രോഹിതിനെയും കോഹ്ലിയെയും അവരുടെ മോശം സമയത്തും ധോണി പിന്തുണച്ചു. സ്പൂൺ ഫീഡ് ചെയ്യാത്ത നായകനെന്ന് താക്കൂർ.

ലോകക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച നായകന്മാരിൽ ഒരാളാണ് മഹേന്ദ്ര സിംഗ് ധോണി. ഇന്ത്യയ്ക്കായി തന്റെ ക്രിക്കറ്റ് കരിയറിൽ ഒരുപാട് നേട്ടങ്ങൾ സ്വന്തമാക്കാൻ ധോണിയ്ക്ക് സാധിച്ചിട്ടുണ്ട്. മാത്രമല്ല ഇന്ത്യൻ പ്രീമിയർ ലീഗിലും ധോണിയുടെ മികവിലാണ് ചെന്നൈ സൂപ്പർ കിംഗ്സ് മുന്നേറാറുള്ളത്.

ഇപ്പോൾ മഹേന്ദ്ര സിംഗ് ധോണിയുടെ ക്യാപ്റ്റൻസിയിലെ ഏറ്റവും മികച്ച കാര്യങ്ങൾ തുറന്നു പറഞ്ഞിരിക്കുകയാണ് ഇന്ത്യൻ താരം ഷർദുൽ താക്കൂർ. ചെന്നൈ ടീമിൽ കളിക്കുമ്പോൾ ധോണി തനിക്ക് നൽകുന്ന ഉപദേശങ്ങളെ പറ്റിയാണ് താക്കൂർ തുറന്നു പറഞ്ഞിരിക്കുന്നത്. ഒരുതരത്തിലും സ്പൂൺ ഫീഡ് ചെയ്ത് കാര്യങ്ങൾ പറയുന്ന താരമല്ല മഹേന്ദ്ര സിംഗ് ധോണി എന്ന് താക്കൂർ പറയുകയുണ്ടായി.

എല്ലായിപ്പോഴും വിക്കറ്റിന് പിന്നിൽ നിന്ന് ബോളർമാരെ സഹായിക്കാൻ ധോണിയ്ക്ക് സാധിക്കാറുണ്ട് എന്നും താരം പറഞ്ഞു. “ധോണിക്കൊപ്പം കളിക്കുക എന്നത് എല്ലായിപ്പോഴും പ്രത്യേകതയുള്ള കാര്യമാണ്. കാരണം നമുക്ക് വളരാനായി അദ്ദേഹം ഒരുപാട് സഹായങ്ങൾ ചെയ്യും. നമ്മൾ നമ്മുടേതായ തന്ത്രങ്ങൾ മൈതാനത്ത് പ്രാവർത്തികമാക്കാൻ അദ്ദേഹം സഹായിക്കും.”

”ഒരിക്കലും ഒരു കാര്യത്തിലും അദ്ദേഹം സ്പൂൺ ഫീഡ് ചെയ്യാറില്ല. അതിനുള്ള കാരണവും അദ്ദേഹം പറയാറുണ്ട്. ‘ഒരുപക്ഷേ നാളെ ഞാൻ വിക്കറ്റിന് പിന്നിൽ ഉണ്ടാവില്ലായിരിക്കും. അങ്ങനെയുള്ളപ്പോൾ നിങ്ങൾ എന്തു ചെയ്യും. നിങ്ങൾ നിങ്ങളുടെ മുറിയിലേക്ക് പോകുക, കൃത്യമായി മത്സരത്തെപ്പറ്റി ആലോചിക്കുക, തന്ത്രങ്ങളുമായി തിരികെ വരുക. ആ തന്ത്രങ്ങൾ വിഫലമായാൽ മാത്രമേ ഞാൻ ഇടപെടൂ’. ഇങ്ങനെ ധോണി പറയാറുണ്ട്”- താക്കൂർ ചൂണ്ടിക്കാട്ടുന്നു.

നിലവിലെ ക്രിക്കറ്റിൽ മഹേന്ദ്ര സിംഗ് ധോണിയുടെയും ചെന്നൈ സൂപ്പർ കിംഗ്സിന്റെയും പ്രാധാന്യത്തെ പറ്റിയും താക്കൂർ സംസാരിക്കുകയുണ്ടായി. കോഹ്ലിയേയും രോഹിത് ശർമയെയും തങ്ങളുടെ ഏറ്റവും പ്രയാസകരമായ സമയത്ത് ധോണി ഒരുപാട് പിന്തുണച്ചിട്ടുണ്ട് എന്നും താക്കൂർ പറഞ്ഞു. “വലിയൊരു പൈതൃകം സ്വന്തമാക്കിയാണ് മഹേന്ദ്രസിംഗ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും മടങ്ങിയത്. 3 ഐസിസി ട്രോഫികൾ ധോണി സ്വന്തമാക്കുകയുണ്ടായി.

മാത്രമല്ല ഒരുപാട് യുവ താരങ്ങളെ ഇന്ത്യക്കായി അണിയിച്ചൊരുക്കാനും ധോണിയ്ക്ക് സാധിച്ചു. ഇപ്പോൾ ഇന്ത്യക്കായി മികച്ച പ്രകടനങ്ങൾ കാഴ്ചവെക്കുന്ന വിരാട് കോഹ്ലിയ്ക്കും രോഹിത് ശർമയ്ക്കും ഒരു മോശം സമയം ഉണ്ടായിരുന്നു. ടീമിൽ നിന്ന് ഒഴിവാക്കപ്പെടാനുള്ള സാഹചര്യങ്ങൾ ഉണ്ടായിരുന്നു. പക്ഷേ ആ സമയത്തൊക്കെയും ധോണി അവരെ പിന്തുണയ്ക്കുകയാണ് ചെയ്തത്. അതിനാലാണ് അവർക്ക് ഇപ്പോഴും മികവ് പുലർത്താൻ സാധിക്കുന്നതും.”- താക്കൂർ കൂട്ടിച്ചേർത്തു.

2025 ഇന്ത്യൻ പ്രീമിയർ ലീഗിൽ മഹേന്ദ്രസിംഗ് ധോണി കളിക്കുമോ എന്ന കാര്യം ഇപ്പോഴും ഉറപ്പായിട്ടില്ല. നിലവിൽ 42കാരനായ ധോണി 2024 ഐപിഎൽ സീസണോട് കൂടി വിട പറയുമെന്നാണ് എല്ലാവരും കരുതിയത്. പക്ഷേ ഇതുവരെയും ധോണി തന്റെ വിരമിക്കൽ പ്രഖ്യാപിച്ചിട്ടില്ല. ഒരുപക്ഷേ തനിക്ക് അനുകൂലമായ നിലനിർത്തൽ പോളിസികൾ ഉണ്ടായാൽ ധോണി ചെന്നൈ ടീമിൽ തന്നെ തുടരാൻ സാധ്യതയുണ്ട്. ഇതിനോടകം തന്നെ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ഒരു വലിയ ഐക്കൺ ആയി ധോണി മാറിക്കഴിഞ്ഞു.

Previous articleസൂര്യകുമാർ ഇന്ത്യൻ ക്യാപ്റ്റനാവാൻ കാരണം ആ ഐപിഎൽ ടീം. ഇന്ത്യയുടെ മുൻ ഫീൽഡിങ് കോച്ച് പറയുന്നു.
Next articleവിരാട് കോഹ്ലിയേക്കാൾ മികച്ച ബാറ്റർ രോഹിത് ശർമ. കാരണം പറഞ്ഞ് മുൻ പാക് താരം.