പാക്കിസ്ഥാനെതിരായ ഇന്ത്യയുടെ ലോകകപ്പ് മത്സരത്തിൽ ഒരു തകർപ്പൻ പ്രകടനമായിരുന്നു ഇന്ത്യൻ നിര കാഴ്ചവച്ചത്. മത്സരത്തിൽ 7 വിക്കറ്റുകളുടെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ പാക്കിസ്ഥാനെ കേവലം 191 റൺസിന് ഓൾഔട്ടാക്കാൻ ഇന്ത്യൻ ബോളിഗ് നിരയ്ക്ക് സാധിച്ചിരുന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്കായി രോഹിത് ശർമയും ശ്രേയസ് അയ്യരും മികവ് പുലർത്തുകയായിരുന്നു. ഇങ്ങനെ മത്സരത്തിൽ ഇന്ത്യ 7 വിക്കറ്റുകളുടെ വിജയം സ്വന്തമാക്കി. മത്സരത്തിൽ ഇന്ത്യയുടെ ബോളിങ്ങിൽ പ്രധാന സംഭാവന നൽകിയ താരമാണ് ജസ്പ്രീറ്റ് ബൂമ്ര. മത്സരത്തിലെ പ്ലയർ ഓഫ് ദി മാച്ചായും ബൂമ്രയെ തിരഞ്ഞെടുത്തിരുന്നു. മത്സരത്തിൽ തന്റെ ബോളിംഗ് പ്രകടനത്തെപ്പറ്റി ബുമ്ര സംസാരിക്കുകയുണ്ടായി.
“മത്സരത്തിലെ പ്രകടനം ഒരുപാട് സന്തോഷം നൽകുന്നതാണ്. മൈതാനത്ത് എത്തിയ ഉടനെ തന്നെ വിക്കറ്റ് ഏതു തരത്തിലുള്ളതാണ് എന്ന് വിശകലനം ചെയ്യാനാണ് ഞാൻ ശ്രമിച്ചത്. ആദ്യം തന്നെ വിക്കറ്റ് സ്ലോവാണ് എന്ന് ഞങ്ങൾ വിലയിരുത്തിയിരുന്നു. ശേഷം ഹാർഡ് ലെങ്തുകൾ എറിയുന്നതിലാണ് ഞങ്ങൾ ശ്രദ്ധിച്ചത്. പാക്കിസ്ഥാൻ ബാറ്റർമാർക്ക് റൺസ് കണ്ടെത്തുക എന്നത് ഏറ്റവും പ്രയാസകരമായി മാറ്റുക എന്നതായിരുന്നു ഞങ്ങളുടെ ലക്ഷ്യം.”- ബൂമ്ര പറഞ്ഞു. മത്സരത്തിൽ എങ്ങനെയാണ് അതിവേഗം വിക്കറ്റിനെ സംബന്ധിച്ച് മനസ്സിലാക്കിയത് എന്നും ബൂമ്ര പറയുകയുണ്ടായി.
“മത്സരങ്ങളിലെ പിച്ചുകളെ പറ്റി പെട്ടെന്നു തന്നെ മനസ്സിലാക്കാൻ എനിക്ക് സാധിക്കാറുണ്ട്. ചെറുപ്പത്തിൽ തന്നെ ഞാൻ ഇതേ സംബന്ധിച്ചുള്ള ചോദ്യങ്ങൾ പലരോടും ചോദിച്ചിരുന്നു. അതെനിക്ക് സഹായകരമായി മാറി. ഇപ്പോൾ ഞാൻ പരിചയസമ്പന്നനായ താരമാണ്. എന്റെ ചെറുപ്രായത്തിൽ പിച്ചിനെ സംബന്ധിച്ച് ഞാൻ ചോദിക്കുന്ന പല ചോദ്യങ്ങളും സീനിയർ താരങ്ങൾക്ക് പോലും വിരക്തി ഉണ്ടാക്കിയിട്ടുണ്ട്. പക്ഷേ അവരുടെ മറുപടികൾ എനിക്ക് കൃത്യമായി വിക്കറ്റിനെ മനസ്സിലാക്കാനും വ്യത്യസ്ത ഓപ്ഷനുകൾ പരിശോധിക്കാനും അവസരം നൽകി.”- ബൂമ്രാ കൂട്ടിച്ചേർത്തു.
മത്സരത്തിൽ മുഹമ്മദ് റിസ്വാന്റെ വിക്കറ്റെടുത്ത ബോളിനെ പറ്റിയും ബുമ്ര സംസാരിച്ചു. “മധ്യ ഓവറുകൾ എറിയുന്ന സമയത്ത് ജഡേജയുടെ ബോൾ ടേൺ ചെയ്യുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു. പിച്ചിൽ നിന്ന് വലിയ ടേൺ ലഭിച്ചില്ലെങ്കിലും ചെറുതായി സഹായം ലഭിക്കുന്നുണ്ടായിരുന്നു. അതിനാൽ തന്നെ ഞാൻ എന്റെ സ്ലോ ബോളുകളും പുറത്തെടുക്കാൻ ശ്രമിച്ചു. എന്റെ സ്ലോ ബോളുകളെ ഞാൻ ഒരു സ്പിന്നറുടെ സ്ലോ ബോളായി തന്നെയാണ് കാണുന്നത്. അത് ഇത്തവണ വിജയകരമായി മാറി. ശതാബിനെ പുറത്താക്കിയത് ഒരു റിവേഴ്സ് സിംഗ് പന്തിലൂടെയായിരുന്നു. ചില സമയങ്ങളിൽ പന്ത് റിവേഴ്സ് സിംഗും ചെയ്യുന്നുണ്ടായിരുന്നു.”- ബൂമ്ര പറഞ്ഞുവെക്കുന്നു.