മാനന്തവാടിയിലെ ആ സ്ഥലം ഇനി “മിന്നുമണി ജംഗ്ഷൻ”. ആദരസൂചകമായി പേര് മാറ്റി നഗരസഭ.

അന്താരാഷ്ട്ര വനിതാ ക്രിക്കറ്റിൽ കേരളത്തിന്റെ അഭിമാനമായി മാറിയിരിക്കുകയാണ് വയനാട്ടുകാരി മിന്നുമണി. ബംഗ്ലാദേശിനെതിരായ ട്വന്റി20 പരമ്പരയിൽ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന് വേണ്ടി മിന്നുമണി അരങ്ങേറ്റം കുറിച്ചിരുന്നു. പരമ്പരയിൽ തകർപ്പൻ പ്രകടനമാണ് ഈ കേരള താരം പുറത്തെടുത്തത്. മൂന്നു മത്സരങ്ങളിൽ നിന്ന് അഞ്ച് വിക്കറ്റുകൾ ആയിരുന്നു മിന്നുമണി കൊയ്തത്. പരമ്പരയിൽ ഏറ്റവുമധികം വിക്കറ്റുകൾ സ്വന്തമാക്കിയ താരമായും മിന്നുമണി മാറി. ഇതിന് പിന്നാലെ മിന്നുമണിയെ ആദരിക്കാൻ ഒരുങ്ങുകയാണ് മിന്നുമണിയുടെ സ്വന്തം നാട്ടുകാർ. മാനന്തവാടിയിലെ മൈസൂർ റോഡ് ജംഗ്ഷന് മിന്നുമണിയുടെ പേര് നൽകാൻ തയ്യാറായിരിക്കുകയാണ് നഗരസഭ ഇപ്പോൾ. യോഗം കൂടിയാണ് കൗൺസിൽ ഇക്കാര്യം തീരുമാനിച്ചത്.

മൈസൂർ റോഡിന് സമീപത്ത് ഉണ്ടയങ്ങാടി-ഇടപ്പള്ളി സ്വദേശിനിയാണ് മിന്നുമണി. ഇന്ത്യൻ ടീമിൽ മികച്ച പ്രകടനം കാഴ്ചവച്ച മിന്നു മണിയോടുള്ള ആദരസൂചകമായിയാണ് മാനന്തവാടി – മൈസൂർ റോഡിന് മിന്നുമണി ജംഗ്ഷൻ എന്ന പേരിടാൻ നഗരസഭ തയ്യാറായിരിക്കുന്നത്. ഈ സ്ഥലത്ത് മിന്നു മണി ജംഗ്ഷൻ എന്ന ബോർഡ് സ്ഥാപിക്കുമെന്നും നഗരസഭ അധികൃതർ അറിയിച്ചിട്ടുണ്ട്. എന്തായാലും തങ്ങളുടെ നാട്ടുകാരി അന്താരാഷ്ട്ര തലത്തിൽ വലിയ പ്രകടനം കാഴ്ചവച്ചതിന്റെ സന്തോഷത്തിലാണ് മാനന്തവാടി നിവാസികൾ. തന്റെ അരങ്ങേറ്റ മത്സരത്തിൽ തന്നെ മികച്ച പ്രകടനം കാഴ്ചവച്ചതോടെ മാനന്തവാടി- എടപ്പാടി- ചോയിമൂല ഗ്രാമത്തിലെ നിവാസികൾ മിന്നുവിനായി ഒരുപാട് സ്വീകരണ പരിപാടികൾ ഒരുക്കിയിരുന്നു.

കളിച്ച ആദ്യ മത്സരത്തിൽ തന്നെ തങ്ങളുടെ മകൾക്ക് വിക്കറ്റ് നേടാൻ സാധിച്ചതിന്റെ സന്തോഷം മിന്നുവിന്റെ മാതാപിതാക്കളായ വസന്തയും മണിയും അറിയിക്കുകയുണ്ടായി. തങ്ങളുടെ മൊബൈൽ ഫോണിലാണ് മിന്നുവിന്റെ അരങ്ങേറ്റ മത്സരം കണ്ടത് എന്ന് രക്ഷകർത്താക്കൾ മുൻപ് അറിയിച്ചിരുന്നു. ഇതിന് പിന്നാലെ ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യയുടെ വനിതാ ടീമിലേക്കും ഇപ്പോൾ മിന്നുമണിയെ തിരഞ്ഞെടുത്തിട്ടുണ്ട്. അതിന്റെ സന്തോഷവും മിന്നുവിന്റെ നാട്ടുകാർ പങ്കുവെക്കുന്നുണ്ട്.

എന്തായാലും വയനാടിനെ സംബന്ധിച്ചും, കേരളത്തിനെ സംബന്ധിച്ചും വളരെ അഭിമാനകരമായ നിമിഷങ്ങൾ തന്നെയാണ് മിന്നുമണി സമ്മാനിച്ചിട്ടുള്ളത്. സഞ്ജു സാംസനു ശേഷം ഇന്ത്യൻ ക്രിക്കറ്റിൽ കേരളത്തിൽ നിന്ന് വിപ്ലവം സൃഷ്ടിക്കാൻ തയ്യാറാവുകയാണ് മിന്നുമണി. ആദ്യ മത്സരത്തിനുശേഷം സഞ്ജു സാംസൺ മിന്നുമണിക്ക് ആശംസകൾ അറിയിക്കുകയും ചെയ്തിരുന്നു. ഏഷ്യൻ ഗെയിംസിലും മികച്ച പ്രകടനങ്ങൾ പുറത്തെടുക്കാനായാൽ മിന്നുമണിക്ക് ഇന്ത്യൻ ടീമിലെ സ്ഥാനം ഊട്ടിയുറപ്പിക്കാൻ സാധിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.