ഇന്ത്യ അവസാനമായി ഐസിസി ഇവന്റിൽ വിജയിച്ചത് 2013ലായിരുന്നു. 2013 ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റിൽ ധോണിയുടെ നേതൃത്വത്തിലാണ് ഇന്ത്യ അവസാനമായി കിരീടം ഉയർത്തിയത്. അതിനുശേഷം പല ടൂർണമെന്റുകളുടെ ഫൈനലുകളിലും സെമിഫൈനലുകളിലും എത്തിയെങ്കിലും അവസാന നിമിഷങ്ങളിൽ ഇന്ത്യയ്ക്ക് ചുവട് പിഴക്കുന്നതായിരുന്നു കാണാൻ സാധിച്ചത്. അതിനാൽ തന്നെ 2023 ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ നടക്കാൻ പോകുന്ന സാഹചര്യത്തിലും നിർഭാഗ്യം ഇന്ത്യയെ പിന്തുടരുമോ എന്ന സംശയം ആരാധകർക്കിടയിൽ പോലുമുണ്ട്. എന്നാൽ 2023 ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യ വിജയിക്കാനുള്ള സാധ്യതകൾ വളരെയേറെയാണ് എന്നാണ് മുൻ ഇന്ത്യൻ താരം രവി ശാസ്ത്രി പറയുന്നത്.
മത്സരത്തിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ടീം വിജയിക്കുമെന്നും, അതിനു മറ്റൊരു മാനദണ്ഡമില്ലെന്നും ശാസ്ത്രി പറയുന്നു. “നമ്മൾ മത്സരിക്കുക തന്നെ വേണം. ചില സമയങ്ങളിൽ ഭാഗ്യത്തിന്റെ രേഖ നമ്മുടെ വഴിയിലേക്ക് എത്തുകയും ചെയ്യണം. എന്നുവച്ചാൽ കഴിഞ്ഞ സമയങ്ങളിൽ നമ്മൾ മികച്ച പ്രകടനങ്ങളല്ല കാഴ്ചവച്ചത് എന്നല്ല ഞാൻ ഉദ്ദേശിച്ചത്. സമീപകാലത്ത് ഇന്ത്യ നന്നായിത്തന്നെ കളിച്ചിട്ടുണ്ട്. എന്നാൽ ഭാഗ്യം എന്നത് നമ്മുടെ വഴിയിൽ എത്തിയില്ല. നിലവിലെ ഇന്ത്യൻ ടീം ഐസിസി കിരീടം വിജയിക്കാൻ ശേഷിയുള്ള ടീമാണ് എന്ന കാര്യത്തിൽ എനിക്ക് വിശ്വാസമുണ്ട്. ഇന്ത്യയുടെ കോച്ച് ആയിരുന്നപ്പോഴും ഞാൻ അക്കാര്യം വ്യക്തമാക്കിയിരുന്നു. പ്രത്യേകിച്ച് കഴിഞ്ഞ 3-4 വർഷങ്ങളിൽ ഇന്ത്യ കെട്ടിപ്പടുത്ത ടീം ഐസിസി ട്രോഫികൾ വിജയിക്കാൻ എല്ലാംകൊണ്ടും സാധ്യതയുള്ള ടീമാണ്. ആ കളിക്കാരൊക്കെയും ഇപ്പോഴും ടീമിലുണ്ട്.”- ശാസ്ത്രി പറയുന്നു.
“എല്ലാവരും പറയുന്നത് ഓസ്ട്രേലിയയാണ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ വിജയിക്കാൻ സാധ്യതയുള്ള ടീമെന്നാണ്. അങ്ങനെ ഒരു വികാരമുണ്ടാകാൻ പ്രധാനകാരണം മത്സരം നടക്കുന്നത് ഇംഗ്ലണ്ടിലാണ് എന്നത് തന്നെയാണ്. പക്ഷേ ഇത് ഒരു ടെസ്റ്റിന്റെ മാത്രം കാര്യമാണ്. ഒരു മോശം ദിവസം മതി നമ്മളുടെ വിധി പൂർണമായും മാറ്റിയെഴുതാൻ. അതുകൊണ്ടുതന്നെ ഓസ്ട്രേലിയയും വളരെ സൂക്ഷിച്ചു തന്നെ കളിക്കേണ്ടതുണ്ട്.”- ശാസ്ത്രി കൂട്ടിച്ചേർക്കുന്നു.
ജൂൺ 7ന് ഇംഗ്ലണ്ടിലെ ഓവലിലാണ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ നടക്കുന്നത്. കരുത്തരായ ഓസ്ട്രേലിയയെ നേരിടാനുള്ള വലിയ തയ്യാറെടുപ്പുകളിൽ തന്നെയാണ് ഇന്ത്യ ഇപ്പോൾ. ഇന്ത്യൻ പ്രീമിയർ ലീഗ് അവസാനിക്കുന്നതിന് മുൻപ് തന്നെ പല ഇന്ത്യൻ താരങ്ങളും തയ്യാറെടുപ്പിനായി ഇംഗ്ലണ്ടിലേക്ക് തിരിച്ചിരുന്നു. കഴിഞ്ഞവർഷത്തെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇടംപിടിച്ചിരുന്നെങ്കിലും ന്യൂസിലാൻഡിനെതിരെ ഇന്ത്യ പരാജയപ്പെടുകയുണ്ടായി. ഇത്തരം പിഴവുകൾ തിരുത്തി വമ്പൻ വിജയം സ്വന്തമാക്കാൻ തന്നെയാണ് ഇന്ത്യയുടെ നിലവിലെ ശ്രമം.