ഐപിൽ പതിനാലാം സീസണിന് പ്രതീക്ഷിച്ച പോലൊരു തുടക്കമല്ല സൺറൈസേഴ്‌സ് ഹൈദരാബാദ് ടീമിന് ലഭിക്കുന്നത് .സീസണിലെ ആദ്യ 3 മത്സരങ്ങളിലും ടീം ഇതിനകം തോൽവി വഴങ്ങി കഴിഞ്ഞു .ഇന്നലെ മുംബൈ ഇന്ത്യൻസ് എതിരായ മത്സരത്തിലും ടീം 13 റൺസിന്റെ തോൽവി വഴങ്ങി.
അവസരത്തിനൊത്തുയരാത്ത ബാറ്റിംഗ് നിരയാണ് ഹൈദരാബാദ് ടീമിനെ അലട്ടുന്ന പ്രധാന പ്രശ്‌നം .ഓപ്പണിങ്ങിൽ നായകൻ വാർണറും ബെയർസ്റ്റോയും മികച്ച തുടക്കങ്ങൾ നൽകിയിട്ടും അത് മുതലാക്കുവാൻ മധ്യനിരക്കോ അവസാന ഓവറുകളിൽ വമ്പൻ ഷോട്ടുകൾ കളിക്കുവാൻ താരങ്ങൾക്കും സാധിക്കുന്നില്ല എന്നതാണ് ഹൈദരാബാദ് ടീമിന്റെ തുടർ തോൽവിയുടെ പ്രധാന കാരണമായി ക്രിക്കറ്റ് ലോകവും വിലയിരുത്തുന്നത് .
ഇന്നലെ ബാറ്റിംഗ് ദുഷ്‌കരമായ ചെന്നൈ വിക്കറ്റിൽ മുംബൈ ഇന്ത്യൻസ് ഉയർത്തിയ 151 റൺസ് മറികടക്കുവാൻ ഇറങ്ങിയ ഹൈദരാബാദ് ടീമിന് മറുപടി ബാറ്റിംഗില്‍ ഗംഭീര തുടക്കമാണ് ഡേവിഡ് വാര്‍ണറും ജോണി ബെയര്‍സ്റ്റോയും സണ്‍റൈസേഴ്‌സിന് നല്‍കിയത്. പവര്‍പ്ലേയില്‍ ഇരുവരും 57 റണ്‍സ് ചേര്‍ത്തു. ബെയര്‍സ്റ്റോയായിരുന്നു കൂടുതല്‍ അപകടകാരി. എട്ടാം ഓവറിലെ രണ്ടാം പന്തില്‍ ക്രുനാലാണ് ഈ ഓപ്പണിങ് കൂട്ടുകെട്ട് പൊളിക്കുന്നത്. ശേഷം അവരുടെ വിക്കറ്റുകൾ തുടരെ നഷ്ടമാകുവാൻ തുടങ്ങി ഒപ്പം മുംബൈ ബൗളർമാർ റൺസ് വഴങ്ങാതെ കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീഴ്ത്തി .മുംബൈ നിരയിൽ ട്രെന്റ് ബോൾട് , രാഹുൽ ചഹാർ എന്നിവർ 3 വിക്കറ്റ് വീതം വീഴ്ത്തി .ഹാർദിക് പാണ്ട്യ 2 ഹൈദരബാദ് ബാറ്സ്മാന്മാരെ റൺഔട്ടാക്കി .
അതേസമയം ഇന്നലെ ഹൈദരാബാദ് ബാറ്റിങിനിടയിൽ ക്രിക്കറ്റ് പ്രേമികളെ ഏറെ ഞെട്ടിച്ച ഒരു സംഭവം അരങ്ങേറി .
മുംബൈക്കായി ബൗളിംഗ് ഓപ്പൺ ചെയ്ത ട്രെന്റ് ബോൾട് വെറും 2 റൺസ് മാത്രമാണ് ആദ്യ ഓവറിൽ വഴങ്ങിയത് .
എന്നാൽ താരത്തിന്റെ രണ്ടാം ഓവറിൽ ബെയർസ്‌റ്റോ ആദ്യ 4 പന്തിൽ തന്നെ 18 റൺസ് അടിച്ചെടുത്തു . ഓവറിലെ നാലാം പന്തിൽ ബെയർസ്‌റ്റോ അടിച്ച സിക്സ് ചെന്ന് വീണത് ഹൈദരബാദിന്റെ കൂൾ ഡ്രിങ്ക്‌സ് ഫ്രിഡ്ജിലായിരുന്നു.ഇംഗ്ലീഷ് ഓപ്പണർ വേഗതയിൽ സിക്സ് പറത്തിയ പന്ത് അതിവേഗം തന്നെ ഫ്രിഡ്ജിൽ വന്ന് പതിച്ച് ഗ്ലാസ് തകർത്തിട്ടുണ്ട്.