തന്റെ ശൈലി മാറ്റിവയ്ച്ച് സഞ്ജു ടീമിനായി കളിക്കുന്നു. അഭിനന്ദനങ്ങളുമായി മുൻ ഇന്ത്യൻ താരം.

GB35G8tWwAA0Sjy 1

ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ഏകദിന മത്സരത്തിൽ സെഞ്ച്വറി സ്വന്തമാക്കിയ സഞ്ജു സാംസനെ അങ്ങേയറ്റം അഭിനന്ദിച്ച് മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കർ. സഞ്ജുവിന്റെ തകർപ്പൻ സെഞ്ച്വറിയുടെ ബലത്തിലായിരുന്നു ഇന്ത്യ മൂന്നാം മത്സരത്തിൽ 78 റൺസിന്റെ വമ്പൻ വിജയം സ്വന്തമാക്കിയത്. മത്സരത്തിൽ 114 പന്തുകളിൽ 108 റൺസാണ് സഞ്ജു നേടിയത്. 6 ബൗണ്ടറികളും 3 സിക്സറുകളും സഞ്ജുവിന്റെ ഇന്നിങ്സിൽ ഉൾപ്പെട്ടു. സഞ്ജുവിനെ സംബന്ധിച്ച് വളരെ ആശ്വാസം നൽകുന്ന ഇന്നിംഗ്സ് തന്നെയാണ് മത്സരത്തിൽ പിറന്നത്. മത്സരത്തിലെ സഞ്ജുവിന്റെ ഇന്നിങ്സിനെ ഒരുപാട് അഭിനന്ദിച്ചാണ് സഞ്ജയ് മഞ്ജരേക്കർ സംസാരിച്ചത്.

മത്സരത്തിലെ സഞ്ജുവിന്റെ ഇന്നിംഗ്സ് ഒരുപാട് പ്രശംസകൾ അർഹിക്കുന്നു എന്ന് മഞ്ജരേക്കർ പറയുന്നു. “സഞ്ജു മത്സരത്തിൽ 80 പന്തുകളിൽ 100 റൺസ് നേടി ജ്വലിക്കുന്ന പ്രകടനം കാഴ്ചവച്ചിരുന്നുവെങ്കിൽ നമ്മൾ അദ്ദേഹത്തെ അഭിനന്ദിച്ചേനെ. പക്ഷേ ഇവിടെ കാര്യങ്ങൾ വ്യത്യസ്തമാണ്. മത്സരത്തിന്റെ അഞ്ചാം ഓവറിലാണ് സഞ്ജു സാംസൺ ക്രീസിലെത്തിയത്. 44ആം ഓവറിലാണ് സഞ്ജു തന്റെ സെഞ്ച്വറി സ്വന്തമാക്കിയത്. പൂർണ്ണമായും ടീമിനായാണ് സഞ്ജു കളിച്ചത്. തന്റെ സ്വതസിദ്ധമായ ശൈലിയിൽ നിന്നും മാറി ടീമിനായി കളിക്കാൻ അവന് സാധിച്ചു. അതുകൊണ്ടുതന്നെ ഞാൻ സഞ്ജുവിനെ ഇത്തവണ കൂടുതൽ പ്രശംസിക്കുകയാണ്.”- മഞ്ജരേക്കർ തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ ചേർത്തു.

See also  "റൺചേസിനിടെ കുറച്ച് ടെൻഷനടിച്ചു. മത്സരത്തിലെ വിജയത്തിൽ സന്തോഷം." - സഞ്ജു സാംസൺ പറയുന്നു.

മാത്രമല്ല പരമ്പരയിലെ ഇന്ത്യയുടെ ഏറ്റവും വലിയ കണ്ടുപിടുത്തം സഞ്ജു സാംസനാണ് എന്നും മഞ്ജരേക്കർ പറയുകയുണ്ടായി. “ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ ഇന്ത്യയുടെ വലിയ കണ്ടുപിടുത്തം സഞ്ജു സാംസൺ തന്നെയാണ്. എന്തെന്നാൽ ഒരുപാട് വർഷങ്ങളായി സഞ്ജുവിന്റെ ഇത്തരത്തിൽ മികച്ച ഒരു ഇന്നിങ്സിനായി നമ്മൾ കാത്തിരിക്കുന്നു.”- മഞ്ജരേക്കർ പറഞ്ഞു.

മുൻപ് സഞ്ജുവിനെ ഇന്ത്യ ഏകദിന ലോകകപ്പിനുള്ള സ്ക്വാഡിൽ നിന്നും മാറ്റി നിർത്തിയിരുന്നു. സഞ്ജുവിന് പകരം ഇഷാൻ കിഷനെയും സൂര്യകുമാർ യാദവിനെയുമാണ് ഇന്ത്യ ലോകകപ്പിനായി തിരഞ്ഞെടുത്തത്. 55 റൺസ് കരിയർ ശരാശരി ഉണ്ടായിട്ടും സഞ്ജുവിനെ മാറ്റി നിർത്തിയതിനെതിരെ വലിയ രീതിയിലുള്ള പ്രതിഷേധം ഉയർന്നിരുന്നു.

ഇതിന് ശേഷമാണ് ഇപ്പോൾ സഞ്ജു തട്ടുപൊളിപ്പൻ ഇന്നിങ്സുമായി തിരിച്ചുവരവ് നടത്തിയിരിക്കുന്നത്. കഴിഞ്ഞ 3-4 മാസങ്ങളിൽ താൻ വലിയ രീതിയിൽ മാനസികമായി കഠിനപ്രയത്നം നടത്തിയിട്ടുണ്ട് എന്ന് സഞ്ജു സാംസൺ പറയുകയുണ്ടായി. തന്റെ രാജ്യത്തിനായി ഇത്ര മികച്ച ഇന്നിംഗ്സ് കാഴ്ചവയ്ക്കാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ട് എന്നും സഞ്ജു പറഞ്ഞിരുന്നു. മത്സരത്തിന്റെ മധ്യ ഓവറുകളിൽ ബൗണ്ടറികൾ കണ്ടെത്തുക എന്നതിലുപരി ക്രീസിൽ നിലയുറക്കാനാണ് താൻ ശ്രമിച്ചത് എന്നും സഞ്ജു പറയുകയുണ്ടായി. സഞ്ജു ആരാധകരെ സംബന്ധിച്ച് വലിയ ആശ്വാസം നിറഞ്ഞ പ്രകടനമാണ് മത്സരത്തിൽ പിറന്നിരിക്കുന്നത്.

Scroll to Top