സ്വന്തമാക്കിയത്. ജഡേജയ്ക്കൊപ്പം കുൽദീപ് രണ്ടു വിക്കറ്റുകളും അശ്വിൻ ഒരു വിക്കറ്റും സ്വന്തമാക്കുകയുണ്ടായി.

എന്നാൽ ഓസ്ട്രേലിയൻ നിരയിൽ സ്പിന്നർമാർക്ക് മത്സരത്തിൽ ഒരു വിക്കറ്റ് പോലും സ്വന്തമാക്കാൻ സാധിച്ചില്ല എന്നതാണ് വസ്തുത. ഗ്ലെൻ മാക്സ്വെൽ, ആദം സാമ്പ എന്നിവർ വിരാട് കോഹ്ലിയുടെയും രാഹുലിന്റെയും കയ്യിൽ നിന്ന് നന്നായി തല്ലു വാങ്ങി. എന്നാൽ ഒരു വിക്കറ്റ് പോലും മത്സരത്തിൽ നേടാൻ ഇവർക്ക് സാധിച്ചില്ല. ഈ സാഹചര്യത്തിലാണ് ഇന്ത്യയുടെ സ്പിന്നർമാർക്കെതിരെ അഭിനന്ദനങ്ങൾ ഉയർന്നത്. എന്നാൽ വോണിന്റെ ഈ അധിക്ഷേപം ആരാധകരെ ചൊടിപ്പിച്ചിട്ടുണ്ട്.

Previous article2019 സെമിയിൽ 5 റൺസിന് 3 വിക്കറ്റ്. ചെന്നൈയിൽ 2ന് 3. ആരാധകരെ ഭയപ്പെടുത്തിയ സമാന ബാറ്റിംഗ് തകർച്ച.
Next articleഞെട്ടിച്ചത് രാഹുലാണ്, ഒരു പിഴവുപോലും വരുത്താത്ത ഇന്നിങ്സ്. പ്രശംസകളുമായി ഗവാസ്കർ.