ഇന്ത്യ-ഓസ്ട്രേലിയ ബോർഡർ ഗവാസ്കർ ട്രോഫിയിലെ ആദ്യ ടെസ്റ്റിലെ ആദ്യ മത്സരത്തിൽ ഇന്ത്യ പിടിമുറുക്കിയിരിക്കുകയാണ്. ടോസ് നേടി ആദ്യം ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസ്ട്രേലിയയെ ഇന്ത്യ 177 റൺസിന് ഓൾ ഔട്ടാക്കി. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 77 റൺസ് എന്ന നിലയിൽ ആദ്യ ദിനം അവസാനിപ്പിച്ചു.
ഇന്ത്യക്ക് വേണ്ടി ക്രീസിൽ ഉള്ളത് നായകൻ രോഹിത് ശർമയും സ്പിന്നർ രവിചന്ദ്ര അശ്വിനുമാണ്. 69 പന്തുകളിൽ നിന്നും 56 റൺസുമായി അർദ്ധ സെഞ്ച്വറിയോടെ കുതിക്കുകയാണ് നായകൻ രോഹിത് ശർമ. 9 ഫോറുകളും ഒരു സിക്സറും പറത്തിയാണ് താരം തന്റെ അർദ്ധ സെഞ്ച്വറി പൂർത്തിയാക്കിയത്. ഓസ്ട്രേലിയൻ നായകൻ പാറ്റ് കമ്മിൻസാണ് ഇന്ത്യൻ നായകൻ്റെ ബാറ്റിംഗിന്റെ ചൂട് ശരിക്കും അറിഞ്ഞത്.
ഇപ്പോഴിതാ ഓസ്ട്രേലിയൻ നായകനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചു കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് മുൻ ഓസ്ട്രേലിയൻ ഓപ്പണർ മാത്യൂ ഹെയ്ഡൻ. നായകൻ മോശമായാണ് പന്ത് എറിഞ്ഞത് എന്നാണ് ഓസ്ട്രേലിയൻ ഓപ്പണർ പറഞ്ഞത്.”ഇന്ന് നായകനായ പാറ്റ് കമ്മിൻസ് മോശമായാണ് പന്തറിഞ്ഞത്. അദ്ദേഹത്തിന് ലെങ്ത്തിന്റെയും ലൈനിന്റെയും കാര്യത്തിൽ യാതൊരുവിധ പിടുത്തവും ഉണ്ടായിരുന്നില്ല.
പാറ്റിന് രോഹിത് ശർമ ഒരറ്റത്ത് ഉണ്ടാകുമ്പോൾ കാര്യങ്ങൾ കൈവിട്ടു പോകും എന്ന് അറിയില്ലേ. കമ്മിൻസിന് ഒരു നേട്ടവും ആദ്യ ദിവസം ഉണ്ടാക്കുവാൻ ആയിട്ടില്ല.”- മാത്യൂ ഹെയ്ഡൻ പറഞ്ഞു. നാല് ഓവറിൽ നിന്നും 6.80 ഇക്കോണമിയിൽ 27 റൺസ് ആണ് താരം വിട്ടുകൊടുത്തത്. നാലിന് മുകളിൽ ഇക്കോണമിയിൽ മറ്റൊരു ഓസ്ട്രേലിയൻ ബൗളറും ഇന്നലെ പന്തറിഞ്ഞിട്ടില്ല.