മുംബൈ ഇന്ത്യന്‍സിനെതിരെ പഞ്ചാബ് കിംഗ്സിനു 9 വിക്കറ്റ് വിജയം.

നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനെതിരെ പഞ്ചാബ് കിംഗ്സിനു 9 വിക്കറ്റ് വിജയം. മുംബൈ ഉയര്‍ത്തിയ 132 റണ്‍സ് വിജയലക്ഷ്യം 17.4 ഓവറില്‍ പഞ്ചാബ് കിംഗ്സ് മറികടന്നു. ചെറിയ വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബിനു വേണ്ടി അഗര്‍വാളും കെല്‍ രാഹുലും ചേര്‍ന്ന് പവര്‍പ്ലേയില്‍ 45 റണ്‍സ് കണ്ടെത്തി.

20 പന്തില്‍ 25റണ്‍സ് നേടിയ മായങ്ക് അഗര്‍വാളിനെ രാഹുല്‍ ചഹര്‍ പുറത്താക്കിയെങ്കിലും ക്രിസ് ഗെയ്ലും കെല്‍ രാഹുലും ചേര്‍ന്നു അനായാസം പഞ്ചാബിനെ വിജയത്തിലെത്തിച്ചു. 52 പന്തില്‍ 3 വീതം ഫോറും സിക്സുമായി കെല്‍ രാഹുല്‍ 60 റണ്‍സ് നേടി. 35 പന്തില്‍ 5 ഫോറും 2 സിക്സും സഹിതം ക്രിസ് ഗെയില്‍ 43 റണ്‍സ് നേടി.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ മുംബൈ ഇന്ത്യന്‍സിനു മോശം തുടക്കമാണ് ലഭിച്ചത്. രണ്ടാം ഓവറിൽ തന്നെ ക്വിൻ്റൺ ഡികോക്കിനെ (3) പുറത്താക്കിയ ഹൂഡ പഞ്ചാബിനു മികച്ച തുടക്കം നല്‍കി. ഒരു വിക്കറ്റ് വീണതോടെ പവര്‍പ്ലേയില്‍ റണ്‍ കണ്ടെത്താന്‍ വിഷമിച്ചു. 6 ഓവറില്‍ 21 റണ്‍സ് മാത്രമാണ് മുംബൈ ഇന്ത്യന്‍സിനു നേടാന്‍ സാധിച്ചത്.

17 പന്തുകളിൽ 6 റൺസെടുത്ത ഇഷാന്‍ കിഷനെ രവോ ബിഷ്ണോയി പുറത്താക്കി. രോഹിത് ശര്‍മ്മക്കൊപ്പം സൂര്യകുമാര്‍ യാദവ് എത്തിയതോടെ മുംബൈ ഇന്നിംഗ്സ് ചലിച്ചു. 79 റൺസാണ് മൂന്നാം വിക്കറ്റിൽ ഇരുവരും ചേര്‍ന്ന് കൂട്ടിചേര്‍ത്തത്. സൂര്യകുമാർ യാദവ് 33 റൺസ് നേടി. അധികം വൈകാതെ റണ്‍സ് ഉയര്‍ത്താനുള്ള ശ്രമത്തിനിടെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും പുറത്തായി. 52 പന്തില്‍ 5 ഫോറും 2 സിക്സും അടക്കം 63 റണ്ണാണ് രോഹിത് ശര്‍മ്മ നേടിയത്.

ഹർദ്ദിക് പാണ്ഡ്യ (1), കൃണാൽ പാണ്ഡ്യ (3) എന്നിവർ വേഗം മടങ്ങി. യഥാക്രമം അർഷ്ദീപ് സിംഗിനും മുഹമ്മദ് ഷമിക്കുമായിരുന്നു വിക്കറ്റ്. കീറോൺ പൊള്ളാർഡ് (16) പുറത്താവാതെ നിന്നു. പഞ്ചാബിനു വേണ്ടി ഷാമി, ബിഷ്നോയി എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി. അര്‍ഷദീപ്, ഹൂഡ എന്നിവര്‍ ഒരു വിക്കറ്റ് പങ്കിട്ടു.

Previous articleരാജസ്ഥാന്‍ റോയല്‍സിനു വീണ്ടും തിരിച്ചടി. ജൊഫ്രാ ആര്‍ച്ചര്‍ ഐപിഎല്ലില്‍ നിന്നും പുറത്ത്.
Next articleഅമ്പയറുടെ തെറ്റായ തീരുമാനത്തിൽ രോഷാകുലനായി രോഹിത് : ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച്‌ ഹിറ്റ്മാൻ കലിപ്പിലായി -കാണാം വീഡിയോ